ന്യൂഡൽഹി: വനിതാ സഖാക്കളെ കൂടുതലായി പാർട്ടി നേതൃത്വത്തിലേക്കു കൊണ്ടുവരാൻ ഭരണഘടനാ ഭേദഗതിക്ക് സി.പി.എം കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റികളിലും വനിതാ ക്വാട്ട വരുന്നു. ഇതിനായി പാർട്ടി ഭരണഘടനയിലെ പതിനഞ്ചാം അനുച്ഛേദം ഭേദഗതി ചെയ്യാൻ കേന്ദ്ര കമ്മിറ്റി യോഗം ശുപാർശ വെച്ചു.
ഇതിനുപുറമെ പാർട്ടി അംഗങ്ങൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള കുറ്റങ്ങളിൽ ഗാർഹികപീഡനം, ലൈംഗികപീഡനം എന്നിവയും ഉൾക്കൊള്ളിക്കും. ഇതിനായി 19-ാം അനുച്ഛേദം ഭേദഗതി ചെയ്യാം.
കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി പരിമിതപ്പെടുത്തിയെങ്കിലും ഈ വ്യവസ്ഥ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതു ഭരണഘടനയിൽ കൂട്ടിച്ചേർക്കും. കമ്മിറ്റിയംഗങ്ങളുടെ പ്രായപരിധി കേന്ദ്ര കമ്മിറ്റിക്കു നിശ്ചയിക്കാം എന്നാണ് ശുപാർശ.
സംസ്ഥാന കമ്മിറ്റികളിൽ അംഗങ്ങളുടെ പ്രായപരിധി നിശ്ചയിക്കാനും സ്ത്രീകളെ ഉൾപ്പെടുത്താനുള്ള ക്വാട്ട നിർണയിക്കാനും കേന്ദ്രകമ്മിറ്റിക്കു മാർഗരേഖ നിർദേശിക്കാം. ഈ രണ്ടു വ്യവസ്ഥകളും 15-ാം അനുച്ഛേദത്തിൽ ഉൾപ്പെടുത്തും. ഇങ്ങനെ, രണ്ടു വകുപ്പുകളിലെ കൂട്ടിച്ചേർക്കലുകളാണ് കേന്ദ്രകമ്മിറ്റി തയ്യാറാക്കിയിട്ടുള്ളത്. ഇവ കീഴ്ഘടകങ്ങളിൽ ചർച്ചയ്ക്കായി വിതരണം ചെയ്തു കഴിഞ്ഞു. പാർട്ടി കോൺഗ്രസായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
2015 ഡിസംബറിൽ ചേർന്ന കൊൽക്കത്ത പ്ളീനത്തിൽ പാർട്ടിയിൽ വനിതാപ്രതിനിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അംഗത്വത്തിൽ 25 ശതമാനം സ്ത്രീകളെ കൊണ്ടുവരണമെന്നായിരുന്നു തീരുമാനം. ഇതു കാര്യക്ഷമമായി നടപ്പാക്കാനുള്ള അടുത്ത ചുവടുവെപ്പാണ് കമ്മിറ്റികളിൽ വനിതാക്വാട്ട നിശ്ചയിക്കാനുള്ള ഭേദഗതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.