വാഷിങ്ടണ്‍: ഉക്രെയ്ന്‍ വിഷയത്തില്‍ റഷ്യയ്ക്ക് താക്കീതുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഉക്രെയ്‌നെ ആക്രമിച്ചാല്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
റഷ്യയുടെ അധിനിവേശം വ്യാപകമായ ദുരന്തങ്ങള്‍ക്ക് കാരണമാകും. പ്രതിസന്ധി അവസാനിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ നയതന്ത്രത്തിന് പ്രതിജ്ഞാബദ്ധരാണ്. എങ്കിലും മറ്റ് വിപരീത സാഹചര്യങ്ങള്‍ നേരിടാനും തയാറാണെന്ന് ബൈഡന്‍ പുടിനെ അറിയിച്ചതായി വൈറ്റ്ഹൗസ് വിശദമാക്കി. റഷ്യ അയല്‍രാജ്യത്തെ ആക്രമിച്ചാല്‍ യു.എസും സഖ്യകക്ഷികളും നിര്‍ണായകമായി പ്രതികരിക്കുമെന്നും അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. മണിക്കൂറുകളോളം നീണ്ട ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
ഒരു മണിക്കൂറിലേറെ നീണ്ട സംഭാഷണത്തില്‍, സംഘര്‍ഷാവസ്ഥ ലഘൂകരിക്കണമെന്നും ഉക്രെയ്‌നുമായി നയതന്ത്രത്തില്‍ ഏര്‍പ്പെടണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രെയിന് നേരെയുള്ള റഷ്യന്‍ അധിനിവേശം ആരംഭിച്ചേക്കാമെന്നും ഫെബ്രുവരി 20ന് ബീജിങില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സിന് മുമ്പ് അവസാനിച്ചേക്കുമെന്നും യു.എസ് ഇന്റലിജന്‍സ് സൂചിപ്പിക്കുന്നതായി ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്.
ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉക്രെയ്‌നില്‍നിന്ന് മിക്ക യു.എസ് എംബസികളെയും ഒഴിപ്പിക്കുകയും ഫ്‌ളോറിഡ നാഷനല്‍ ഗാര്‍ഡില്‍നിന്ന് 140 സൈനികരുടെ ചെറിയ സംഘത്തെ രാജ്യത്തുനിന്ന് പിന്‍വലിക്കുകയും ചെയ്തു. ഇതിനു മണിക്കൂറുകള്‍ക്കകമാണ് ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചത്.
അതേസമയം ചര്‍ച്ച കൊണ്ട് അനുദിനം വികസിക്കുന്ന പ്രതിസന്ധിയില്‍ അടിസ്ഥാനപരമായ മാറ്റമൊന്നും ഉണ്ടാക്കിയില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചു. സൈനിക നടപടികളുമായി മുന്നോട്ടുപോകാന്‍ പുടിന്‍ അന്തിമ തീരുമാനമെടുത്തിട്ടുണ്ടോയെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യ ഉടന്‍ ഉക്രെയിനെ ആക്രമിക്കുമെന്ന് ബൈഡന്‍ ഭരണകൂടം ആഴ്ചകളായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചൈനയുമായി ശത്രുത ഉണ്ടാകാതിരിക്കാന്‍ ഒളിമ്പിക്സ് അവസാനിക്കുന്നതുവരെ റഷ്യ കാത്തിരിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. ഉക്രെയ്ന്‍ അതിര്‍ത്തിക്കടുത്ത് ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിക്കുകയും അയല്‍രാജ്യമായ ബെലാറസില്‍ പരിശീലനത്തിനായി സൈന്യത്തെ അയക്കുകയും ചെയ്തു.
അതേസമയം ബൈഡനുമായി സംസാരിക്കുന്നതിന് മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പുടിന്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഈ ചര്‍ച്ച നിലവിലെ പിരിമുറുക്കങ്ങള്‍ തണുപ്പിക്കുന്നതില്‍ ചെറിയ പുരോഗതി കൈവരിച്ചതായി സൂചിപ്പിക്കുന്നുവെന്ന് ക്രെംലിന്‍ അറിയിച്ചു.
ഉക്രെയ്‌നില്‍നിന്ന് റഷ്യ 8 വര്‍ഷം മുന്‍പ് പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപ് തീരത്തു റഷ്യയുടെ ആറു യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും അഭ്യാസം തുടങ്ങി. എന്നാല്‍, ആക്രമണ പദ്ധതി ഇല്ലെന്നാണു റഷ്യ ആവര്‍ത്തിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.