റോം: ഇറ്റലിയില്‍ രണ്ടു വര്‍ഷം മുന്‍പ് മരിച്ച വയോധികയുടെ ജീര്‍ണിച്ച ശരീരം വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി. വടക്കന്‍ ഇറ്റലിയില്‍ ലൊംബാര്‍ഡി മേഖലയിലെ കോമോ തടാകത്തിനു സമീപം പ്രെസ്റ്റിനോയില്‍ ആണ് സംഭവം. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന മരിനെല്ല ബെറേറ്റ എന്ന എഴുപതുകാരിയുടെ മൃതദേഹാവശിഷ്ടമാണ് വീടിന്റെ സ്വീകരണ മുറിയിലെ കസേരയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവര്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചതാണെന്നാണ് പോലീസ് നിഗമനം.
അടുത്തിടെയുണ്ടായ ശക്തമായ കാറ്റില്‍ ഇവരുടെ കാടുപിടിച്ചു കിടന്ന പൂന്തോട്ടത്തിലെ മരം വീണതായുള്ള റിപ്പോര്‍ട്ടുകളെതുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. മരിനെല്ലയുടെ ബന്ധുക്കളാരും ഇവടേക്ക് അന്വേഷിച്ച് എത്തിയിട്ടില്ല. ഇവര്‍ സ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെട്ടതായിട്ടാണ് കരുതുന്നതെന്നാണ് പോലീസ് പറയുന്നത്. 2019 അവസാനത്തോടെ മരണം സംഭവിച്ചിരിക്കാനാണ് സാധ്യതയെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.
മരിനെല്ല ബെറേറ്റയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളായി ആരെങ്കിലും ഉണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരെയും കണ്ടെത്താനായില്ലെങ്കില്‍ ഇവര്‍ക്ക് മാന്യമായ അന്ത്യയാത്ര നല്‍കാന്‍ സഹകരിക്കണമെന്ന് കോമോയിലെ മേയര്‍ മരിയോ ലാന്‍ഡ്രിസിന നഗരവാസികളോട് അഭ്യര്‍ഥിച്ചു. സംസ്‌കാര ചടങ്ങുകള്‍ പ്രാദേശിക സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം ഇറ്റാലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. നാം അവരുടെ കുടുംബമായി മാറുകയും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ശവസംസ്‌കാര തീയതി നിശ്ചയിച്ചിട്ടില്ല.
രണ്ടര വര്‍ഷത്തോളമായി തങ്ങള്‍ ഇവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും കോവിഡ് വടക്കന്‍ ഇറ്റലിയില്‍ ബാധിച്ചുതുടങ്ങിയ സമയത്ത് ഇവര്‍ വീടുപൂട്ടി ഏതെങ്കിലും ബന്ധുക്കളുടെ അടുത്ത് പോയിക്കാണുമെന്നാണ് കരുതിയതെന്നും സമീപവാസികള്‍ പറഞ്ഞു.
ഏകാന്തമായി മരണത്തെ സ്വീകരിച്ച മരിനെല്ലയുടെ നിര്യാണത്തില്‍ ഇറ്റാലിയന്‍ മന്ത്രി എലീന ബോനെറ്റി അനുശോചനം രേഖപ്പെടുത്തി. മരിനെല്ലയുടെ ഏകാന്തത മനസാക്ഷിയെ വേദനിപ്പിക്കുന്നു. സമൂഹം ഒരുമിച്ചു നില്‍ക്കണമെന്ന സന്ദേശമാണ് അവരുടെ മരണം നല്‍കുന്നത്. കുടുംബം എന്നാല്‍ പരസ്പരം പരിപാലിക്കപ്പെടണം. ആരും തനിച്ചാവാനിടയാവരുത്-എലീന കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.