'കാഴ്ചകളുടെ വിസ്മയം': പൊളിയല്ലേ നമ്മുടെ കോട്ടയം..!

'കാഴ്ചകളുടെ വിസ്മയം': പൊളിയല്ലേ നമ്മുടെ കോട്ടയം..!

കാഴ്ചകള്‍ കൊണ്ട് സമ്പന്നമായ മലയോര പ്രദേശമാണ് കോട്ടയം ജില്ല. ഇവിടെ ട്രക്കിംഗിന് പറ്റിയ ഒട്ടേറെ കുന്നുകളുണ്ട്. ജില്ലയിലെ മനോഹരമായ പലസ്ഥലങ്ങളും അറിഞ്ഞു വരുന്നതേയുള്ളൂ. ഇല്ലിക്കല്‍ കല്ല്, മുതുകോരമല, തങ്ങള്‍പാറ ഇങ്ങനെ യുവത്വത്തിന്റെ മനസ് കീഴടക്കിയ ഇടങ്ങള്‍ ഏറെയാണ്. മുന്‍പ് ഊട്ടിയും കൊടൈക്കനാലും കൊണ്ട് യാത്ര തീര്‍ന്നെങ്കില്‍ ഇന്ന് മുക്കിലും മൂലയിലും കാഴ്ചകള്‍ ആസ്വദിച്ചും അത് പങ്കുവെച്ചും ന്യൂജെന്‍ പിള്ളേരുണ്ട്.

ഇല്ലിക്കല്‍ക്കല്ല്

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4000 അടി ഉയരമുള്ള ഇല്ലിക്കല്‍കല്ലാണ് ജില്ലയില്‍ സാഹസിക യാത്ര ഹരമാക്കിയവരെ കാത്തിരിക്കുന്ന പ്രധാന കേന്ദ്രം. മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നുള്ള ഇവിടെയെത്തമ്പോഴുള്ള കാറ്റും മഞ്ഞും താഴ്വാരങ്ങളിലെ മനോഹര കാഴ്ചയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതിന്റെ പ്രധാന കാരണം.

മുതുകോരമല

തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയില്‍ നിന്ന് ചെങ്കുത്തായ കയറ്റം കയറി മുകളിലെത്തിയാല്‍ മുതകോര മലയായി. മീശപ്പുലിമലയെ വെല്ലുന്ന കാഴ്ചകളാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രദേശത്തിന്റെ ചിത്രങ്ങള്‍ക്ക് പ്രചാരം ലഭിച്ചതോടെ സഞ്ചാര പ്രിയര്‍ ഇവിടേയ്ക്ക് ധാരാളമായി എത്തുന്നുണ്ട്. വാഗമണ്‍ മലനിരകള്‍ക്ക് സമാന്തരമായി ഉയര്‍ന്നു നില്‍ക്കുന്ന മലമ്പ്രദേശമാണ് മുതകോരമല.
കൈപ്പള്ളിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ഒഫ് റോഡ് യാത്രയാണ്. തുടര്‍ന്ന് കാഴ്ചകള്‍ കണ്ടു നടക്കണം. ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പോതപ്പുല്ലുകള്‍ വകഞ്ഞുമാറ്റി മുകളിലെത്തിയാല്‍ പ്രകൃതി ഒരുക്കിയ മനോഹര കാഴ്ച കാണാം. നാല് ദിക്കുകളും കാണാവുന്ന പാറക്കെട്ടിനു മുകളില്‍ നിന്നാല്‍ നാല് ജില്ലകളിലേക്കും കണ്ണെത്തും. ശക്തിയേറിയ കാറ്റു വീശുമ്പോള്‍ അപകട സാദ്ധ്യതയുമുണ്ട്.

തങ്ങള്‍ പാറ

വാഗമണ്ണിന് സമീപമാണ് തങ്ങള്‍ പാറ. ഇവിടെ ട്രക്കിംങാണ് പ്രധാനം. വീദൂരകാഴ്ചകളും ഏറെ ആസ്വദ്യമാണ്.
ഇത്തരം യാത്രകളില്‍ ശ്രദ്ധിക്കേണ്ടത് മലയുടെ സ്വഭാവമാണ്. ആദ്യം ഒരു സംഘത്തെ ഒപ്പം കൊണ്ടു പോകണം. സംഘത്തിലുള്ള എല്ലാവരും ഒരേ പാതയിലൂടെ കടന്നു പോകുന്നത് വഴിതെറ്റല്‍ ഒഴിവാക്കും. കൂടാതെ മലയിലെ ഓക്സിജന്റെ ആളവ് സംബന്ധിച്ച് വ്യക്തതയുണ്ടാകണം. മല കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടാകുന്ന ഓക്സിജന്‍ അളവിലെ വ്യത്യാസം ശ്രദ്ധിക്കണം. ഹെല്‍മറ്റും, ജാക്കറ്റും പറ്റുമെങ്കില്‍ ഓക്സിജന്‍ കിറ്റും വരെ കരുതിയിരിക്കണം.

ലഘുഭക്ഷണവും വെള്ളവും പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്നുകളും കരുതുന്നത് സുരക്ഷിത യാത്രയ്ക്ക് കൂടുതല്‍ ഉപകാരപ്രദമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.