റഷ്യന്‍ അധിനിവേശ ഭീഷണി; പൗരന്മാര്‍ ഉക്രെയ്ന്‍ വിടണമെന്ന മുന്നറിയിപ്പുമായി ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും

റഷ്യന്‍ അധിനിവേശ ഭീഷണി; പൗരന്മാര്‍ ഉക്രെയ്ന്‍ വിടണമെന്ന മുന്നറിയിപ്പുമായി ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും

വെല്ലിംഗ്ടണ്‍: റഷ്യയും ഉക്രെയ്‌നും തമ്മില്‍ ഏതു നിമിഷവും യുദ്ധമുണ്ടാകാമെന്ന ഭീഷണി നിലനില്‍ക്കെ ഉക്രെയ്‌നിലുള്ള പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശിച്ച് ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും. ന്യൂസിലന്‍ഡിന് ഉക്രെയ്നില്‍ നയതന്ത്ര പ്രാതിനിധ്യം ഇല്ല. അതിനാല്‍ പൗരന്മാര്‍ക്ക് കോണ്‍സുലാര്‍ സഹായം നല്‍കാനുള്ള സര്‍ക്കാറിന്റെ കഴിവ് വളരെ പരിമിതമാണെന്ന് ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി നനയ മഹുത അറിയിച്ചു.

സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്നും ന്യൂസിലന്‍ഡുകാര്‍ എത്രയും വേഗം യാത്രാ വിമാനങ്ങള്‍ ഉപയോഗിച്ച് നാട്ടിലേക്കു മടങ്ങണമെന്നുമാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.

റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയിലെ സ്ഥിതി ഗുരുതരമാണെന്നും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്കു നീങ്ങണമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഉക്രെയ്‌നില്‍ എപ്പോള്‍ വേണമെങ്കിലും റഷ്യന്‍ അധിനിവേശം ഉണ്ടായേക്കാമെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയത്.

റഷ്യയും ബെലാറസും ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ 10 ദിവസത്തെ സൈനികാഭ്യാസം തുടങ്ങിയതോടെ റഷ്യ ഉക്രെയ്നെ ആക്രമിച്ചേക്കുമെന്ന ഭീതി വര്‍ധിച്ചിട്ടുണ്ട്. ഇതോടെയാണ് ന്യൂസിലന്‍ഡും ഓസ്ട്രേലിയയും പൗരന്മാരോട് എത്രയും വേഗം ഉക്രെയ്ന്‍ വിട്ടുപോരാന്‍ ആവശ്യപ്പെട്ടത്. ബെലാറസിനൊപ്പമുള്ള സൈനികാഭ്യാസത്തില്‍ 30,000 റഷ്യന്‍ പട്ടാളക്കാര്‍ പങ്കെടുക്കുന്നുണ്ട്.

നേരത്തെ, ഉക്രെയ്നിലെ അമേരിക്കന്‍ പൗരന്‍മാരോട് 48 മണിക്കൂറിനകം നാട്ടിലേക്ക് മടങ്ങാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിരുന്നു. ഉക്രെയ്നെ ഏതു നിമിഷും റഷ്യ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പും യു.എസ് പ്രസിഡന്റ് നല്‍കിയിരുന്നു. ഉക്രെയ്നെ ആക്രമിച്ചാല്‍ റഷ്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു ലക്ഷം പട്ടാളക്കാരെ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും ആക്രമിക്കില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ. ഇതിനിടയില്‍ ശനിയാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഫോണിലൂടെ ശനിയാഴ്ച ചര്‍ച്ച നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.