പച്ച വെള്ളത്തിലിട്ടാലും ചോറാകുന്ന അരി കേരളത്തില്‍ വിളയിച്ച് കര്‍ഷകന്‍

പച്ച വെള്ളത്തിലിട്ടാലും ചോറാകുന്ന അരി കേരളത്തില്‍ വിളയിച്ച് കര്‍ഷകന്‍

കോഴിക്കോട്: പച്ചവെള്ളത്തിലിട്ടാലും അരി ചോറായി മാറുന്ന നെല്ലിനം കേരളത്തിലും വിളയിച്ച് കര്‍ഷകന്‍. ചാത്തമംഗലം വെള്ളന്നൂരിലെ കരിക്കിനാരി സുനില്‍കുമാറാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരത്തിലുള്ള 'റെഡി ടു ഈറ്റ് റൈസ്' എന്ന് വിളിക്കുന്ന അഘോനി ബോറ നെല്ല് വിജയകരമായി കൃഷിചെയ്തത്.

മുക്കാല്‍ മണിക്കൂര്‍ പച്ച വെള്ളത്തിലിട്ടാല്‍ അരി ചോറായി മാറും. ചൂടുവെള്ളത്തിലാണെങ്കില്‍ കാല്‍മണിക്കൂര്‍ മതി. അതുകൊണ്ട് യാത്രകളിലും മറ്റും വളരെ ഉപകാരപ്രദമാണ് ഈ നെല്ലിനം. ഒരു കൃഷി ഓഫീസര്‍ സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റില്‍ നിന്നാണ് അഘോനി ബോറയെക്കുറിച്ച് സുനില്‍ കേള്‍ക്കുന്നത്. അസമില്‍ ജോലിചെയ്യുന്ന ബന്ധു ഒരു വര്‍ഷം മുമ്പ് വിത്ത് അയച്ചുകൊടുത്തു.

അതേസമയം ലോക്ഡൗണില്‍ കുടുങ്ങി നാട്ടിലെത്തുമ്പോഴേക്കും കുറെ വിത്ത് നശിച്ചിരുന്നു. ബാക്കിയുള്ളത് മുളപ്പിച്ച് കൃഷിയിറക്കി. വെള്ളപ്പൊക്കത്തിലും കുറെ നശിച്ചു പോയി. അവശേഷിച്ച നെല്ലില്‍ നിന്നുള്ള വിത്ത് പിന്നീട് കൃഷിക്ക് ഉപയോഗിച്ചു.

കീടനാശിനിയോ രാസവളമോ പ്രയോഗിക്കാതെ വേണം അഘോനി ബോറ കൃഷി ചെയ്യാനെന്ന് സുനില്‍ പറയുന്നു. വേവിക്കാതെ കഴിക്കുന്നതിനാല്‍ കീടനാശിനിയുടെ അംശം നെല്ലിലുണ്ടാകുമെന്നതിനാലാണിത്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ സുനില്‍ ചെറുപ്പം മുതല്‍ കാര്‍ഷിക രംഗത്തുണ്ട്. രക്തശാലി, നവര, ചെമ്പാവ് തുടങ്ങിയ നെല്ലിനങ്ങള്‍ കൃഷി ചെയ്യാറുണ്ട്. ആവശ്യത്തിന് വിത്തായി കഴിഞ്ഞാല്‍ അഘോനി ബോറ താല്‍പര്യമുള്ളവര്‍ക്ക് വിതരണം ചെയ്യുമെന്ന് സുനില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.