കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ച പണം സര്‍ക്കാര്‍ ഇതുവരെ തിരിച്ചു കൊടുത്തില്ല. ഇതോടെ പല തദ്ദേശ സ്ഥാപനങ്ങളും പ്രതിസന്ധിയില്‍. സിഎഫ്എല്‍ടിസികള്‍ തുടങ്ങിയ പഞ്ചായത്തുകളും നഗരസഭകളും കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ഇതോടെ പലയിടത്തും വികസന പ്രവര്‍ത്തനങ്ങളും താളം തെറ്റി.
കോവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ട് തരംഗങ്ങളിലും ചികിത്സാ കേന്ദ്രങ്ങള്‍ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെ അതിവേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. ആരോഗ്യ വകുപ്പിന് തുണയായത് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കിയ സിഎഫ്എല്‍ടിസികളും ഡിസിസികളുമായിരുന്നു. പലയിടത്തും സ്‌കൂളുകളും കോളജുകളും സ്വാകാര്യ ഓഡിറ്റോറിയങ്ങളും സിഎഫിഎല്‍ടിസികളാക്കി.
ഈ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്. സിഎഫ്എല്‍ടികള്‍ക്ക് ചെലവാകുന്ന മുഴുവന്‍ പണവും സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ചു. കഴിഞ്ഞ മാസം ഇറങ്ങിയ ഉത്തരവ് പ്രകാരം ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റേയും ചെലവ് മാത്രമെ സര്‍ക്കാര്‍ വഹിക്കു.
എന്നാല്‍ ഈ പണവും ഇതുവരെ ലഭ്യമായിട്ടില്ല. ഇതോടെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിലായത്. കോവിഡ് രോഗികളെ പരിചരിച്ച വകയില്‍ ചെലവായ ലക്ഷങ്ങള്‍ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.
ഇതിനെല്ലാം പുറമെ കോവിഡ് മൂന്നാം തരംഗത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും വെട്ടിക്കുറച്ചു. ശരാശരി ഒരു കോടി രൂപയുടെ കുറവാണ് ഉള്ളത്. ഇത് വികസന പദ്ധതികളെ കാര്യമായി ബാധിച്ചു. പല പദ്ധതികളും പാതിവഴിയില്‍ നിലച്ച നിലയിലാണ്. കടുത്ത വരള്‍ച്ച നേരിടുന്ന മലയോര മേഖലകളില്‍ കുടിവെള്ളം എത്തിക്കാന്‍ പോലും പഞ്ചായത്തുകള്‍ക്ക് പണമില്ല.
കോവിഡ് വ്യാപനം അതിവേഗത്തിലായ സമയത്ത് സെക്ടറര്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനക്കായി പോയിരുന്ന വാഹനങ്ങളുടെ വാടകയും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. പലയിടത്തും ടാക്‌സി വാഹനങ്ങള്‍ക്ക് ലക്ഷങ്ങള്‍ ആണ് നല്‍കാനുള്ളത്. പണമില്ലെന്ന് പറഞ്ഞ് ജില്ലാ ഭരണകൂടങ്ങള്‍ കൈമലര്‍ത്തുമ്പോള്‍ കടക്കെണിയിലായത് പാവം ഡ്രൈവര്‍മാരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.