കരുണ വറ്റാത്ത വിളക്കുമാടങ്ങൾ

കരുണ വറ്റാത്ത വിളക്കുമാടങ്ങൾ


വയനാട്ടിലെ ആശ്രമത്തിലെ മറക്കാനാവാത്ത സ്മരണകളിൽ ഒന്നാണ് ചട്ടയും മുണ്ടും ധരിച്ച് പ്രാർത്ഥനക്കൂട്ടായ്മകൾക്ക് വരുന്ന വല്ല്യമ്മച്ചി. പ്രാർത്ഥന കഴിയുമ്പോൾ പള്ളിയിലെ നിലവിളക്കിൽ നിന്ന് എണ്ണയെടുത്ത് തലയിൽ തൂത്ത് കൈയിൽ കരുതിയ ചെറിയ കുപ്പിയിൽ അല്പം കൊണ്ടുപോവുകയും ചെയ്യും. "ഇത് തൂത്താൽ എന്റെ തലവേദനയ്ക്ക് ശമനം കിട്ടും" അതായിരുന്നു അമ്മച്ചിയുടെ വാക്കുകൾ. എപ്പോൾ വന്നാലും അച്ചന്മാരെക്കൊണ്ട് തലയിൽ കൈവച്ച് പ്രാർത്ഥന സ്വീകരിച്ചല്ലാതെ അമ്മച്ചി മടങ്ങുകയില്ല. വർഷങ്ങൾക്കു മുമ്പ് സംഭവിച്ച അപകടത്തിൽ അമ്മച്ചിയുടെ ശിരസിന് ക്ഷതമേറ്റിരുന്നു. അന്നു തുടങ്ങിയ തലവേദന പ്രായമേറിയിട്ടും നിഴൽപോലെ പിന്തുടരുന്നു.


കോവിഡ് കാലം പ്രാരംഭിച്ചപ്പോൾ പ്രാർത്ഥനാക്കൂട്ടായ്മ നിലച്ചു. എന്നാൽ പെൻഷൻ പണം ലഭിച്ചു കഴിഞ്ഞാൽ അടുത്തദിനങ്ങളിൽ തന്നെ വല്ല്യമ്മച്ചി ആശ്രമത്തിലെത്തുമായിരുന്നു.  കയ്യിൽ അച്ചന്മാർക്കുള്ള കുറച്ച് പലഹാരങ്ങളും ഉണ്ടാകും. ആശീർവ്വദിച്ച് കൊണ്ടുപോകാനുള്ള എണ്ണയും കരുതിയിട്ടുണ്ടാകും. വൃക്കദാന ശസ്ത്രക്രിയക്കു ശേഷം ഞാൻ വയനാട്ടിൽ എത്തിയ ദിനങ്ങളിൽ ഈ അമ്മച്ചി വന്നതോർക്കുന്നു. അന്നവർ കരഞ്ഞുകൊണ്ട് പങ്കുവച്ച വാക്കുകൾ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു.


"അച്ചനെ കാണാൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്. അച്ചന് ഒരാപത്തും വരുത്തല്ലേ .... വേണമെങ്കിൽ എന്റെ ജീവൻ എടുത്തോളൂ എന്ന് ഞാൻ എന്നും പ്രാർത്ഥിക്കുമായിരുന്നു..." കൊണ്ടുവന്ന പ്ലാസ്റ്റിക് കവർ എന്റെ കരങ്ങളിൽ ഏൽപിച്ചു. ഞാനത് തുറന്നു നോക്കി: രണ്ട് പായ്ക്കറ്റ് ബ്രഡ്, ബിസ്ക്കറ്റ്, ഓറഞ്ച്, ആപ്പിൾ ....  "ഇത്രയും സാധനങ്ങൾ വാങ്ങാൻ ഒത്തിരി പണമായില്ലേ?" "പണമൊന്നും പ്രശ്നമല്ല. എനിക്ക് മരുന്ന് വാങ്ങിക്കാനുള്ള പണം എന്റെ കൈയിലുണ്ട്. അച്ചൻ രോഗിയല്ലെ ....ഇവയെല്ലാം കഴിക്കണം .... പൂർണ്ണ ആരോഗ്യത്തോടെ ശുശ്രൂഷകൾ ചെയ്തു തുടങ്ങണം... വല്ലാതെ ക്ഷീണിച്ചു പോയിയിരിക്കുന്നു ..." തീരാത്ത പരിഭവങ്ങൾ... ഞാനവരുടെ ശിരസിൽ കരം വച്ചനുഗ്രഹിച്ചു. മിഴിനീർ തുടച്ച്....നിഷ്പാദുകയായ്...വേച്ചുവേച്ച്....86 വയസുളള ആ അമ്മച്ചി പതിയെ നടന്നുനീങ്ങി. അവർ കൊണ്ടുവന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചപ്പോൾ ദൈവത്തിന്റെ അനന്ത കരുതലും കരുണയും ഓർത്ത് കർത്താവിന് ഞാൻ നന്ദി പറഞ്ഞു.


സ്വന്തം ജീവനെക്കുറിച്ച് അധികമൊന്നും ചിന്തിക്കാതെ മറ്റുള്ളവർ സന്തോഷത്തോടെ ജീവിക്കണമെന്ന് കരുതുന്നവർ ഇന്നും നമുക്കിടയിലുണ്ട്. അങ്ങനെയുള്ള ചില നന്മമരങ്ങൾ ഉള്ളതുകൊണ്ടാണ് ഈ ലോകത്തിൽ ഇന്നും അദ്ഭുതങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നത്. "ഞാന്‍ ജീവന്റെ അപ്പമാണ്‌..... ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌"
(യോഹന്നാന്‍ 6 : 48,51) എന്ന ക്രിസ്തു മൊഴികൾ ഇവിടെ അന്വർത്ഥമാണ്. ക്രിസ്തുവിനെപ്പോലെ ജീവന്റെ അപ്പമാകാനുള്ള വിളിയാണ്
നമ്മൾ സ്വീകരിച്ചിട്ടുള്ളത് എന്ന ചിന്ത നമ്മെ നയിക്കട്ടെ. എങ്കിൽ മാത്രമെ സ്വാർത്ഥതയുടെ പുറന്തോടുകൾ തകർത്ത് മറ്റുള്ളവർക്ക് വേണ്ടി മുറിയപ്പെടാൻ തയ്യാറായ ദിവ്യകാരുണ്യങ്ങളായ് മാറാൻ നമുക്കും സാധ്യമാകൂ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.