സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ യു.എ.ഇയിലെ ബാങ്കിന് കൃത്രിമ ബുദ്ധിയുപകരണം ഇസ്രായേല്‍ വക

 സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ യു.എ.ഇയിലെ ബാങ്കിന് കൃത്രിമ ബുദ്ധിയുപകരണം ഇസ്രായേല്‍ വക


ദുബായ്:ചരിത്രാതീത കാലത്തെ വംശ വെറിയില്‍ നിന്നു പടര്‍ന്നാളിയ പരസ്പര വൈരത്തിന്റെ ഇരുണ്ട കാലത്തിനു വിട. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രമുഖ ബാങ്കിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നതു കണ്ടെത്തി തടയാന്‍ ഇസ്രായേല്‍ സ്ഥാപനത്തിന്റെ സൈബര്‍ സാങ്കേതിക വിദ്യ ഇനി ജാഗ്രതയോടെ രംഗത്ത്.

ഇതിനായി വികസിപ്പിച്ച 'ഫിനാന്‍ഷ്യല്‍ ക്രൈം ഡിറ്റക് ഷന്‍ ടൂള്‍' യു.എ.ഇയിലെ മഷ്റെക്ക് ബാങ്കിന് നല്‍കുമെന്ന് ഇസ്രായേല്‍ സാങ്കേതിക സ്ഥാപനമായ തീറ്റാറേയുടെ ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് ഗാസിറ്റ് പറഞ്ഞു. മഷ്റെക്കിന്റെ കറസ്പോണ്ടന്റ് ബാങ്കിംഗ് ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന് ചാര സോഫ്്റ്റ് വെയര്‍ മാതൃകയില്‍ വികസിപ്പിച്ച സാമ്പത്തിക കുറ്റകൃത്യ നിര്‍ണ്ണയ ഉപകരണമാണിത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ബാങ്കിംഗ് മേഖലയില്‍ തീറ്റാറേയുടെ ആദ്യത്തെ നേരിട്ടുള്ള ലൈസന്‍സിംഗ് കരാറാണിതെന്ന് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു.അതേസമയം, വാര്‍ഷിക ഫീസ് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. ഇസ്രായേല്‍ വികസിപ്പിച്ച ഉപകരണം കൃത്രിമബുദ്ധി ഉപയോഗിച്ചാണ് കള്ളപ്പണം വെളുപ്പിക്കല്‍ അല്ലെങ്കില്‍ വഞ്ചന പോലുള്ള സാമ്പത്തിക സൈബര്‍ കുറ്റ കൃത്യങ്ങള്‍ തിരിച്ചറിയുന്നത്.ഇതു വഴി ഉപയോക്താക്കള്‍ക്ക് സംശയാസ്പദ ഇടപാടുകള്‍ക്കെതിരെ നടപടിയെടുക്കാനാകും.'ഇത് ഏതാണ്ട് ഒരു സ്‌കാനിംഗ് യന്ത്രം പോലെയാണ്,'- ഗാസിറ്റ് പറഞ്ഞു.

യു.എസ് ഉപരോധം ലംഘിക്കപ്പെട്ടതിന്് മുന്‍കാലങ്ങളില്‍ പിഴ ഈടാക്കിയിട്ടുണ്ട് ദുബായ് ആസ്ഥാനമായ മഷ്റെഖ്.ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ അതിര്‍ത്തി കടന്നുള്ള പേയ്മെന്റുകളുടെ സങ്കീര്‍ണ്ണത തീവ്രമായിരിക്കേ സാമ്പത്തിക കുറ്റകൃത്യ, അപകട സാധ്യതകള്‍ ഫലപ്രദമായി തടയാന്‍ 'ഫിനാന്‍ഷ്യല്‍ ക്രൈം ഡിറ്റക് ഷന്‍ ടൂള്‍' ബാങ്കുകളെ സഹായിക്കുമെന്ന് ഗാസിറ്റ് ചൂണ്ടിക്കാട്ടി.

മധ്യ പൂര്‍വ ദേശത്തെ സാമ്പത്തിക, വ്യാപാര കേന്ദ്രമായ യുഎഇ സമീപ വര്‍ഷങ്ങളിലായി ബാങ്കിംഗ്, സാമ്പത്തിക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിവരികയാണ്. കള്ളപ്പണത്തിന്റെ വിഹാര കേന്ദ്രമായി ഈ മേഖല മാറുന്നതായുള്ള പ്രചാരണത്തിനു തടയിടാനുള്ള നടപടികളും ധാരാളം. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പരമാവധി ജാഗ്രത വേണമെന്ന് അധികൃതര്‍ ബാങ്കുകളോട് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.

യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും കൂടുതല്‍ കരാറുകള്‍ക്ക് മഷ്റെഖ് കരാര്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തീറ്റാറേയുടെ മേധാവി പറഞ്ഞു. യു.എസ് മുന്‍കയ്യെടുത്താണ്് 2020 മുതല്‍ ഇസ്രായേലും യുഎഇയുമായുള്ള ബന്ധത്തിനു തുടക്കം കുറിച്ചത്. ബഹ്റൈന്‍, മൊറോക്കോ, സുഡാന്‍ എന്നിവിടങ്ങളിലേക്കും ഈ സൗഹൃദ ശൃംഖല വ്യാപിച്ചുവരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.