കറാച്ചി: മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ ഹിന്ദു അദ്ധ്യാപകന് കോടതി 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അര ലക്ഷം രൂപ പിഴയുമുണ്ട്. നോതന്‍ ലാല്‍ എന്ന അദ്ധ്യാപകനെതിരെ സുക്കൂറിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി മുര്‍താസ സോളംഗിയാണ് വിധി പുറപ്പെടുവിച്ചത്. 2019 മുതല്‍ വിചാരണത്തടവുകാരനായി ജയിലിലാണ് ഇദ്ദേഹം.ജാമ്യാപേക്ഷകളെല്ലാം കോടതി തള്ളിയിരുന്നു.
ഹിന്ദു അദ്ധ്യാപകന്‍ പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം ഉന്നയിച്ചത് മുഹമ്മദ് ഇബ്തിസാം എന്ന പതിനൊന്നാം ക്ലാസ് വിദ്യര്‍ത്ഥിയാണ്. ആരോപണത്തിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ഈ വിദ്യാര്‍ത്ഥിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടിയുടെ വീഡിയോയ്ക്ക് പിന്നാലെ ജമാത്ത്-ഇ- അഹ്ലെ സുന്നത്ത് പാര്‍ട്ടി നേതാവ് മുഫ്തി അബ്ദുള്‍ കരീം സഈദി ഇദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി നല്‍കി.
വാര്‍ത്ത പ്രചരിച്ചതോടെ ഘോട്ട്കി ജില്ലയില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇസ്ലാമിക മതമൗലികവാദികള്‍ ഒരു ക്ഷേത്രം ആക്രമിക്കുകയും വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.കടകള്‍ കൊള്ളയടിക്കപ്പെട്ടു. അതേസമയം വ്യക്തിവൈരാഗ്യങ്ങളുടേയും ഭൂമി തര്‍ക്കങ്ങളുടേയും പേരില്‍ പോലും ആളുകള്‍ മതനിന്ദാ നിയമം പലപ്പോഴും ദുരുപയോഗം ചെയ്യന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു. 2019 സെപ്റ്റംബറില്‍ നോതന്‍ ലാലിനെ അറസ്റ്റ് ചെയ്തു.സ്‌കൂള്‍ ഉടമയും സര്‍ക്കാര്‍ കോളേജില്‍ ഫിസിക്‌സ് അദ്ധ്യാപകനും കൂടിയാണ് ഇദ്ദേഹം.
പാകിസ്താനില്‍ മത നിന്ദ നടത്തിയെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ നഴ്സുമാര്‍ക്കെതിരെ കഴിഞ്ഞ ഏപ്രിലില്‍ ആക്രമണം നടന്നു. ഫെസലാബാദിലെ സിവില്‍ ആശുപത്രിയിയിലെ ജൂനിയര്‍ നഴ്സുമാരായ മറിയം ലാല്‍, നെവേഷ് അരൂജ് എന്നിവരെയാണ് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്.ഇരുവര്‍ക്കും പരിക്കേറ്റു.ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരാണ് ഇരുവരെയും ആക്രമിച്ചത്. ആശുപത്രിയിലെ സൈക്കാട്രിക് വാര്‍ഡില്‍ തൂക്കിയിട്ടിരുന്ന പഴയ ഖുറാന്‍ വാചകങ്ങള്‍ സീനിയര്‍ നഴ്സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും നീക്കം ചെയ്തിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
ഖുറാന്‍ വാചകങ്ങള്‍ നീക്കം ചെയ്തതിന് നഴ്സുമാര്‍ക്കെതിരെ മതനിന്ദയ്ക്ക് പോലീസ് കേസ് എടുത്തു. ആശുപത്രിയിലെ ഇസ്ലാംമത വിശ്വാസികളായ ജീവനക്കാരുടെ പരാതിയിലാണ് നടപടി. പ്രവാചക നിന്ദ നടത്തിയ നഴ്സുമാരെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ ആശുപത്രിയ്ക്ക് മുന്‍പില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
വര്‍ഗീയ ആക്രമണം തുടര്‍ക്കഥ
പാകിസ്താനില്‍ വിദേശ ബന്ധമുള്ള പൗരന്മാര്‍ക്ക് നേരെയുള്ള മതമൗലികവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. 1947 മുതല്‍ രാജ്യത്ത് ആകെ 1,415 ദൈവനിന്ദാ കേസുകളുണ്ടായി. ഇതില്‍ പലതിലും പ്രതികള്‍ ന്യൂനപക്ഷ വിഭാഗക്കാരായ ക്രൈസ്തവരും ഹിന്ദുക്കളുമാണ്. മതനിന്ദാ കേസുകളില്‍ വധ ശിക്ഷയും വിധിക്കുന്നു കോടതികള്‍. പ്രവാചകനെ ആക്ഷേപിച്ചെന്ന പ്രചാരണത്തിന്റെ പേരില്‍ ശ്രീലങ്കന്‍ പൗരനെ പാക് പഞ്ചാബിലെ സിയാല്‍കോട്ടിലുള്ള വാസിറാബാദ് റോഡിലിട്ട് ഡിസംബറില്‍ പരസ്യമായി ജനക്കൂട്ടം കൊലപ്പെടുത്തി.മൃതദേഹം റോഡിലിട്ട് തന്നെ കത്തിച്ചു.
സ്വകാര്യ ഫാക്ടറിയിലെ എക്സ്പോര്‍ട്ട് മാനേജറായിരുന്ന പ്രിയന്ത കുമാരയെ ഫാക്ടറിയിലെ ജോലിക്കാര്‍ ചേര്‍ന്നാണ് തല്ലിക്കൊന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാനസിക രോഗിയെ വിട്ടുകിട്ടാന്‍ മതമൗലികവാദികള്‍ ചേര്‍ന്ന് പോലീസ് സ്റ്റേഷന്‍ കത്തിച്ച വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാകിസ്താനില്‍ ഇസ്ലാമിനെ നിന്ദിക്കുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്.
തിങ്ക് ടാങ്ക് ആയ റിസര്‍ച്ച് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് സെന്ററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 1947 മുതല്‍ 2021 വരെ മതനിന്ദയുടെ പേരില്‍ 18 സ്ത്രീകളും 71 പുരുഷന്മാരും അന്യായമായി കൊല്ലപ്പെട്ടു.'എല്ലാ മതനിന്ദ കേസുകളും പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ യഥാര്‍ത്ഥ എണ്ണം കൂടുതലാണെന്ന് വിശ്വസിക്കപ്പെടുന്നു,' 70 ശതമാനത്തിലധികം കേസുകളും പഞ്ചാബില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.