ന്യൂഡല്‍ഹി: ഗോവയിലും ഉത്തരാഖണ്ഡിലും പോളിംങ് തുടങ്ങി. ഗോവയില്‍ 40 നിയോജക മണ്ഡലങ്ങളിലും ഒന്നിച്ചാണ് പോളിംഗ് നടക്കുന്നത്. 301 സ്ഥാനാര്‍ഥികളാണ് ഇവിടെ നിന്ന് ജനവിധി തേടുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പ് ദിവസം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഭിപ്രായ സര്‍വേകള്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് അവസാന ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന.
വോട്ടിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ വരാനിടയുള്ളൂ. സീറ്റിന്റെ കാര്യത്തിലും നാലോ അഞ്ചോ എണ്ണത്തിന്റെ മാറ്റം വന്നേക്കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആരുടെ വോട്ട് ബാങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്നതിനെ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി. പതിവുപോലെ പ്രാദേശിക പാര്‍ട്ടികളും ജാതി സമവാക്യങ്ങളും ഇത്തവണയും നിര്‍ണായകമായിരിക്കും. തീരദേശത്ത് ബിജെപിയെ ശക്തമാക്കിയ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഗോവ നേരിടുന്നത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പനാജി നിയമസഭാ സീറ്റിന് അതിന്റേതായ പ്രാധാന്യമുണ്ട്. പനാജിയെ പ്രതിനിധീകരിച്ച മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറും ബിജെപിക്കെതിരെ പിതാവിന്റെ പനാജി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട്. പനാജിയില്‍ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഉത്പല്‍ പരീക്കര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു.
അതേസമയം ഉത്തരാഖണ്ഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 13 ജില്ലകളിലെ 70 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 81 ലക്ഷം വോട്ടര്‍മാരാണ് 632 സ്ഥാനാര്‍ഥികളുടെ വിധി എഴുതുന്നത്. 2000ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷമുള്ള അഞ്ചാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇടയിലും ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി എന്നിവര്‍ വാശിയേറിയ പ്രചാരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാല്‍ റായ്, ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി തുടങ്ങിയ നേതാക്കള്‍ പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നിരുന്നു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോട് പരാജയപ്പെട്ട കോണ്‍ഗ്രസ് തങ്ങളുടെ തട്ടകം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ ആകെയുള്ള 70 സീറ്റുകളില്‍ 57ഉം ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 11 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. രണ്ട് സീറ്റുകള്‍ സ്വതന്ത്രര്‍ നേടി. ഇത്തവണ ആം ആദ്മി പാര്‍ട്ടിയും (എഎപി) സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.