അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 15
അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് യാതൊരു ഭയവും കൂടാതെ ക്രിസ്തുവിനെ പ്രഘോഷിച്ച സഹോദരന്‍മാരായിരുന്നു ഫൗസ്റ്റീനസും ജോവിറ്റയും. ക്രിസ്തീയ വിശ്വാസത്തെ പറ്റി അഗാധമായ പാണ്ഡിത്യം ഉള്ളവര്‍ കൂടിയായിരുന്നു ഇരുവരും. ലൊമ്പാര്‍ഡിയിലെ ബ്രെസിക്കാ പട്ടണ പ്രദേശങ്ങളായിരുന്നു ഇവരുടെ മിഷന്‍ പ്രവര്‍ത്തന മേഖല.
ഫൗസ്റ്റീനസ് ഒരു പുരോഹിതനും ജോവിറ്റ ഒരു ശെമ്മാച്ചനും ആയിരുന്നു. ക്രിസ്തു മതത്തോടുള്ള അവരുടെ ആവേശം അവിശ്വാസികളുടേയും വിഗ്രഹാരാധകരുടേയും ശത്രുത ക്ഷണിച്ചു വരുത്തി. എന്നാല്‍ സധൈര്യം അവര്‍ സമീപ പ്രദേശങ്ങളില്‍ തങ്ങളുടെ വിശ്വാസം പ്രചരിപ്പിച്ചു പോന്നു. ഇതറിഞ്ഞ കടുത്ത വിഗ്രഹാരാധകനും അധികാരിയുമായിരുന്ന ജൂലിയന്‍ അവരെ ബന്ധനസ്ഥരാക്കുകയും അവരോടു സൂര്യനെ ആരാധിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പക്ഷേ, ലോകത്തിനു വെളിച്ചം നല്‍കുവാനായി സൂര്യനെ സൃഷ്ടിച്ച ജീവിച്ചിരിക്കുന്ന ദൈവത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഫൗസ്റ്റീനസും ജോവിറ്റയും അറിയിച്ചു. അവര്‍ക്ക് മുന്‍പിലുണ്ടായിരുന്ന പ്രതിമ മനോഹരവും സ്വര്‍ണ നിറമുള്ള പ്രകാശ രശ്മികളാല്‍ വലയം ചെയ്യപ്പെട്ടതുമായിരുന്നു. ആ പ്രതിമയില്‍ നോക്കി ജോവിറ്റ ഉറക്കെ പറഞ്ഞു:
''സൂര്യന്റെ സൃഷ്ടാവും സ്വര്‍ഗത്തില്‍ സ്ഥാനീയനുമായ ദൈവത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. യാതൊന്നിനും കൊള്ളില്ലാത്ത ഈ പ്രതിമ അവനെ ആരാധിക്കുന്നവരുടെ മുന്‍പില്‍ വെച്ച് അവരെ ലജ്ജിപ്പിച്ചുകൊണ്ട് കറുത്ത നിറമുള്ളതായി തീരട്ടെ'' അദ്ദേഹം ഇങ്ങനെ പറഞ്ഞു നിര്‍ത്തിയ ഉടന്‍ തന്നെ ആ പ്രതിമ കറുത്ത നിറമുള്ളതായി മാറി. തുടര്‍ന്ന് ചക്രവര്‍ത്തി ആ പ്രതിമ തുടച്ച് വൃത്തിയാക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുരോഹിതന്‍ അതിനെ സ്പര്‍ശിച്ച മാത്രയില്‍ തന്നെ അത് വെറും ചാരമായി നിലത്ത് വീണു ചിതറി.
ഇതില്‍ കുപിതനായ ചക്രവര്‍ത്തി ആ രണ്ടു സഹോദരന്‍മാരേയും വിശന്നു വലഞ്ഞ സിംഹങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുവാന്‍ വേണ്ടി ചുറ്റും മതിലോടു കൂടിയതും ഇരിപ്പിടങ്ങളുള്ളതുമായ ആംഫി തിയറ്ററിലേക്ക് കൊണ്ടുപോയി. അവിടെ യാതൊരു ഭക്ഷണവും കൊടുക്കാതെ ഒരു ഇരുണ്ട മുറിയില്‍ അവരെ അടച്ചു. പക്ഷെ മാലാഖമാര്‍ പുതിയ പോരാട്ടങ്ങള്‍ക്കായുള്ള ശക്തിയും ഊര്‍ജ്ജവും സന്തോഷവും അവര്‍ക്ക് നല്‍കി.
തന്മൂലം വലിയ അഗ്‌നിജ്വാല വരെ അവരെ ബഹുമാനിച്ചു. ഇതിനു സാക്ഷ്യം വഹിച്ച നിരവധി ആളുകള്‍ ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം നടത്തി. അവസാനം യാതൊരു ഗത്യന്തരവുമില്ലാതെ ചക്രവര്‍ത്തി അവരെ ശിരച്ഛേദം ചെയ്യുവാന്‍ തീരുമാനിച്ചു.
അവര്‍ തറയില്‍ മുട്ടുകുത്തി നിന്ന് തലകുനിച്ചുകൊണ്ട് തങ്ങളുടെ രക്തസാക്ഷിത്വം ഏറ്റു വാങ്ങി. ബ്രെസിക്കാ നഗരം ഈ വിശുദ്ധന്‍മാരെ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധരായി ആദരിച്ചു വരികയും അവരുടെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ വിശുദ്ധരുടെ നാമധേയത്തില്‍ വളരെ പുരാതനമായൊരു ദേവാലയവും അവിടെ ഉണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ടെര്‍ണിയിലെ അഗാപ്പെ
2. അയര്‍ലന്റിലെ ബെറാക്ക്
3. റോമയിലെ ക്രാത്തോണ്‍
4. അള്‍ഡ്‌റ്റെറിലെ സോച്ചോവ
5. കാപ്പുവാ ബിഷപ്പായ ഡെക്കൊറോസൂസ്
6. ഇറ്റലിയിലെ സര്‍ത്തൂണിനൂസും കസ്തുലൂസും മഞ്ഞൂസും ലൂസിയൂസും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.