സിഐടിയു സമരം: പ്രവാസം അവസാനിപ്പിച്ച് തുടങ്ങിയ കട അടച്ചുപൂട്ടേണ്ടി വന്നെന്ന് കടയുടമ

സിഐടിയു സമരം: പ്രവാസം അവസാനിപ്പിച്ച് തുടങ്ങിയ കട അടച്ചുപൂട്ടേണ്ടി വന്നെന്ന് കടയുടമ

കണ്ണൂര്‍: സിഐടിയുവിന്റെ നിരന്തര സമരവും ഭീഷണിയും മൂലം പ്രവാസ ജീവിതം അവസാനിപ്പിച്ച് തുടങ്ങിയ കട അടച്ചുപൂട്ടേണ്ടി വന്നതായി കടയുടമ. കണ്ണൂര്‍ മാതമംഗലത്തെ എസ്.ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്‍ഡ്വെയര്‍ ഷോപ്പിന്റെ ഉടമയാണ് ആരോപണവുമായി രംഗത്തെത്തിയത്. കച്ചവടമെല്ലാം നിലച്ചതോടെ ഒരാഴ്ചയായി കട അടച്ചിട്ടിരിക്കുകയാണെന്നും ഉടമ റബീഹ് മുഹമ്മദ് പറയുന്നു.

രണ്ടു മാസത്തോളമായി റബീഹിന്റെ കടക്ക് മുന്നില്‍ സിഐടിയു സമരം നടത്തി വരികയായിരുന്നു. കടക്ക് മുന്നില്‍ പന്തല്‍ കെട്ടിയാണ് സമരം. കടയിലേക്ക് വരുന്ന ആളുകളെ സിഐടിയുക്കാര്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് മൂലം വ്യാപാരം ആകെ ദുരിതത്തിലായെന്നും ഇപ്പോള്‍ അടച്ചുപൂട്ടേണ്ടി വന്നെന്നും റബീഹ് ആരോപിച്ചു. കടയില്‍ സാധനം വാങ്ങിയ ഒരു ഉപഭോക്താവിനെ നടുറോട്ടിലിട്ട് തല്ലുന്ന സാഹചര്യവുമുണ്ടായി.

പൊലീസ് സംരക്ഷമുണ്ടെങ്കിലും അവര്‍ അവിടെ വന്നിരിക്കുകയല്ലാതെ ഒന്നും ചെയ്യാറില്ലെന്ന് റബീഹ് പറയുന്നു. പൊലീസിന്റെ മുന്നില്‍ വെച്ചാണ് ഭീഷണിപ്പെടുത്തലും മറ്റും. കടയിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നതിനും തടസം സൃഷ്ടിക്കുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ല. ചെറുപ്പം മുതല്‍ പ്രവാസിയാണ്. അടുത്തിടെയാണ് തിരിച്ചെത്തിയത്. പ്രശ്നം രാഷ്ട്രീയവത്കരിക്കാനും ശ്രമമുണ്ടായെന്നും റബീഹ് പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് വന്നശേഷം കഴിഞ്ഞ വര്‍ഷമാണ് റബീഹ് കട ആരംഭിച്ചത്. കടയിലേക്ക് സാധനങ്ങള്‍ ഇറക്കാന്‍ സ്വന്തം തൊഴിലാളികള്‍ക്ക് ഹൈക്കോടതി മുഖാന്തിരം ലേബര്‍കാര്‍ഡ് വാങ്ങിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സിഐടിയു സമരത്തിലേക്ക് നയിച്ചത്. അതേ സമയം തങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിരഹാര സമരം മാത്രമാണ് നടത്തുന്നതെന്നും മറ്റൊരു ഇടപെടലും നടത്തുന്നില്ലെന്നും സിഐടിയു പ്രതികരിച്ചു.

എന്നാല്‍ സ്ഥാപനം അടച്ചിട്ടിരിക്കുന്നത് തൊഴില്‍ തര്‍ക്കം മൂലമല്ലെന്നും പഞ്ചായത്ത് ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണെന്നുമാണ് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.