0 എല്‍.ജി.ബി.ടി.ഐ.ക്യു., ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് കൂടുതല്‍ അവകാശങ്ങള്‍
0 ബില്‍ പിന്‍വലിക്കണമെന്ന് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി
0 ബില്ലിന്മേലുള്ള തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചു
കാന്‍ബറ: ഓസ്‌ട്രേലിയയില്‍ മതവിശ്വാസികളായ പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന മതപരമായ വിവേചന നിയന്ത്രണ ബില്‍ പാര്‍ലമെന്റിലെ ലോവര്‍ ഹൗസില്‍ ഭേദഗതികളോടെ പാസായെങ്കിലും എതിര്‍പ്പുകളെതുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
മതവിശ്വാസികള്‍ക്ക് നിയമപരമായ അധിക പരിരക്ഷ ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയും സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന വിവേചനപൂര്‍ണമായ നിയമങ്ങളില്‍നിന്നു സംരക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയുമാണ് ബില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഒരു രാത്രി നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഫെഡറല്‍ പാര്‍ലമെന്റില്‍ ബില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ പാസായത്. എന്നാല്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രത്യേക താല്‍പര്യമെടുത്ത് അവതരിപ്പിച്ച ബില്ലിനെതിരേ ഭരണപക്ഷത്തെ എം.പിമാരായ ബ്രിഡ്ജറ്റ് ആര്‍ച്ചര്‍, ട്രെന്റ് സിമ്മര്‍മാന്‍, കാറ്റി അലന്‍, ഫിയോണ മാര്‍ട്ടിന്‍, ഡേവ് ശര്‍മ്മ എന്നിവര്‍ പ്രതിപക്ഷത്തെ എംപിമാര്‍ക്കൊപ്പം രംഗത്തുവന്നത് സര്‍ക്കാരിനു തിരിച്ചടിയായി. മതപരമായ വിവേചന നിയന്ത്രണ ബില്ലിനെ 65 പേര്‍ അനുകൂലിച്ചപ്പോള്‍ 57 പേര്‍ എതിര്‍ത്തു േവാട്ട് ചെയ്തു.
മതവിശ്വാസങ്ങള്‍ പിന്തുടരുന്ന സ്ഥാപനങ്ങളില്‍ എല്‍.ജി.ബി.ടി.ഐ.ക്യു., ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന നിയമഭേദഗതികള്‍ ബില്ലില്‍ ചേര്‍ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സമ്മര്‍ദത്തെതുടര്‍ന്ന് സര്‍ക്കാരിന് വഴങ്ങേണ്ടി വന്നതാണ് എതിര്‍പ്പുകള്‍ ഉയരാന്‍ കാരണമായത്. ഈ നിയമഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നാല്‍ തങ്ങള്‍ പാലിച്ചുപോരുന്ന മതവിശ്വാസങ്ങള്‍ മറികടന്ന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടി വരും എന്നതാണ് ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തുന്ന ആശങ്ക. തുടര്‍ന്നാണ് ബില്ലിന്മേലുള്ള തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചത്.
മതവിശ്വാസം പിന്തുടരുന്ന സ്‌കൂളുകളില്‍ ലിംഗാടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളോടുള്ള വിവേചനം തടയുന്ന ഭേദഗതിയാണ് ബില്ലില്‍ ചേര്‍ത്തത്. സ്വവര്‍ഗാനുരാഗകളായ വിദ്യാര്‍ഥികള്‍ക്കും നിയമ പരിരക്ഷ ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഓസ്‌ട്രേലിയയിലെ ക്രൈസ്തവ വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബില്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പാസാകാതിരുന്നത് കടുത്ത നിരാശയ്ക്കു കാരണമായി.
മതപരമായ വിവേചന നിയന്ത്രണ ബില്‍ മോറിസണ്‍ സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി അഭിപ്രായപ്പെട്ടത്. വിശ്വാസാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെ സഹായിക്കാന്‍ ഉദ്ദേശിച്ചാണ് ബില്‍ കൊണ്ടുവന്നത്. എന്നാല്‍ അവ ഇപ്പോള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്ന് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി നാഷണല്‍ ഡയറക്ടര്‍ വെന്‍ഡി ഫ്രാന്‍സിസ് കുറ്റപ്പെടുത്തി.
ബില്ലിന് ഇതുവരെ നല്‍കിയിരുന്ന എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി വ്യക്തമാക്കി. നിയമ നിര്‍മാണത്തിനു വേണ്ടി ഒപ്പുശേഖരണം വരെ സംഘടന നടത്തിയിരുന്നു. എന്നാല്‍ ബില്‍ അതിന്റെ യഥാര്‍ഥ രൂപത്തില്‍നിന്ന് ഒട്ടേറെ മാറ്റം വരുത്തിയതിനാല്‍ നിയമനിര്‍മാണം കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
'ക്രിസ്ത്യന്‍ സ്‌കൂളുകളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലില്‍ വെള്ളം ചേര്‍ക്കുന്നതിലും ഭേദം പിന്‍വലിക്കുന്നതാണ്. വിശ്വാസാധിഷ്ഠിത സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷവും കൂറു മാറിയ ഭരണപക്ഷത്തെ എംപിമാരും അനാവശ്യമായി ഇടപെടുകയാണ്. മതസ്വാതന്ത്ര്യത്തിന് ഹാനികരമായ ഭേദഗതികളോടെ പാസാക്കിയ ബില്‍ സര്‍ക്കാര്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് വെന്‍ഡി ഫ്രാന്‍സിസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ പാരമ്പര്യവും സംസ്‌കാരവും വിലക്കുന്നതില്‍നിന്ന് സംരക്ഷണം നല്‍കാനാണ് നിയമനിര്‍മാണത്തിലൂടെ ഉദ്ദേശിച്ചിരുന്നത്.
നിര്‍ദ്ദിഷ്ട നിയമം മതവിശ്വാസങ്ങള്‍ സംബന്ധിച്ച നിലപാടുകളില്‍ ഫെഡറല്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന വ്യക്തമായ സൂചനയാണു നല്‍കിയിരുന്നത്. മതവിശ്വാസികളായ ഓസ്‌ട്രേലിയക്കാര്‍ എവിടെയും മാറ്റിനിര്‍ത്തപ്പെടരുതെന്നും അവരുടെ നിലപാടുകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം കല്‍പ്പിക്കണമെന്നും ബില്‍ ശിപാര്‍ശ ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ ഭേദഗതികളോടെ പാസാക്കിയ ബില്‍ മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കൂച്ചുവിലങ്ങാണെന്ന് വിശ്വാസികള്‍ ഒരേസ്വരത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.