ചിപ്പ് ഘടിപ്പിക്കാന്‍ തലച്ചോര്‍ തുരന്ന് പരീക്ഷണം; ചത്തത് 15 കുരങ്ങുകള്‍; മസ്‌കിന്റെ കമ്പനിക്കെതിരേ ആരോപണം

ചിപ്പ് ഘടിപ്പിക്കാന്‍ തലച്ചോര്‍ തുരന്ന് പരീക്ഷണം; ചത്തത് 15 കുരങ്ങുകള്‍; മസ്‌കിന്റെ കമ്പനിക്കെതിരേ ആരോപണം

സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ബയോടെക് കമ്പനിയായ ന്യൂറാലിങ്കിനെതിരെ യു.എസ് ആസ്ഥാനമായുള്ള മൃഗാവകാശ സംഘടന രംഗത്ത്. മനുഷ്യന്റെ മസ്തിഷ്‌കത്തെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന പരീക്ഷണവുമായി ബന്ധപ്പെട്ട് ന്യൂറാലിങ്കിന്റെയും കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും ഗവേഷകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 15 കുരങ്ങുകള്‍ ചത്തതാണ് സംഘടനയെ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിച്ചത്.

തലച്ചോറില്‍ ചിപ്പുകള്‍ ഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഗവേഷകര്‍ കുരങ്ങുകളെ അങ്ങേയറ്റം ദുരിതമനുഭവിപ്പിക്കുന്നതായി സംഘടന പറഞ്ഞു. പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്ന കുരങ്ങുകളെ ഒറ്റയ്ക്ക് കൂട്ടിലടച്ചിരിക്കുകയാണ്. തലയോട്ടിയില്‍ സ്റ്റീല്‍ പോസ്റ്റുകളും മറ്റും കുത്തിക്കയറ്റിയതിനാല്‍ അവ ഫേഷ്യല്‍ ട്രോമയടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും മൃഗാവകാശ സംഘടനയായ ഫിസിഷ്യന്‍സ് കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍ പറയുന്നു.

കമ്പനിയുടെ അപര്യാപ്തമായ മൃഗസംരക്ഷണ നടപടികളും കഠിനമായ പരീക്ഷണ രീതികളും വെളിപ്പെടുത്തുന്ന രേഖകള്‍ സംഘടനയ്ക്ക് ലഭിച്ചതായും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2017-നും 2020-നും ഇടയില്‍ കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിച്ച മൊത്തം 23 കുരങ്ങുകളില്‍ 15 എണ്ണം ചത്തിരുന്നു.

കുരങ്ങുകളുടെ തലയോട്ടിയില്‍ ദ്വാരങ്ങള്‍ തുരന്നാണ് ന്യൂറാലിങ്ക് ചിപ്പുകള്‍ ഘടിപ്പിച്ചതെന്നു സംഘടന പറയുന്നു. ഇതിലൊന്നിന് രക്തരൂക്ഷിതമായ ചര്‍മ്മ അണുബാധ ഉണ്ടായതായും ദയാവധം ചെയ്യേണ്ടിവന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റൊന്നിന് വിരലുകളും കാല്‍വിരലുകളും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇനിയൊന്ന് ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെ അനിയന്ത്രിതമായി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ക്ക് ശേഷം അതിന്റെ ആരോഗ്യം തകരാറിലായി. മൃഗത്തിന് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂറാലിങ്കിന്റെ മനുഷ്യരിലെ പരീക്ഷണം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവന്നേക്കും. ഗുരുതരമായ മസ്തിഷ്‌ക വൈകല്യങ്ങള്‍ കണ്ടെത്താനും അവ പരിഹരിക്കാനുമുള്ള ഉദ്ദേശത്തോടെ 2016ലായിരുന്നു ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് എന്ന കമ്പനി സ്ഥാപിച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിക്കുന്ന ഒരു ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിക്കുന്നത്.

രോഗിയുടെ തലയോട്ടിയിലൂടെ തലച്ചോറിലേക്കു ചേര്‍ക്കുന്ന മൈക്രോചിപ്പും വയറുകളും ഈ ഉപകരണത്തില്‍ അടങ്ങിയിരിക്കുന്നു.

2021-ല്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തിയ കുരങ്ങ് മൈന്‍ഡ് പോംഗ് ഗെയിം കളിച്ചിരുന്നു. ഇതോടെയൊണ് മനുഷ്യനില്‍ ഈ സാങ്കേതികവിദ്യ പരീക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി വേഗം കൂട്ടിയത്. പന്നികളിലും എലികളിലും ഈ സാങ്കേതിക വിദ്യ ഫലപ്രദമായി പരീക്ഷിച്ചതായി മുമ്പ് ന്യൂറാലിങ്ക് അവകാശപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.