കൂര്‍മ്പാച്ചി മലയില്‍ രാത്രി ആള്‍ സാന്നിധ്യം: പരാതിയുമായി നാട്ടുകാര്‍; വനപാലകര്‍ ഒരാളെ പിടികൂടി

കൂര്‍മ്പാച്ചി മലയില്‍ രാത്രി ആള്‍ സാന്നിധ്യം: പരാതിയുമായി നാട്ടുകാര്‍; വനപാലകര്‍ ഒരാളെ പിടികൂടി

പാലക്കാട്: കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആളുകള്‍ കയറിപറ്റിയതായി സൂചന. മലമുകളിൽ ആൾ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതി നൽകി. വനപാലകര്‍ ഒരാളെ പിടികൂടുകയും ചെയ്യ്തു.

നാട്ടുകാരനായ രാധാകൃഷ്‌ണനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ മലമുകളില്‍ നിന്നും കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് രാധാകൃഷ്‌ണനെ വനംവകുപ്പ് ജീവനക്കാര്‍ കണ്ടെത്തിയത്. അവശനായ ഇദ്ദേഹത്തെ സുരക്ഷിതമായി താഴെയെത്തിച്ച ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ ഒന്നിലധികം പേര്‍ മലയില്‍ കയറിയതായാണ് സൂചനയെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അടിയന്തരമായി ഇടപെടാന്‍ ജില്ലാ കളക്‌ടറോട് നി‌ര്‍ദ്ദേശിച്ചതായി റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു. മലമുകളില്‍ ഫ്ളാഷ് ലൈറ്റുകള്‍ കണ്ടതോടെ വനംവകുപ്പ് സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

നിരോധിത വനമേഖലയായ ഇവിടെ എത്തിയ ആളുകള്‍ കുടുങ്ങിയതാണെന്ന് സംശയിക്കുന്നു. ഇവരെ തിരികെയെത്തിക്കാനാണ് ശ്രമം.​ഫെബ്രുവരി ഒമ്പതിന് മൂന്ന് കൂട്ടുകാര്‍ക്കൊപ്പം ചെറാട് മല കയറിയ ബാബുവിനെ സൈന്യം എത്തിയാണ് രക്ഷിച്ചത്. 45 മണിക്കൂറോളം ഭക്ഷണവും വെള്ളവും കിട്ടാതെയാണ് ബാബു മലമുകളില്‍ കഴിച്ചു കൂട്ടിയത്. മലയില്‍ വച്ച്‌ പരിക്കേറ്റ ബാബു ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് മലയില്‍ വീണ്ടും ജനസാന്നിദ്ധ്യം കണ്ടത്.

ഏകദേശം മുക്കാല്‍ കോടിയോളം രൂപയാണ് ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിവന്നത്. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പ്രാഥമിക കണക്ക് മാത്രമാണിത്. നാട്ടുകാരും ദുരന്ത നിവാരണ അതോറിറ്റിയും പൊലീസും അഗ്നിരക്ഷാസേനയും സൈന്യത്തോടൊപ്പം ചേര്‍ന്നാണ് ബാബുവിനെ രക്ഷിച്ചത്.

അതേസമയം,​ അനുവാദമില്ലാതെ മല കയറിയാല്‍ നടപടിയുണ്ടാകുമെന്ന് വനം മന്ത്രി ശശീന്ദ്രന്‍ അറിയിച്ചു. ബാബു നിയമലംഘനം നടത്തിയെങ്കിലും താല്‍ക്കാലിക ഇളവ് നല്‍കിയതാണ്. അതു മറയാക്കി മല കയറാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.