ഉക്രെയ്നിലെ ഇന്ത്യാക്കാരുടെ ഡാറ്റ ശേഖരിച്ച് എംബസി; പലായന സാധ്യത മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പ്

ഉക്രെയ്നിലെ ഇന്ത്യാക്കാരുടെ ഡാറ്റ ശേഖരിച്ച് എംബസി; പലായന സാധ്യത മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പ്

കീവ്/ ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ആക്രമണ ഭീതിയിലായ ഉക്രെയ്നില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ നീക്കമാരംഭിച്ചിട്ടും ഇന്ത്യ മൗനം പാലിക്കുകയാണെങ്കിലും കീവിലെ ഇന്ത്യന്‍ എംബസി ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട തയ്യാറെടുപ്പുകളിലാണെന്നു സൂചന. ഉക്രെയ്നിലെ ഇന്ത്യന്‍ പൗരന്മാരെ എംബസി ബന്ധപ്പെട്ട് വിശദമായ ഡാറ്റയ്ക്കു രൂപം നല്‍കുന്നതായി മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചു.

പൗരന്മാരെ ഒഴിപ്പിക്കാന്‍ ആവശ്യമായേക്കാവുന്ന വിഭവങ്ങള്‍ക്കായി ന്യൂഡല്‍ഹി പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നുണ്ടെന്ന് കീവിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അനൗപചാരികമായി സൂചിപ്പിക്കുന്നുണ്ട്.ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ കോളേജുകളുള്ള ഉക്രെയ്ന്‍ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഒരു ലക്ഷ്യസ്ഥാനമാണ്. രാജ്യത്ത് നിലവില്‍ 10,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടെന്നാണ് ഏകദേശ കണക്ക്. കൂടാതെ, ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളുടെ എണ്ണവും ചെറുതല്ല.

റഷ്യയില്‍ നിന്നുള്ള അധിനിവേശം ആസന്നമാണെന്ന് ഏറെക്കുറെ തീര്‍ച്ച വന്നതോടെയാണ് യു.എസും യുണൈറ്റഡ് കിംഗ്ഡവും പൗരന്മാരോട് എത്രയും വേഗം ഉക്രെയ്ന്‍ വിടാന്‍ ആവശ്യപ്പെട്ടത്.അതേസമയം, യു.എസിനെയും യുകെയെയും പിന്തുടര്‍ന്ന് ഇന്ത്യ സമാനമായ നീക്കം ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ലെന്ന് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു.

'മൂന്നാഴ്ച മുമ്പ്, കീവിലെ ഇന്ത്യന്‍ എംബസി ഞങ്ങളെ ഇമെയിലില്‍ ബന്ധപ്പെടാന്‍ തുടങ്ങി. പൂരിപ്പിച്ചു നല്‍കാന്‍ ഒരു ഫോം അയച്ചു തന്നു. ഉക്രെയ്നിലെ ഞങ്ങളുടെ ലൊക്കേഷന്‍ പോലുള്ള വിശദാംശങ്ങളും ഇന്ത്യന്‍ പൗരന്മാരുടെ പെട്ടെന്നുള്ള ഒഴിപ്പിക്കല്‍ ആവശ്യമായി വന്നാല്‍ ഉപയോഗിക്കാവുന്ന മറ്റ് പ്രസക്തമായ വിവരങ്ങളും ഫോമില്‍ ചോദിച്ചിട്ടുണ്ട്,' ടെര്‍നോപില്‍ മെഡിസിന്‍ പഠിക്കുന്ന ശിവം ദുബെ പറഞ്ഞു.

പൗരന്മാര്‍ പട്ടാളത്തിലേക്ക്

പടിഞ്ഞാറന്‍ ഉക്രെയ്‌നില്‍ സ്ഥിതി ചെയ്യുന്ന ടെര്‍നോപില്‍, കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ഡോണ്‍ബാസില്‍ നിന്ന് വളരെ അകലെയാണ്. ഡോണ്‍ബാസിലിന്റെ റഷ്യന്‍ ഭാഗത്ത് സൈനിക ഉദ്യോഗസ്ഥരുടെയും കനത്ത ആയുധങ്ങളുടെയും വന്‍തോതിലുള്ള സാന്നിധ്യമുണ്ട്്. കിഴക്ക്- വടക്ക് ഭാഗത്തെ കരിങ്കടല്‍ തീരത്ത് നിന്ന് റഷ്യ ഉക്രെയ്‌നെ വളഞ്ഞിട്ടുണ്ടെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥര്‍ പറയുന്നു. റഷ്യയും ബെലാറസും ഉക്രെയ്‌നിന്റെ വടക്കന്‍ ഭാഗത്ത് സൈനികാഭ്യാസം നടത്തിവരികയുമാണ്.


എന്നിരുന്നാലും, ഒരു അധിനിവേശത്തെക്കുറിച്ച് ഇപ്പോള്‍ ഉക്രെയ്‌നിലെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഇല്ലെന്ന് ദുബെ പറഞ്ഞു. ഉക്രേനിയന്‍ നയതന്ത്ര വൃത്തങ്ങള്‍ ശാന്തത പാലിക്കാന്‍ ആവശ്യപ്പെടുകയും റഷ്യയുടെ ആക്രമണ സാധ്യതയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും അതിശയോക്തിപരമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.

റഷ്യയുമായുള്ള അതിര്‍ത്തിയിലെ സൈനിക സന്നാഹം സാധാരണ ജീവിതത്തെ ബാധിക്കാതെ തുടരുകയാണെന്നും എന്നാല്‍ റഷ്യന്‍ സേനയെ ചെറുക്കാന്‍ ഉക്രെയ്ന്‍ ജനങ്ങളെ സജ്ജരാക്കുകയാണെന്നും ദുബെ പറഞ്ഞു. സായുധ സേവനങ്ങള്‍ക്കു സന്നദ്ധരാകണമെന്ന് പൗരന്മാരോട് കീവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റഷ്യയുമായി സംഭവിച്ചേക്കാവുന്ന സൈനിക സംഘട്ടനത്തിനുള്ള തയ്യാറെടുപ്പിനായി നിരവധി വ്യക്തികള്‍ സായുധ സേനയില്‍ ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.കിഴക്കന്‍ ഉക്രെയ്‌നില്‍ സംഘര്‍ഷം ഇനിയും തീവ്രമായാല്‍ ധാരാളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യത തെളിഞ്ഞുവരുന്നു.

ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ ഉക്രെയ്‌നിലാണെന്നാണ്. ചുരുക്കം ചിലര്‍ മാത്രമാണ് കിഴക്കന്‍ ഭാഗത്തും കരിങ്കടല്‍ തീരത്തിനടുത്തുമുള്ളത്. സമീപ വര്‍ഷങ്ങളില്‍, യെമന്‍, ദക്ഷിണ സുഡാന്‍, ഇറാന്‍ തുടങ്ങിയ ലോകത്തെ യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യ നിരവധി ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളാണു നടത്തിയത്.ആയിരക്കണക്കിന് ഇന്ത്യക്കാരെ വിമാനങ്ങളിലോ കപ്പലുകളിലോ നാട്ടിലെത്തിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.