പാരീസ്: 2016 ജൂലൈ 26-ന് ഫ്രഞ്ച് പുരോഹിതനായ ജാക്വസ് ഹാമലിനെ ജിഹാദികൾ കഴുത്തറത്തു കൊന്ന കേസിലെ പ്രതികളായ നാലു പേരുടെ വിചാരണ ഇന്ന് ആരംഭിച്ചു. സമീപ വർഷങ്ങളിൽ ഫ്രാൻസിനെ നടുക്കിയ ഏറ്റവും ഭീകരമായ ജിഹാദി ആക്രമണങ്ങളിലൊന്നായിരുന്നു 85 കാരനായ ഹാമലിന്റെ നിഷ്ഠുര കൊലപാതകം.
വടക്കുപടിഞ്ഞാറൻ ഫ്രാൻസിലുള്ള റൂയനിലെ സെന്റ്-എറ്റിയെൻ-ഡു-റൂവ്‌റേയിലെ പള്ളിയിൽ കുർബാന അർപ്പിക്കുന്നതിനിടെ ഫാദർ ജാക്വസ് ഹാമലിന്റെ കഴുത്ത് ബലിപീഠത്തിന്റെ ചുവട്ടിൽ വച്ച് അറുക്കപ്പെട്ടു. പള്ളിയിൽ ആരാധനക്കായി എത്തിയ മറ്റൊരു വിശ്വാസിയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു അക്രമികൾ.
19 വയസ്സുള്ള അക്രമികളായ അഡെൽ കെർമിച്ചെ, അബ്ദുൽ-മാലിക് പെറ്റിറ്റ്ജീൻ എന്നിവർ ആക്രമണത്തിന് ശേഷം പള്ളിയിൽ നിന്ന് പുറത്തുപോകാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ചുകൊന്നു. ഫ്രാൻസിലും ലോകമെമ്പാടുമുള്ള ആളുകളെ ഭീതിയിലാഴ്ത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യത്തിന് തിരിച്ചടി നൽകുന്ന പടയാളികളായാണ് അക്രമികളെ അവർ വിശേഷിപ്പിച്ചത്.
2015 ജനുവരിയിൽ ആക്ഷേപഹാസ്യ പത്രമായ ചാർലി ഹെബ്‌ദോയിൽ നടന്ന കൂട്ടക്കൊലയോടെ ആരംഭിച്ച് മൊത്തത്തിൽ 250-ലധികം ജീവൻ അപഹരിച്ച ജിഹാദി ആക്രമണങ്ങളുടെ പരമ്പരയിൽ പെടുന്നതാണ് ഹാമലിന്റെ കൊലപാതകവും. ഇന്ന് വിചാരണ നേരിടുന്ന ജീൻ ഫിലിപ്പ്, ജീൻ ലൂയിസ്, ഫരീദ് ഖേലിൽ, യാസിൻ സെബൈഹിയ എന്നിവർക്ക് ആക്രമണകാരികളുടെ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. ആക്രമണത്തിന് ആഴ്ചകൾക്ക് മുമ്പ് ജീൻ ലൂയിസ് മറ്റൊരു പ്രതിയായ പെറ്റിറ്റ്ജീനിനൊപ്പം സിറിയയിലെത്താനുള്ള ശ്രമത്തിൽ തുർക്കിയിലേക്ക് യാത്ര നടത്തിയതായി പറയപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.