സാഹസിക മലകയറ്റം: ബാബുവിന് ലഭിച്ച ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി

സാഹസിക മലകയറ്റം: ബാബുവിന് ലഭിച്ച ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ശേഷം ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ചെറാട് മലയിലേക്കുള്ള അനാവശ്യ യാത്ര തടയും. ഇതിനായി കളക്ടര്‍ കണ്‍വീനറായ സമിതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി ഏഴിനാണ് ചെറാട് കൂര്‍മ്പാച്ചി മലയില്‍ ബാബു അകപ്പെട്ടുപോയത്. തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം കരസേനയെത്തിയ ശേഷം ബുധനാഴ്ചയാണ് അവസാനിച്ചത്. കോസ്റ്റ് ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍, വ്യോമസേനാ ഹെലിക്കോപ്റ്റര്‍, കരസേന, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു രക്ഷാദൗത്യം. ഇതിനായി മാത്രം 75 ലക്ഷത്തോളം രൂപ ചെലവിട്ടതായാണ് കണക്കുകള്‍.

അനധികൃതമായി മല കയറിയ ബാബുവിനെതിരേ നടപടി ഉണ്ടാവുമെന്ന് ബന്ധപ്പെട്ട വകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ബാബുവിന്റെ മാതാവിന്റെ അഭ്യര്‍ഥന മാനിച്ച് നടപടി സ്വീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. എന്നാല്‍ കൂര്‍മ്പാച്ചി മലയില്‍ കയറി കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയതിന്റെ നാലാം നാള്‍ നാട്ടുകാരെ ആശങ്കപ്പെടുത്തി മലയില്‍ വീണ്ടും ആള്‍ കയറി കുടുങ്ങിയിരുന്നു.

വനപാലകരും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 12.30-ഓടെ ഇയാളെ താഴെ എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി മലമുകളില്‍ ടോര്‍ച്ച് വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരാണ് വിവരം വനപാലകരെ അറിയിച്ചത്.

ബാബു മല കയറിയതിന്റെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ മറ്റുള്ളവരെയും മല കയറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പകലും വൈകുന്നേരങ്ങളിലുമായി പലരും ഈ മലയിലേക്ക് വരുന്നതായാണ് വിവരം. ഇത് വലിയ അപകടങ്ങളിലേക്ക് വഴിവെച്ചേക്കുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായി ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.