ഒട്ടാവ: കാനഡയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി 10 പേര്‍ മരിച്ചു.കാണാതായ 11 പേര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു.മുന്നു പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. 24 ബോട്ട് ജീവനക്കാരില്‍ 16 സ്പെയിന്‍കാരും അഞ്ച് പെറുവിയക്കാരും ഘാനയില്‍ നിന്നുള്ള മൂന്ന് തൊഴിലാളികളും ഉള്‍പ്പെടുന്നുവെന്ന് സ്പെയിനിലെ നാവിക രക്ഷാസേന അറിയിച്ചു. സ്പാനിഷ് മത്സ്യബന്ധന ബോട്ടാണ് കിഴക്കന്‍ കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡിന് സമീപമുള്ള കടലില്‍ മുങ്ങിയത്.
രക്ഷപ്പെട്ടവരില്‍ 53 കാരനായ ക്യാപ്റ്റനും 42 കാരനായ മരുമകനും ഉള്‍പ്പെടുന്നുവെന്ന് ലാ വോസ് ഡി ഗലീസിയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുപേരും അവരുടെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ ഗലീഷ്യ മേഖലയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വില്ല ഡി പിറ്റാന്‍ക്സോ എന്ന പേരിലുള്ള 50 മീറ്റര്‍ നീളമുള്ള മത്സ്യബന്ധന ബോട്ട് ഇരുട്ടില്‍ മുങ്ങുകയായിരുന്നുവെന്ന് സ്പെയിനിന്റെ പ്രാദേശിക പ്രതിനിധി മൈക്ക ലാറിബ സ്പാനിഷ് പബ്ലിക് റേഡിയോയോട് പറഞ്ഞു.
പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കാനഡയിലെ സ്പാനിഷ് അംബാസഡര്‍ തന്നോട് പറഞ്ഞതായി ഗലീഷ്യയുടെ പ്രാദേശിക ഗവണ്‍മെന്റിന്റെ തലവന്‍ ആല്‍ബെര്‍ട്ടോ നൂനെസ് ഫീജോ വ്യക്തമാക്കി.കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുങ്ങിയ ബോട്ട് കണ്ടെത്തിയിട്ടില്ല. ബാക്കിയുള്ള ജോലിക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു, അവരെ കണ്ടെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-രക്ഷാകേന്ദ്രം ട്വിറ്ററില്‍ കുറിച്ചു.
അപകടം നടന്ന സ്ഥലത്ത് നിന്ന് വളരെ അകലെയല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്പാനിഷ് മത്സ്യബന്ധന ബോട്ടാണ് ആദ്യം സ്ഥലത്ത് എത്തിയത്. മുങ്ങിയ ബോട്ടിന്റെ നാല് ലൈഫ് ബോട്ടുകളില്‍ ഒന്നില്‍ മൂന്ന് രക്ഷപ്പെട്ടവരെ കണ്ടെത്തി. നാല് മൃതദേഹങ്ങളും അതില്‍ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എമര്‍ജന്‍സി ബോട്ടുകളില്‍ രണ്ടെണ്ണം കാലിയായിരുന്നുവെന്നും നാലാമത്തേത് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബോട്ടിന്റെ ഉടമ ഗ്രുപോ നോര്‍സ്, കോളുകള്‍ക്കോ രേഖാമൂലമുള്ള ചോദ്യങ്ങള്‍ക്കോ മറുപടി നല്‍കിയില്ല. അതിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഗ്രൂപ്പ് അര്‍ജന്റീന, കാനഡ, മൊറോക്കോ, ഗിനിയ-ബിസാവു, സെനഗല്‍ എന്നിവിടങ്ങളിലും വടക്കന്‍ കടലിലും മത്സ്യബന്ധന യാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലുള്ള മാരിടൈം റെസ്‌ക്യൂ സെന്ററിന് വില്ല ഡി പിറ്റാന്‍ക്‌സോയിലെ ബീക്കണില്‍ നിന്ന് ആദ്യ മുന്നറിയിപ്പ് ലഭിക്കുകയും ഹാലിഫാക്‌സ് റെസ്‌ക്യൂ സെന്ററുമായി നേരത്തെയുള്ള പ്രതികരണം ഏകോപിപ്പിക്കുകയും ചെയ്തതായി സേവന വക്താവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.