ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹിജാബ വിവാദം ആളിക്കത്തിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പാക് ചാര സംഘടനയായ ഐഎസ്ഐയാണ് ഹിജാബിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിനായി നിരോധിത ഖാലിസ്ഥാന്‍ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിനെയാണ് ഉപയോഗിക്കുന്നതെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി.
ചില ഇന്ത്യാ വിരുദ്ധ ശക്തികള്‍ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നുവുമായി ചേര്‍ന്ന് ഹിജാവ് വിവാദം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയിലെ മുസ്ലീങ്ങളെ സംഘടിപ്പിച്ച് 'ഹിജാബ് റെഫറന്‍ഡം' സംഘടിപ്പിക്കാന്‍ എസ്എഫ്ജെ ശ്രമിക്കുന്നുണ്ട്.
രാജസ്ഥാന്‍, യുപി, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് 'ഉറുദുയിസ്ഥാന്‍' എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരെ അടര്‍ത്തിയെടുക്കാനാണ് ശ്രമമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ പറയുന്നു.
2022 ജനുവരി ഒന്നിന് ഉഡുപ്പി വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ മുസ്ലീം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുത്തതോടെയാണ് കര്‍ണാടകയില്‍ ഹിജാബ് സംബന്ധിച്ച വിവാദം ആരംഭിക്കുന്നത്. അതിനുശേഷം ചില മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ വരുകയും ഹിന്ദു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സൂചകമായി കാവി ഷാള്‍ ധരിക്കാന്‍ തുടങ്ങുകയും ചെയ്യുന്ന ഒന്നിലധികം സംഭവങ്ങള്‍ കര്‍ണാടകയിലുണ്ടായി.
ജനുവരി 26 ന് കര്‍ണാടക സര്‍ക്കാര്‍ ഹിജാബ് പ്രശ്നം പരിഹരിക്കാന്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശകള്‍ വരുന്നതുവരെ എല്ലാ പെണ്‍കുട്ടികളും യൂണിഫോം നിയമങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ വ്യാഴാഴ്ച കര്‍ണാടക ഹൈക്കോടതി പരിഗണിച്ചിരുന്നു.
ഫെബ്രുവരി 14 ന് കേസ് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ച ബെഞ്ച്, വിഷയം കോടതി പരിഗണിക്കും വരെ വിദ്യാലയങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനിടെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതിയും അംഗീകരിച്ചില്ല. ഇനി ഫെബ്രുവരി 14 ന് കര്‍ണാടക ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത് കാത്തിരിക്കുകയാണ് ഹിജാബ് അനുകൂലികളും വിരുദ്ധരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.