സ്റ്റാര്‍ഷിപ്പ് വഴി ലക്ഷ്യമിടുന്നത് 'നോഹയുടെ പെട്ടകം'; ഭൂമിക്കു സര്‍വ്വനാശം സംഭവിക്കുമെന്ന് ഇലോണ്‍ മസ്‌ക്

സ്റ്റാര്‍ഷിപ്പ് വഴി ലക്ഷ്യമിടുന്നത് 'നോഹയുടെ പെട്ടകം'; ഭൂമിക്കു സര്‍വ്വനാശം സംഭവിക്കുമെന്ന് ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍: ഭൂമിയുടെ സര്‍വ്വനാശം മുന്‍കൂട്ടി കണ്ട് ജീവജാലങ്ങളുടെ രക്ഷ സാധ്യമാക്കാനുള്ള 'നോഹയുടെ പെട്ടകം' ഒരുക്കാനുള്ള പദ്ധതിയാണ് സ്‌പെയ്‌സ് എക്‌സ് സ്ഥാപകനും മഹാകോടീശ്വരനുമായ ഇലോണ്‍ റീവ് മസ്‌കിന്റെ മനസിലുള്ളതെന്ന നിരീക്ഷണവുമായി അന്താരാഷ്ട്ര ശാസ്ത്ര നിരീക്ഷണ മാധ്യമമായ ടെക് ക്രഞ്ച്. മറ്റു ഗ്രഹങ്ങളിലേക്ക് കുടിയേറുന്നതിനുതകുന്ന ഹൈടെക് പേടകമാണ് നിര്‍ദ്ദിഷ്ട സ്റ്റാര്‍ഷിപ്പ് വിപുലീകരണ പരിപാടിയുടെ ലക്ഷ്യമെന്നാണ് ടെക് ക്രഞ്ച് ചൂണ്ടിക്കാട്ടുന്നത്.

ഭൂമിക്ക് സര്‍വ്വനാശമുണ്ടാവും; സകല ചരാചരങ്ങളും നശിക്കും - മസ്‌ക് പറയുന്നു. സര്‍വ്വനാശത്തെ അതിജീവിക്കാന്‍ മറ്റു ഗ്രഹങ്ങളിലേക്ക് കുടിയേറുകയാണ് ഏക പോംവഴി. എന്നാല്‍ ഈ സര്‍വ്വനാശം ആസന്നമല്ല, വിദൂര ഭാവിയില്‍ മാത്രമേ ഇത് സംഭവിക്കൂവെന്നും അദ്ദേഹം പറയുന്നു. അന്യഗ്രഹങ്ങളെ വാസയോഗ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ മുന്നറിയിപ്പ് വിരല്‍ ചൂണ്ടുന്നത്. മറ്റു ഗ്രഹങ്ങളിലേക്ക് കുടിയേറിയില്ലെങ്കില്‍ സൂര്യന്റെ വികാസത്തില്‍ മനുഷ്യര്‍ ഉള്‍പ്പെടെ സര്‍വ്വ ചരാചരങ്ങളും നശിക്കുമെന്ന് മസ്‌ക് പറയുന്നു.

ടെക്സാസിലെ ബോക ചിക്കയിലുള്ള സ്റ്റാര്‍ഷിപ്പ് ഡെവലപ്മെന്റ് സൈറ്റില്‍ നിന്ന് കമ്പനിയുടെ പുരോഗതിയെക്കുറിച്ചും അതിന്റെ അടുത്ത തലമുറ വിക്ഷേപണ ബഹിരാകാശ പേടകമായ സ്റ്റാര്‍ഷിപ്പിനായുള്ള പദ്ധതികളെക്കുറിച്ചും ഇലോണ്‍ മസ്‌ക് നല്‍കിയ അപ്ഡേറ്റ് കൗതുകങ്ങളുടെ കലവറയാണെന്ന് ടെക് ക്രഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റാര്‍ഷിപ്പും സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ലോഞ്ച് ക്രാഫ്റ്റും ചേര്‍ന്ന്, ഏകദേശം 400 അടി ഉയരമുള്ള സൂപ്പര്‍ ഹൈടെക്ക് സംവിധാനം ഇലോണ്‍ മസ്‌ക് ഒരുക്കിക്കൊണ്ടിരിക്കുന്നു. സ്റ്റാര്‍ഷിപ്പിനെക്കുറിച്ച് മസ്‌ക്കിന് പറയാനുള്ളതെല്ലാം കൂട്ടിച്ചേര്‍ത്ത് ടെക് ക്രഞ്ച് കണ്ടെത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാവനയിലുള്ളത് ഏകദേശം 'നോഹയുടെ പെട്ടകം' തന്നെയാണെന്നാണ്.2018ലാണ് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ നിര്‍മാണം ആരംഭിച്ചത്. 2026 ആകുമ്പോഴേക്കും മനുഷ്യനെ ചൊവ്വയിലേത്തിക്കാനാണ് സ്‌പേസ് എക്‌സിന്റെ ലക്ഷ്യം. 100 മുതല്‍ 150 വരെ ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് പുനരുപയോഗത്തിന് കഴിയുന്ന സ്റ്റാര്‍ഷിപ്പ്.


നോഹയുടെ പെട്ടകമെന്ന പേര് മസ്‌ക് പരാമര്‍ശിച്ചില്ലെങ്കിലും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും കൂടുതല്‍ സ്ഥിരമായ അടിസ്ഥാനത്തില്‍ മനുഷ്യരെ എത്തിക്കാനുള്ള തന്റെ ദൗത്യത്തിന് അദ്ദേഹം നല്‍കുന്ന ന്യായീകരണം ഭൂമിയിലെ ജീവിവര്‍ഗങ്ങളുടെ സംരക്ഷണത്തെ കേന്ദ്രീകരിച്ചാണ്.മസ്‌കും സ്പേസ് എക്സും അമിതമായ തുക ഇതിനായി ചെലവഴിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം അദ്ദേഹം ആവര്‍ത്തിക്കുന്നത്.

അതേസമയം, ഭൂമിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കൂടുതല്‍ ശ്രദ്ധയും പണവും ചെലവഴിക്കേണ്ടതെന്ന വിമര്‍ശനപരമായ ഉപദേശം മസ്‌ക് അവഗണിക്കുന്നില്ല.'നമ്മുടെ വിഭവങ്ങളുടെ 99 ശതമാനവും ഭൂമിക്കു വേണ്ടിയാകണമെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. ഭൂമിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതും അക്കാര്യത്തിനാണ്'- മസ്‌കിന്റെ മറുപടി.

ഭൂമിയില്‍ നേരത്തെ അഞ്ചു തവണ കൂട്ട വംശ നാശം സംഭവിച്ചിട്ടുണ്ടെന്ന് മസ്‌ക് ചൂണ്ടിക്കാട്ടുന്നു. ആറാമത്തെ കൂട്ട വംശനാശമാണ് ഇപ്പോള്‍ അദ്ദേഹം പ്രവചിക്കുന്നത്. മനുഷ്യന്റെ ക്രമരഹിതമായ ഇടപെടലുകളാണ് ഈ വംശനാശത്തിന് ഹേതുവാകുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകള്‍ പല തവണ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.


https://youtu.be/3N7L8Xhkzqo


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.