അനുകമ്പാര്‍ദ്ര നഴ്‌സിംഗിലൂടെ സുവര്‍ണ നേട്ടം: ഡെയ്സി അവാര്‍ഡ് സ്വന്തമാക്കി യു.എസിലെ മലയാളി നഴ്‌സ് ജ്യോതിസ് ജോയ്

  അനുകമ്പാര്‍ദ്ര നഴ്‌സിംഗിലൂടെ സുവര്‍ണ നേട്ടം: ഡെയ്സി അവാര്‍ഡ് സ്വന്തമാക്കി യു.എസിലെ മലയാളി നഴ്‌സ് ജ്യോതിസ് ജോയ്

ന്യൂയോര്‍ക്ക്: രോഗങ്ങളും പരിക്കുകളും കൈകാര്യം ചെയ്യുന്നതിനുപരിയായി മനുഷ്യരുടെ 'സൗഖ്യമാക്കല്‍' എന്ന വിശാലമായ ദൈവിക ദൗത്യമാണ് നഴ്സിംഗിന് അതുല്യ മഹത്വമേകുന്നതെന്ന് ജ്യോതിസ് ജോയ്; അമേരിക്കയില്‍ നഴ്സിംഗ് രംഗത്തെ ഏറ്റവും അഭിമാനകരമായ ബഹുമതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഡെയ്സി അവാര്‍ഡ് നേടിയ മലയാളി.

ലോംഗ് ഐലന്‍ഡ് ജൂയിഷ് വാലി സ്ട്രീം ഹോസ്പിറ്റലിലെ മെഡിക്കല്‍, സര്‍ജിക്കല്‍ യൂണിറ്റില്‍ സേവനമനുഷ്ഠിക്കുന്ന നഴ്സാണ് അനുകമ്പാര്‍ദ്രമായ രോഗീപരിചരണത്തിലൂടെ ഡെയ്സി അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ട ജ്യോതിസ് ജോയ്. ' നഴ്സ് എന്ന നിലയില്‍, ഞങ്ങള്‍ക്കു കിട്ടുന്നത് രോഗികളുടെ മനസ്സ്, ആത്മാവ്, ഹൃദയം, ശരീരം എന്നിവ സുഖപ്പെടുത്താനുള്ള അവസരമാണ്'- നഴ്സിംഗിനോടുള്ള തന്റെ സമീപനം വിശദീകരിക്കവേ ജ്യോതിസ്് പറഞ്ഞു.

എല്‍ഐജെ വാലി സ്ട്രീം ഹോസ്പിറ്റലില്‍ നിന്ന് ഈ അവാര്‍ഡ് നേടിയ ആദ്യത്തെ നഴ്സാണു ജ്യോതിസ് ജോയ്. സാധാരണയായി സഹപ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശത്തിലൂടെയാണ് അവാര്‍ഡ് നിര്‍ണയമെങ്കിലും ജ്യോതിസിന്റെ കാര്യത്തില്‍ സഹപ്രവര്‍ത്തക ശിപാര്‍ശയ്ക്കും പുറമേ 27 രോഗികളില്‍ നിന്നു വന്ന നാമനിര്‍ദ്ദേശങ്ങളും നിര്‍ണായകമായി. തന്റെ ക്ഷമാ പൂര്‍വമായ സമീപനമാകാം ഇതിനു കാരണം - വിനയപൂര്‍വ്വം ജ്യോതിസ് പറയുന്നു.'നഴ്‌സിംഗ് എന്റെ വിളി ആണ്; അതിനായാണ് ഞാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.ഈ തെരഞ്ഞെടുപ്പിനുള്ള കാരണവും അതു തന്നെയാണെന്നു വിശ്വസിക്കുന്നു.'

2010 മുതല്‍ ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറില്‍ താമസിക്കുന്ന ജ്യോതിസ് 2008 മുതലാണ് ജൂയിഷ് വാലി സ്ട്രീം ഹോസ്പിറ്റലില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. കോവിഡ് -19 രോഗികളെയും പരിചരിച്ചിട്ടുണ്ടെങ്കിലും, പകര്‍ച്ചവ്യാധിയുടെ മൂര്‍ദ്ധന്യത്തിന് ശേഷം അടുത്തിടെ ചികിത്സിച്ച രോഗികളാണ് ജ്യോതിസിനെ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്തത്.മൊത്തത്തില്‍ 50 നഴ്സുമാര്‍ക്കായി നൂറോളം നോമിനേഷനുകളാണ് ലഭിച്ചത്. വിവാഹിതയായ ജ്യോതിസിന് 4 വയസ്സുള്ള മകനുണ്ട്.

രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ നീണ്ടുനില്‍ക്കുന്നതാണ് ഡോക്ടര്‍മാരെ സഹായിക്കുന്നതുള്‍പ്പെടെയുള്ള ജ്യോതിസിന്റെ സാധാരണ സേവന ദിനം. എന്നാല്‍ തന്റെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം രോഗികള്‍ക്കൊപ്പമുള്ള സമയം ചെലവഴിക്കലാണ്.'നഴ്സിംഗ് എന്നത് ബെഡ്സൈഡ് നഴ്സിംഗ് മാത്രമല്ല.' രോഗികളെ കാണുകയും പരിപാലിക്കുകയും ചെയ്യുന്നതായി അവര്‍ക്കു കൂടി തോന്നണം. അതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. 'രോഗികള്‍ മരുന്നുകളെ കുറിച്ച് ചിന്തിക്കുന്നില്ല... നമ്മുടെ സാന്നിധ്യം രോഗികളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. അവര്‍ നമ്മുടെ പേര് മറന്നേക്കാം; പക്ഷേ നമ്മള്‍ എന്ത് അനുഭവമുണ്ടാക്കിയെന്നത് അവര്‍ ഒരിക്കലും മറക്കില്ല.'

'ഏകദേശം ആറ് മുതല്‍ എട്ട് ആഴ്ച വരെയുള്ള കാലയളവില്‍ ജ്യോതിസിന് ഇരുപത്തിയേഴ് നോമിനേഷനുകള്‍ ലഭിച്ചു.ഈ ആശുപത്രിയിലെ മറ്റൊരു നഴ്സിനും രോഗികളില്‍ നിന്ന് ഇത്രയും അംഗീകാരം ലഭിച്ചിട്ടില്ല. ജ്യോതിസ് എത്ര കരുതലുള്ളവളാണെന്നും രോഗികള്‍ക്കൊപ്പം സ്‌നേഹപൂര്‍വം എങ്ങനെ സമയം ചെലവഴിക്കുന്നുവെന്നും രോഗികളെ ബോധവല്‍ക്കരിക്കുന്നുവെന്നുമൊക്കെ എല്ലായ്പ്പോഴും പലരും സംസാരിക്കുന്നു'- വാലി സ്ട്രീം ഹോസ്പിറ്റലിന്റെ ചീഫ് നഴ്സിംഗ് ഓഫീസര്‍ ടെറി പാണ്ടോ പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള നഴ്സിംഗ് പരിചരണത്തിന്റെ അര്‍ത്ഥം ജീവിതത്തിലൂടെ പ്രായോഗികമാക്കിയാണ് ജ്യോതിസ് ഈ അവാര്‍ഡ് നേടിയത്. രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഏറ്റവും ബഹുമാനിത.


'ഒരു സര്‍ജന്‍ നടത്തുന്ന പ്രധാന ശസ്ത്രക്രിയ പോലെ തന്നെ പ്രധാനമാണ് ഒരു നല്ല നഴ്സിന്റെ നിരന്തരമായ ശ്രദ്ധ'-ജ്യോതിസ് പറഞ്ഞു.രോഗികള്‍ക്കു കിട്ടേണ്ടത് ആഴത്തിലുള്ള പരിചരണമാണ്. 'നമ്മള്‍ ഓരോ രോഗിയുടെയും കൈപിടിച്ച് അവരെ സുഖപ്പെടുത്തുന്നു'. രോഗികള്‍ക്കൊപ്പം സമയം ചെലവഴിക്കാനാകുന്നതാണ് തന്റെ ജോലിയുടെ ഏറ്റവും പ്രതിഫലദായകമായ ഘടകമെന്ന് വിലയിരുത്തുന്നു ജ്യോതിസ്.'കിടക്കയ്ക്കരികിലെ ജോലിയില്‍ ഒതുങ്ങുന്നില്ല നഴ്സിംഗ്. നിങ്ങള്‍ക്ക് അതു വഴി ആളുകളെ പല തരത്തില്‍ സ്വാധീനിക്കാന്‍ കഴിയും. ഡോക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തമായി, നഴ്സുമാര്‍ ആണ് രോഗികള്‍ക്കൊപ്പം മണിക്കൂറുകള്‍ ചെലവഴിക്കുന്നത്.ഞങ്ങള്‍ ദിവസം മുഴുവന്‍ അവരോടൊപ്പമുണ്ട്. അതിനാല്‍ ഞങ്ങള്‍ക്ക് അവരുടെ വേദനയും അവരുടെ ആത്മാവും കാണാന്‍ കഴിയും, ആശുപത്രിയിലെ മറ്റേതൊരു വിഭാഗത്തേക്കാളും.'

'മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്, അതേ രീതിയില്‍ മറ്റുള്ളവരോട് നിങ്ങള്‍ പെരുമാറുക.' എന്ന യേശു കല്‍പ്പിച്ച സുവര്‍ണ്ണനിയമത്തിലൂന്നിയാണ് തന്റെ പ്രവര്‍ത്തനമെന്ന് ജ്യോതിസ് പറയുന്നു. താന്‍ വളര്‍ന്ന ഇന്ത്യയില്‍ നിന്ന് ലഭിച്ച കത്തോലിക്കാ വിശ്വാസമാണ് രോഗികളെ പരിചരിക്കുന്നതിനുള്ള തന്റെ അഭിനിവേശത്തെ നയിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നഴ്‌സുമാരായ ട്രീസ ജോസഫ്, അനുപ കിഷോ എന്നീ നാത്തൂന്മാര്‍ക്കൊപ്പമാണ് എല്‍ഐജെ വാലി സ്ട്രീം ആശുപത്രിയില്‍ ജ്യോതിസിന്റെ സേവനം.'അവര്‍ വളരെ സന്തോഷത്തിലാണ് '- ട്രീസയുടെയും അനുപയുടെയും മാര്‍ഗദര്‍ശി കൂടിയായ ജ്യോതിസ് പറയുന്നു.'ഞാന്‍ ഇവിടെ ജോലിക്കു ചേരുമ്പോള്‍ കുറച്ച് ദിവസത്തേക്ക് അവര്‍ എന്റെ ഔദ്യോഗിക മാര്‍ഗദര്‍ശിയായ പ്രിന്‍സിപ്പറായിരുന്നു. അന്നു മുതല്‍ ഇന്നുവരെ, ഒരു നല്ല നഴ്സ് എന്ന നിലയില്‍ മാത്രമല്ല, ഒരു നല്ല മാനേജരായും ഉപദേശകയായും ഞാന്‍ അവരെ കാണുന്നു. നഴ്സുമാരുടെ മികച്ച ഉപദേഷ്ടാവാണവര്‍.രോഗികളെ പരിചരിക്കുന്നതിനിടെ സകല കാര്യങ്ങളും നിയന്ത്രിക്കുന്നു.' ഒരു നഴ്സിംഗ് പ്രൊഫഷണലായി മാറാന്‍ ആ മാതൃകയെയാണ് താന്‍ ആശ്രയിച്ചതെന്നും പറയുന്നു ട്രീസ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.