സ്വിസ് ജയിലിലേക്ക് 'പരീക്ഷണ' തടവുകാരാകാന്‍ സന്നദ്ധ പ്രവര്‍ത്തകരെ വേണം; അടിപൊളി ഭക്ഷണം, ഫ്രീ ഇന്റര്‍നെറ്റ്

  സ്വിസ് ജയിലിലേക്ക് 'പരീക്ഷണ' തടവുകാരാകാന്‍ സന്നദ്ധ പ്രവര്‍ത്തകരെ വേണം; അടിപൊളി ഭക്ഷണം, ഫ്രീ ഇന്റര്‍നെറ്റ്

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രവര്‍ത്തന സജ്ജമായി വരുന്ന പുതിയ ജയിലിലെ സൗകര്യങ്ങള്‍ അനുഭവത്തിലൂടെ വിലയിരുത്തി അഭിപ്രായം പറയാന്‍ സന്നദ്ധപ്രവര്‍ത്തകരെ തേടുന്നു. സാധാരണ മുറയിലുള്ള തടവറ ജീവിതമായിരിക്കില്ല, സൂറിച്ച് വെസ്റ്റ് ജയിലിലേത്. അത്യാകര്‍ഷകമായ ഭക്ഷണം സൗജന്യ ഇന്റര്‍നെറ്റ് തുടങ്ങി ഒന്നാന്തരമെന്നു പറയാവുന്ന സൗകര്യങ്ങളാണൊരുക്കിയിട്ടുള്ളത്.

കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമാണ് സൂറിച്ച് വെസ്റ്റ് ജയില്‍. യഥാര്‍ത്ഥ തടവുകാരെ സ്വീകരിക്കുന്നതിന് മുമ്പ് പരീക്ഷണത്തിന്റെ ഭാഗമായി നാല് ദിനരാത്രങ്ങള്‍ ജയിലില്‍ ചെലവഴിക്കാനാണ് സന്നദ്ധപ്രവര്‍ത്തകരോട് അധികൃതര്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. വേതനം ലഭിക്കില്ലെങ്കിലും തരക്കേടില്ലാത്ത ഓഫറുണ്ട്. ദിവസം മൂന്ന് നേരമാണ് ജയില്‍ ഭക്ഷണം (മാംസാഹാരം/സസ്യാഹാരം/ഹലാല്‍). മൂന്ന് രാത്രികള്‍ ജയിലില്‍ തങ്ങാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യവുമായുള്ള അധികൃതരുടെ പരസ്യം വൈറലായിക്കഴിഞ്ഞു.

നിരവധി പേരാണ് ജയിലില്‍ കഴിയാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 241 ' പരീക്ഷണ 'തടവുകാരെയാണ് ആവശ്യമെങ്കിലും 700 ലധികം പേര്‍ അപേക്ഷ അയച്ചുകഴിഞ്ഞു. ഇടയ്ക്ക് പോവണമെന്നു തോന്നിയാല്‍ അതിനും അനുമതിയുണ്ട്. പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം ലഭിക്കും.സൂറിച്ച് വെസ്റ്റ് ഗുഡ്സ് ട്രെയിന്‍ സ്റ്റേഷന്‍ കെട്ടിടമാണ് ജയിലായി രൂപാന്തരപ്പെടുന്നത്. ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ജയിലില്‍ 150 ഉദ്യോഗസ്ഥരെ നിയമിച്ചുകഴിഞ്ഞു.


ഫെബ്രുവരി 13 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ 18 വയസിനു മുകളിലുള്ളവരും സൂറിച്ചില്‍ താമസിക്കുന്നവരും ആയിരിക്കണം. മാര്‍ച്ച് 24 മുതല്‍ 27 വരെയാണ് ജയിലില്‍ താമസിക്കേണ്ടത്. പോവുന്ന സമയത്ത് ജയിലിലെ പ്രശ്‌നങ്ങള്‍ അധികൃതരെ അറിയിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. താമസസൗകര്യം ഉള്‍പ്പെടെ ഏത് പ്രശ്നങ്ങളും അറിയിക്കാമെന്ന് അധികൃതര്‍ പറയുന്നു.

ഒരു കുറ്റകൃത്യവും ചെയ്യാതെ തന്നെ ജയിലിലെ ജീവിതം എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് യഥാര്‍ത്ഥ ആശയം ലഭിക്കാനുള്ള കനകാവസരം എന്നു പറഞ്ഞുകൊണ്ടാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പ്രോഗ്രാമിന്റെ ഗുണങ്ങളെ പ്രകീര്‍ത്തിക്കുന്നത്.'ഈ ടെസ്റ്റ് ഓപ്പറേഷനില്‍ വിജയികള്‍ മാത്രമേ ഉള്ളൂ' എന്നും അവര്‍ പറയുന്നു.തടവുകാരെ ലിംഗഭേദം അനുസരിച്ച് വേര്‍തിരിക്കുമെങ്കിലും ദമ്പതികള്‍ക്ക് പങ്കെടുക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.