സിഡ്‌നി നഗരത്തിലെ ചവറ്റുകൊട്ടയില്‍ 1000 ഡോളര്‍ വിലയുള്ള ഡയമണ്ട് പെരുമ്പാമ്പ്; വഴിപോക്കന്‍ ബാഗിലാക്കി; വീഡിയോ

സിഡ്‌നി നഗരത്തിലെ ചവറ്റുകൊട്ടയില്‍ 1000 ഡോളര്‍ വിലയുള്ള ഡയമണ്ട് പെരുമ്പാമ്പ്;  വഴിപോക്കന്‍ ബാഗിലാക്കി; വീഡിയോ

സിഡ്‌നി: ഓസ്ട്രേലിയയിലെ തിരക്കേറിയ നഗരത്തില്‍ അപൂര്‍വ ഇനം പെരുമ്പാമ്പിനെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അന്താരാഷ്ട്ര വിപണിയില്‍ ആയിരം ഡോളറോളം വിലവരുന്ന ഡയമണ്ട് ഹെഡ് പെരുമ്പാമ്പിനെയാണ് സിഡ്നിയിലുള്ള ഓക്സഫോഡ് സ്ട്രീറ്റില്‍ കണ്ടെത്തിയത്. പാമ്പിനെ ശ്രദ്ധയില്‍പ്പെട്ട ബെന്നി ഐസ്മാന്‍ എന്ന വഴിയാത്രക്കാരന്‍ അപ്പോള്‍ തന്നെ ഇതിനെ ബാഗിലാക്കി പോവുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുന്നതിന് മുന്‍പ് യുവാവ് സ്ഥലം വിട്ടു.

ബാര്‍ബര്‍ ഷോപ്പിന് മുന്നിലുള്ള ചവറ്റുകൊട്ടയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ ബാഗിലാക്കി പോയ യുവാവ് ഇതിനെ വില്‍ക്കാന്‍ ശ്രമിക്കും എന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ യുവാവ് പാമ്പിനെ സമീപത്തെ മൃഗാശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്തത്. ബെന്നി ഐസ്മാന്‍ പാമ്പുകളെക്കുറിച്ച് പഠിക്കുന്ന ഹെര്‍പ്പറ്റോളജിസ്റ്റായിരുന്നുവെന്ന വിവരം പിന്നീട് മനസിലായി.



പാമ്പിന്റെ ദേഹത്തെ ചെറിയ പരുക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവ് ബാഗിലാക്കി ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് പോലീസിനെ വിവരം അറിയിച്ചു. വീട്ടില്‍ വളര്‍ത്താവുന്ന അപൂര്‍വ ഇനം പെരുമ്പാമ്പ് ആണിത്. എന്നാല്‍ പാമ്പ് എങ്ങനെ ചവറ്റുകൊട്ടയില്‍ എത്തി എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ സിഡ്നി മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമാണ് പാമ്പുള്ളത്.

ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടില്ലാത്തവര്‍ ഓസ്ട്രേലിയയില്‍ പാമ്പിനെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് പാമ്പുകടിയേറ്റ് പരിക്കേല്‍ക്കുന്ന സംഭവങ്ങളില്‍ 80 ശതമാനവും പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുമ്പോഴാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

പൊതുവെ അപൂര്‍വമായി കാണപ്പെടുന്ന പെരുമ്പാമ്പാണ് ഡയമണ്ട് പൈത്തണ്‍. ഇവ കടിക്കുമെങ്കിലും വിഷമില്ലാത്തവയാണ്. പലരും ഇവയെ വളര്‍ത്താറുണ്ട്. ചവറ്റുകുട്ടയില്‍ കണ്ടെത്തിയ ഡയമണ്ട് പെരുമ്പാമ്പിനെ അതിന്റെ ഉടമസ്ഥന്‍ ഉപേക്ഷിച്ച് കളഞ്ഞതാണെന്നാണ് പോലീസിന്റെ നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.