പരേതനായ പിതാവിന്റെ പേരിലുള്ള പുഷ്പം വിരിഞ്ഞില്ല; തോട്ടക്കാര്‍ക്ക് കഠിന ശിക്ഷ നല്‍കി കിം ജോങ് ഉന്‍

പരേതനായ പിതാവിന്റെ പേരിലുള്ള പുഷ്പം വിരിഞ്ഞില്ല; തോട്ടക്കാര്‍ക്ക് കഠിന ശിക്ഷ നല്‍കി കിം ജോങ് ഉന്‍

പ്യോങ്യാങ്ങ്: ഉത്തര കൊറിയയിലെ മുന്‍ സ്വേച്ഛാധിപതി കിം ജോങ്-ഇലിന്റെ ജന്മദിനത്തില്‍ 'കിംജോംഗിലിയ' ബിഗോണിയ പുഷ്പങ്ങള്‍ വിരിയുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട 'കുറ്റ'ത്തിന് ശിക്ഷയായി തോട്ടക്കാരെ ലേബര്‍ ക്യാമ്പുകളിലേക്ക് അയയ്ക്കുന്നു.സാംസു കൗണ്ടിയിലെ ഫാമിന്റെ മാനേജരെ അറസ്റ്റ് ചെയ്തു.നിര്‍ബന്ധിത ലേബര്‍ ക്യാമ്പില്‍ ആറ് മാസം തടവു ശിക്ഷയാണ് കിം ജോങ്-ഇലിന്റെ കൊച്ചുമകനായ ഇപ്പോഴത്തെ സ്വേച്ഛാധിപതി കിം ജോങ് ഉന്‍ വിധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.പലര്‍ക്കും ലേബര്‍ ക്യാമ്പില്‍ മാസങ്ങളോളം ശിക്ഷ കിട്ടിക്കഴിഞ്ഞു.

ഫെബ്രുവരി 16ന് ആണ് ഉത്തര കൊറിയ കിം ജോങ്-ഇലിന്റെ പിറന്നാള്‍ 'തിളങ്ങുന്ന നക്ഷത്ര ദിനം' എന്ന വിശേഷണവുമായി ആഘോഷിക്കുന്നത്. മുന്നോടിയായി നഗരങ്ങളിലെ തെരുവുകള്‍ ചുവന്ന പൂക്കളാല്‍ നിറഞ്ഞിരിക്കുകയാണ്. കിം ഇല്‍ സുങ് 1948-ല്‍ രാജ്യം സ്ഥാപിച്ചതു മുതല്‍ കിം കുടുംബത്തിലെ മൂന്ന് തലമുറകള്‍ ഉത്തര കൊറിയ ഭരിച്ചു. 1994-ല്‍ കിം ഇല്‍ സുങ് മരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മൂത്ത മകന്‍ കിം ജോങ്-ഇലിന് അധികാരം ലഭിച്ചു.2011-ല്‍ പിതാവിന്റെ മരണത്തോടെയാണ് കിം ജോങ്-ഇലിന്റെ ഇളയ മകനായ കിം ജോങ് ഉന്‍ അധികാരമേറ്റെടുത്തത്.കിം ജോങ്-ഇല്‍ തന്റെ അച്ഛനെ മറികടക്കും വിധം 17 വര്‍ഷം ക്രൂരമായ സ്വേച്ഛാധിപത്യത്തില്‍ രാജ്യം ഭരിച്ചതിന് ശേഷമാണ്് 69 ആം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

1988-ല്‍ കിം ജോങ്-ഇലിന്റെ ജന്മദിനം പ്രമാണിച്ച് ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ കാമോ മോട്ടോതെരു സൃഷ്ടിച്ച 'കിംജോംഗിയ' പൂക്കളുടെ ഒരു പ്രദര്‍ശനത്തിന് പ്രാദേശിക പാര്‍ട്ടി കമ്മിറ്റി ഉത്തരവിട്ടതായി ഹാന്‍ എന്ന് പേരുള്ള പ്രധാന തോട്ടക്കാരനോട് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. പരിപാടിയുടെ സമയത്ത് പൂക്കള്‍ വിടരുന്നത് ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥരോട് വിശദീകരിക്കാന്‍ ഹാന്‍ ശ്രമിച്ചപ്പോള്‍, ഫാമിലെ തന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പിരിച്ചുവിട്ടു. ആറ് മാസത്തെ ശിക്ഷയും നല്‍കി. ഹരിതഗൃഹ ബോയിലറുകളുടെ താപനില 'ശരിയായി' സജ്ജീകരിക്കാത്തതിനാല്‍ മറ്റൊരു തോട്ടക്കാരനെയും ലേബര്‍ ക്യാമ്പില്‍ മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു.

'കിംജോംഗിലിയ' പൂക്കള്‍ വളരുന്ന ഹരിതഗൃഹങ്ങളില്‍ ഈ വര്‍ഷം ശരിയായ താപനിലയും ഈര്‍പ്പവും ലഭിക്കാന്‍ തോട്ടക്കാര്‍ സ്ഥിരമായി വിറക് വിതരണം ചെയ്യാന്‍ പാടുപെട്ടതായി ഡെയ്‌ലി എന്‍കെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തോട്ടക്കാര്‍ ചെടികളെ അവഗണിച്ചതായുള്ള ആരോപണം ഉയരുന്നത് ഇതിനിടെയാണ്. ഉത്തര കൊറിയയില്‍, 'കിംജോംഗിലിയ'യെ 'അനശ്വര പുഷ്പം' എന്ന് പരാമര്‍ശിക്കുന്നു. ചെടി വളര്‍ത്തുന്നതിനുള്ള പ്രത്യേക ഹരിതഗൃഹം രാജ്യത്തുടനീളം കാണാം. എന്നിരുന്നാലും, പൂക്കള്‍ വളര്‍ത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ കാരണം, ചൈനയില്‍ നിന്ന് ചെമന്ന പൂക്കള്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നുണ്ട്.

കിം ജോങ്-ഇലിന്റെ ജന്മദിനം ഉത്തര കൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട അവധി ദിവസങ്ങളിലൊന്നാണ്. വാര്‍ഷികത്തിന് എന്ത് പരിപാടികളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് രാജ്യം വെളിപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ ജന്മദിനങ്ങളിലും മറ്റ് പ്രധാന സംസ്ഥാന വാര്‍ഷികങ്ങളിലും, ഐക്യം ശക്തിപ്പെടുത്തുന്നതിനും എതിരാളികളെ ഭയപ്പെടുത്തുന്നതിനുമായി ആയുധ സംവിധാനങ്ങള്‍ നിരത്തി വന്‍ സൈനിക പരേഡ് ആണ് നടത്തിയിരുന്നത്.

മാധ്യമ റിപ്പോര്‍ട്ടുകള്‍  പ്രകാരം, കിം ജോങ്-ഇലിന്റെ ന്റെ മരണത്തിന് പത്ത് വര്‍ഷത്തിന് ശേഷം, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ചിരിക്കാനോ മദ്യം കുടിക്കാനോ അനുവാദമില്ലാത്ത 11 ദിവസത്തെ ദുഃഖാചരണം ജനങ്ങള്‍ക്കു നിര്‍ബന്ധിതമാക്കി.അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു പോലും വിലക്കുണ്ടായിരുന്നു. അന്തരിച്ച ഏകാധിപതിയുടെ മരണത്തെ ഉത്തര കൊറിയ അനുസ്മരിക്കുന്ന സമയത്ത് സന്തോഷത്തിന്റെ അടയാളങ്ങളൊന്നും കാണിക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.