തിരുവനന്തപുരം: അനാഥ യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച യുവാവിനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ദമ്പതിമാര്‍ പിടിയില്‍. 11 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്ത തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ സ്വദേശി ചിറ്റിലക്കാട് വീട്ടില്‍ ബൈജു നസീര്‍ (42), ഭാര്യ വര്‍ക്കല താഴെ വെട്ടൂര്‍ തെങ്ങറ റാഷിദ മന്‍സിലില്‍ റാഷിദ (38) എന്നിവരാണ് അറസ്റ്റിലായത്.
അരീക്കോട് കടുങ്ങല്ലൂരില്‍ കച്ചവടക്കാരനായ അബ്ദുള്‍ വാജിദിന്റെ (26) പരാതിയിലാണ് അറസ്റ്റ്. അനാഥയും നിര്‍ധനയുമായ യുവതിയെ വിവാഹം ചെയ്യാനാണ് അബ്ദുള്‍ വാജിദ് ആഗ്രഹിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വാജിദുമായി പരിചയപ്പെട്ട റാഷിദ അനാഥാലയത്തില്‍ കഴിയുന്ന രോഗിയായ യുവതി എന്നാണ് യുവാവിനെ വിശ്വസിപ്പിച്ചത്.
എന്നാല്‍ റാഷിദയെന്ന പേരില്‍ യുവാവിനെ കാണിച്ചത് റാഷിദയുടെ രണ്ടാമത്തെ മകളുടെ ഫോട്ടോ ആയിരുന്നു. റാഷിദയുടെ മകളുടെ ചിത്രം കാണിച്ച് താന്‍ തൃശൂരിലെ അനാഥാലയത്തില്‍ കഴിയുകയാണെന്നും രോഗിയാണെന്നുമാണ് റാഷിദ പരിചയപ്പെടുത്തിയത്. ഇതറിഞ്ഞ് അനുകമ്പ തോന്നിയ വാജിദ് 2021 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള പത്തു മാസങ്ങള്‍ക്കിടയില്‍ പലപ്പോഴായി 11 ലക്ഷം രൂപ റാഷിദയുടെ അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നു.
എന്നാല്‍ വിവാഹത്തിന്റെ കാര്യം പറയുമ്പോള്‍ നേരില്‍ കാണാന്‍ പോലും അവസരം നല്‍കാതെ ഇവര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതോടെ സംശയം തോന്നിയ യുവാവ് ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേല്‍വിലാസം കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.