പെര്‍ത്ത്: പ്രണയത്തിനു പ്രായമില്ലെന്ന പ്രയോഗം ചിലരുടെയെങ്കിലും കാര്യത്തില്‍ ശരിയാണ്. ഒരുമിച്ചു ജീവിക്കാനായി ഡിമെന്‍ഷ്യ ബാധിച്ച പങ്കാളിയെ നഴ്സിംഗ് ഹോമില്‍ നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച വയോധികന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായി. റാല്‍ഫ് ഗിബ്‌സ് എന്ന 80 വയസുകാരനാണ് പെര്‍ത്തിലെ മണ്ഡുറ നഴ്സിംഗ് ഹോമില്‍ കഴിയുന്ന 84 വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇതിനായി വലിയ ആസൂത്രണമാണ് ഇയാള്‍ നടത്തിയത്.
പെര്‍ത്തില്‍നിന്ന് ക്വീന്‍സ് ലന്‍ഡിലേക്കു കാറില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റുണ്ടായത്. ജനുവരി രണ്ടിന് വയോജന പരിചരണ കേന്ദ്രത്തില്‍നിന്ന് 84 വയസുകാരിയായ കരോള്‍ ലിസ്ലെയെ കൂട്ടിക്കൊണ്ടുപോയി രണ്ട് ദിവസത്തിന് ശേഷമാണ് റാല്‍ഫ് ഗിബ്സ് അറസ്റ്റിലാകുന്നത്. വീല്‍ചെയറില്‍ ജീവിക്കുന്ന കരോളിന് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്.
റാല്‍ഫ് ഗിബ്സ് കോടതിയില്‍
കൊടും ചൂടില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലൂടെ സഞ്ചരിച്ച ഇരുവരെയും നോര്‍ത്തേണ്‍ ടെറിട്ടറി അതിര്‍ത്തിയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ വച്ചാണ് പോലീസ് കണ്ടെത്തിയത്.
ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച വയോധിക ഏറെ അവശയായിരുന്നു. കൊണ്ടുപോയ ദിവസം ധരിച്ച അതേ വസ്ത്രം തന്നെയാണ് പോലീസ് കണ്ടെത്തിയപ്പോഴും ധരിച്ചിരുന്നത്. തുടര്‍ന്ന് വൈദ്യചികിത്സയ്ക്കായി വയോധികയെ പെര്‍ത്തിലേക്കു വിമാനത്തില്‍ കൊണ്ടുപോയി.
മാനസികവും ശാരീരകവുമായി അവശതയുള്ള ഒരാളെ ജീവന്‍ അപകടത്തിലാക്കുന്ന വിധം നിയമവിരുദ്ധമായി തടങ്കലില്‍ വച്ചതിനാണ് വയോധികനെതിരേ കുറ്റം ചുമത്തിയത്. പെര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹം കുറ്റം സമ്മതിച്ചു.
വയോജന കേന്ദ്രത്തിലെത്തും മുന്‍പ് കരോളും റാല്‍ഫ് ഗിബ്സും 15 വര്‍ഷമായി ക്വീന്‍സ് ലന്‍ഡില്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഡിസംബര്‍ അവസാനം കരോളിനെ സന്ദര്‍ശിക്കാന്‍ പെര്‍ത്തിലേക്കു പോകാന്‍ ഗിബ്‌സ് തീരുമാനിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുള്ള പങ്കാളിയെയും കൂട്ടി ക്വീന്‍സ്ലന്‍ഡിലേക്ക് പോകുക എന്ന ഉദ്ദേശ്യത്തോടെയാണ് റാല്‍ഫ് ഗിബ്‌സ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഇതിനായി ഒരു കാറും 11 ക്യാന്‍ നിറയെ ഇന്ധനവും വാങ്ങി.
കരോള്‍ ലിസ്ലെ പോലീസ് ഉദ്യോഗസ്ഥയ്‌ക്കൊപ്പം
പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെയും നോര്‍ത്തേണ്‍ ടെറിട്ടറിയുടെയും നടുവിലൂടെ ക്വീന്‍സ് ലന്‍ഡിലേക്കു പോകാനുള്ള ഒരു പേപ്പര്‍ മാപ്പും ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. നഴ്‌സിംഗ് ഹോമിലെത്തി ജീവനക്കാരുടെ ശ്രദ്ധ തെറ്റിയപ്പോഴാണ് പങ്കാളിയെ അവിടെനിന്നു മാറ്റിയത്.
യാത്രയ്ക്കിടെ റാല്‍ഫ് ഗിബ്സിനു വഴിതെറ്റി. കല്‍ഗൂര്‍ലിയില്‍, 43 ഡിഗ്രി ചൂടുള്ള സാഹചര്യത്തില്‍ കരോളിനെ കാറില്‍ കണ്ടതാണ് വയോധികന്റെ അറസ്റ്റിലേക്കു നയിച്ചത്.
നഴ്‌സിംഗ് ഹോമില്‍നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നുവെന്നു കരോള്‍ ഗിബ്സിനോട് പറഞ്ഞതിനെതുടര്‍ന്നാണ് തന്റെ കക്ഷി ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ഗിബ്സിന്റെ അഭിഭാഷകന്‍ മാത്യു ബ്ലാക്ക്ബേണ്‍ പറഞ്ഞു. അതിനായി തെരഞ്ഞെടുത്ത വഴി മോശമായിരുന്നുവെന്ന് മാത്യൂ പറഞ്ഞു. പങ്കാളിയുമായി കടുത്ത പ്രണയത്തിലായിരുന്ന ഒരു പ്രായമായ മനുഷ്യന്‍ നല്ലതെന്നു കരുതി ചെയ്തതായിരുന്നു സംഭവമെന്ന് അഭിഭാഷകന്‍ വാദിച്ചു.
അറസ്റ്റിന് ശേഷം കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ഗിബ്സിനെ അടുത്തയാഴ്ച ശിക്ഷ വിധിക്കുന്നതുവരെ ജാമ്യത്തില്‍ വിട്ടയച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.