അനുസരണയും എളിമയും ദയയും ജീവിത മൂല്യമാക്കിയ വിശുദ്ധ കാതറിന്‍ ഡി റിസി

അനുസരണയും എളിമയും ദയയും ജീവിത മൂല്യമാക്കിയ വിശുദ്ധ കാതറിന്‍ ഡി റിസി

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 13

പീറ്റര്‍ ഡി റിസി - കാതറിന്‍ ബോണ്‍സാ ദമ്പതികളുടെ മകളായി 1522 ല്‍ കാതറിന്‍ ഡി റിസി ജനിച്ചു. അലെക്‌സാണ്ട്രിന എന്നായിരുന്നു അവളുടെ മാമോദീസ പേര്. സന്യാസവൃതം സ്വീകരിച്ചപ്പോള്‍ കാതറിന്‍ എന്ന നാമം സ്വീകരിച്ചു. കാതറിന്റെ ചെറുപ്പത്തില്‍ തന്നെ അവള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് അമ്മൂമ്മയാണ് വളര്‍ത്തിയത്.

കാതറിന് ആറ് വയസ് കഴിഞ്ഞപ്പോള്‍ പിതാവ് അവളെ ഫ്‌ളോറെന്‍സിന്റെ നഗര കവാടത്തിനടുത്തുള്ള മോണ്ടിസെല്ലി കന്യാസ്ത്രീ മഠത്തില്‍ ചേര്‍ത്തു. അവളുടെ അമ്മായിയായിരുന്ന ലൂയിസാ ഡി റിസി അവിടത്തെ ഒരു കന്യാസ്ത്രീയായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്ന ഈ സ്ഥലം ഒരു സ്വര്‍ഗമായിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവ് അവളെ സ്വന്തം ഭവനത്തിലേക്ക് തിരികെ കൊണ്ടുവന്നു. സ്വന്തം ഭവനത്തിലും അവള്‍ തന്റെ പതിവ് പ്രാര്‍ത്ഥനകളും ഭക്തിപരമായ ജീവിത രീതിയും തുടര്‍ന്നു. പക്ഷെ അവിടത്തെ സുഖലോലുപതയും മറ്റ് തടസങ്ങളും ഒഴിവാക്കാനാവാത്തതായിരുന്നു.

അതിനാല്‍ അവള്‍ പതിനാലാമത്തെ വയസില്‍ വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ച് തന്റെ പിതാവിന്റെ അനുവാദം നേടി 1535 ല്‍ ടസ്‌ക്കാനിയിലെ പ്രാറ്റിലുള്ള ഡോമിനിക്കനെസെസ് കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്ന് സന്യാസ ശിരോവസ്ത്രം സ്വീകരിച്ചു. അവളുടെ അമ്മാവനായിരുന്ന ഫാ. തിമോത്തി ഡി റിസിയായിരുന്നു അവിടത്തെ ഡയറക്ടര്‍.

കാതറിന്റെ അനുസരണയും എളിമയും ദയയും അവളുടെ അനുതാപത്തിന്റെ പ്രസരിപ്പിനേക്കാള്‍ ഉന്നതിയിലായിരുന്നു. എപ്പോഴും മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുവാനായിരുന്നു ഇഷ്ടം. ദൈവത്തിന് ഏറ്റവും പ്രിയങ്കരമായ നന്മ പ്രവര്‍ത്തികള്‍ ചെയ്യുവാനുള്ള ഒരവസരവും അവള്‍ ഒഴിവാക്കിയിരുന്നില്ല. തിന്മയുടേതായ എല്ലാ പ്രലോഭനങ്ങളെയും അവള്‍ ശക്തമായി പ്രതിരോധിച്ചിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ കാതറിന്‍ മഠത്തില്‍ സന്യാസിനീ വൃതം സ്വീകരിക്കുവാന്‍ തയ്യാറെടുക്കുന്നവരുടെ മേല്‍നോട്ടക്കാരിയായി. പിന്നീട് സഹ ആശ്രമാധിപയും 25 വയസായപ്പോള്‍ മുഖ്യ ആശ്രമാധിപയുമായി. അവളുടെ അസാധാരണമായ ദിവ്യത്വത്തിന്റേയും വിവേകത്തിന്റേയും കീര്‍ത്തി മൂലം മെത്രാന്‍മാര്‍, രാജകുമാരന്‍മാര്‍, കര്‍ദ്ദിനാള്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ നിരവധി ആളുകള്‍ അവളെ സന്ദര്‍ശിക്കുവാനെത്തി.

വിശുദ്ധ ഓസ്റ്റിനെ ഈജിപ്തിലെ വിശുദ്ധ ജോണുമായി ബന്ധപ്പെടുത്തിയത് പോലെ വിശുദ്ധ ഫിലിപ്പ് നേരി വിശുദ്ധ കാതറീന്‍ റിസിയുമായി ബന്ധപ്പെട്ടു. നിരവധി കത്തുകളിലൂടെ പരസ്പരം അറിഞ്ഞ ഇവര്‍ തമ്മില്‍ കാണണമെന്ന ആഗ്രഹവുമായി ഇരിക്കുമ്പോള്‍ റോമില്‍ തടവിലായ വിശുദ്ധ ഫിലിപ്പ് നേരി ഒരു ദര്‍ശനത്തില്‍ വിശുദ്ധ കാതറീനെ കണ്ടു. കുറെ നേരം അവര്‍ പരസ്പരം സംസാരിച്ചു.

താന്‍ റോമില്‍ തടവിലായിരിക്കുമ്പോള്‍ കാതറീന്‍ ഡി റിസി തനിക്ക് ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടു എന്ന് വിശുദ്ധ ഫിലിപ്പ് നേരി തന്നെ പിന്നീട് പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധ ഫിലിപ്പിന്റെ ജീവിതത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തില്‍ ബാസിയും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.

ഫിലിപ്പ് നേരിയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു വേണ്ടിയുള്ള തന്റെ ഔദ്യോഗിക രേഖയില്‍ ഗ്രിഗറി പതിനഞ്ചാമന്‍ പാപ്പ, വിശുദ്ധ ഫിലിപ്പ് നേരി റോമില്‍ താമസിക്കുന്ന കാലത്ത് ടസ്‌ക്കാനിയിലെ പ്രാറ്റിലുള്ള കാതറീന്‍ റിസി എന്ന കന്യാസ്ത്രീയുമായി ഒരുപാടു നേരം ദര്‍ശനത്തില്‍ സംസാരിച്ചിരുന്നുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും മനോഹരമായത് യേശുവിന്റെ ജീവിതത്തേയും സഹനങ്ങളെയും കുറിച്ചുള്ള വിശുദ്ധയുടെ ധ്യാനമാണ്. ഇത് വിശുദ്ധയുടെ നിത്യേനയുള്ള ഒരു പ്രവര്‍ത്തിയായിരുന്നു. എല്ലാ ആഴ്ചകളിലേയും വ്യാഴാഴ്ച ഉച്ച മുതല്‍ വെള്ളിയാഴ്ച മൂന്നുമണി വരെ അവള്‍ വളരെ ഏകാഗ്രതയോടെ ധ്യാനിച്ചു പോന്നു. നീണ്ടകാലം രോഗശയ്യയിലായതിനു ശേഷം തന്റെ 67-മത്തെ വയസില്‍ 1589 ഫെബ്രുവരി രണ്ടിന് പരിശുദ്ധ ദൈവമാതാവിന്റെ ശുദ്ധീകരണ തിരുനാള്‍ ദിവസം അവള്‍ നിത്യാനന്ദത്തിലേക്ക് പ്രവേശിച്ചു.

1732 ല്‍ ക്ലമന്റ് പന്ത്രണ്ടാമന്‍ മാര്‍പാപ്പാ കാതറീന്‍ ഡി റിസിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു, 1746 ല്‍ ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പാ അവളെ വിശുദ്ധയായും പ്രഖ്യാപിച്ചു. ഫെബ്രുവരി 13നാണ് ഈ വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അഗാമ്പുസ്

2. മിലാനിലെ അയിമോ

3. വെയില്‍സിലെ ഡൈനോഗ്

4. ഉംബ്രിയായിലെ ബെനിഞ്ഞൂസ്

5. ഐറിഷുകാരനായ മോഡോംനോക്ക്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.