പുടിന്‍ അയയുന്നു? ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് ഒരു ഭാഗം സേനയെ പിന്‍വലിച്ച് റഷ്യ

പുടിന്‍ അയയുന്നു? ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് ഒരു ഭാഗം സേനയെ പിന്‍വലിച്ച് റഷ്യ

കീവ്: യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന ഉക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് ഏതാനും സേനാവിഭാഗങ്ങളെ പിന്‍വലിച്ച് റഷ്യ. സേനയെ പിന്‍വലിക്കുന്ന കാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് വ്യക്തമാക്കിയിരിക്കുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് സേനയെ പിന്‍വലിച്ചിരിക്കുന്നത്. സമാധാന ശ്രമങ്ങളുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഷോള്‍സ് ചര്‍ച്ച നടത്തുന്നുണ്ട്. സംഘര്‍ഷം അയയുന്നതിന്റെ ആദ്യ ചുവടുവയ്പ്പായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്.

യൂണിറ്റുകള്‍ ദൗത്യം പൂര്‍ത്തിയാക്കിയെന്നും അവര്‍ സൈനിക പാളയത്തിലേക്കു മടങ്ങുകയാണെന്നും സൈന്യത്തിന്റെ മുഖ്യ വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു. അതേസമയം, ഉക്രെയ്നെ വളഞ്ഞിരിക്കുന്ന റഷ്യന്‍ സൈനിക നീക്കത്തില്‍ ഇത് എന്ത് മാറ്റമാണ് ഉണ്ടാക്കുക എന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു. ആഴ്ചകളായി തുടരുന്ന ഭീതിക്കിടെയാണ് റഷ്യയുടെ ഭാഗത്തുനിന്നും ആദ്യത്തെ ആശ്വാസ പ്രഖ്യാപനമുണ്ടാകുന്നത്.

യുദ്ധമുണ്ടായാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പു നല്‍കിയിരുന്നു. സൈനിക വിന്യാസം നടത്തിയതിന് ശേഷം, ആദ്യമായാണ് റഷ്യയുടെ ഭാഗത്തുനിന്ന് പിന്‍മാറ്റമുണ്ടായിരിക്കുന്നത്.

റഷ്യയുടെ പടിഞ്ഞാറന്‍, തെക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നുള്ള യൂണിറ്റുകളാണ് പിന്‍മാറിയിരിക്കുന്നത്. 1,30,000 സൈനികരെയാണ് ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ വിന്യസിച്ചിരുന്നത്.

അതിര്‍ത്തിയില്‍നിന്നു സേനയെ പിന്‍വലിക്കണമെന്ന അമേരിക്കയുടെയും നാറ്റോയുടെയും ആവശ്യം റഷ്യ നേരത്തെ തള്ളിയിരുന്നു. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ സേന വിന്യാസം നടത്തുന്നത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ് എന്നായിരുന്നു റഷ്യയുടെ മറുപടി. അയല്‍ രാജ്യമായ ബലാറസിലും റഷ്യ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്.

റഷ്യന്‍ അധിനിവേശം ഉണ്ടാകാതിരിക്കാന്‍ യു.എന്‍, ഫ്രാന്‍സ്, ജര്‍മനി അടക്കം നിരന്തരം നയതന്ത്ര ഇടപെടലുകള്‍ നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.