'സൂക്ഷിക്കുക... തെറ്റുപറ്റിയാല്‍ യുപി കേരളമോ, കശ്മീരോ ആയി മാറും'; പോളിങ് ദിനത്തില്‍ വോട്ടര്‍മാരോട് യോഗിയുടെ മുന്നറിയിപ്പ്

'സൂക്ഷിക്കുക... തെറ്റുപറ്റിയാല്‍ യുപി കേരളമോ, കശ്മീരോ ആയി മാറും'; പോളിങ് ദിനത്തില്‍ വോട്ടര്‍മാരോട് യോഗിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ വര്‍ഗീയ പരാമര്‍ശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടര്‍മാര്‍ക്ക് തെറ്റു പറ്റിയാല്‍ യുപി കശ്മീരോ കേരളമോ ബംഗാളോ ആയി മാറും. അതുകൊണ്ട് ജനങ്ങളോട് ബിജെപിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു യോഗിയുടെ അഭ്യര്‍ത്ഥന.

വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായി യോഗി ആദിത്യനാഥ് എത്തിയത്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്റെ മനസില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു. സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍ ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല' എന്നായിരുന്നു യോഗി വോട്ടര്‍മാരോടായി പറഞ്ഞത്.

നിങ്ങളുടെ വോട്ട് അഞ്ചു വര്‍ഷത്തെ എന്റെ പ്രയത്നത്തിനുള്ള അനുഗ്രഹമാണ്. നിങ്ങളുടെ ഭയരഹിത ജീവിതത്തിനുള്ള ഉറപ്പുകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വലിയ തീരുമാനത്തിനുള്ള സമയമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അര്‍പ്പണ ബോധത്തോടെയും പ്രതിബദ്ധതയോടെയും ചെയ്തു. നിങ്ങള്‍ എല്ലാം കാണുകയും എല്ലാം വിശദമായി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.

ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് യോഗി ഈ കാര്യങ്ങള്‍ പറഞ്ഞത്. ബിജെപി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഈ വീഡിയോ തിരഞ്ഞെടുപ്പ് ദിനത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പടിഞ്ഞാറന്‍ യുപിയില്‍ 2.27 കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.