വാക്‌സിന്‍ വിരുദ്ധ പ്രതിഷേധത്തിനു തടയിടാന്‍ കാനഡയില്‍ അടിയന്തരാവസ്ഥ; പിന്മാറില്ലെന്ന് ട്രക്ക് ഡ്രൈവര്‍മാര്‍

വാക്‌സിന്‍ വിരുദ്ധ പ്രതിഷേധത്തിനു തടയിടാന്‍ കാനഡയില്‍ അടിയന്തരാവസ്ഥ; പിന്മാറില്ലെന്ന് ട്രക്ക് ഡ്രൈവര്‍മാര്‍

ഒട്ടാവ: കാനഡ അതിര്‍ത്തിയില്‍ വാക്‌സിന്‍ നിബന്ധനയ്‌ക്കെതിരെ വന്‍ പ്രതിഷേധവുമായി എത്തിയ ട്രക്ക് ഡ്രൈവര്‍മാരെ പിരിച്ചു വിടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കനേഡിയന്‍ സര്‍ക്കാര്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി ഹൈവേകള്‍ ഉപരോധിച്ച ഡ്രൈവര്‍മാരെ പിരിച്ചുവിടാനാണ് കടുത്ത നടപടി. എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്.

കടുത്ത പ്രതിഷേധം ഹൈവേയിലെ ഗതാഗതത്തെയും പൊതുജീവിതത്തെയും വാണിജ്യ മേഖലകളെയും ബാധിച്ചിട്ടു ദിവസങ്ങള്‍ക്കു ശേഷവും പിന്മാറില്ലെന്ന നിലപാടിലാണ് ട്രക്ക് ഡ്രൈവര്‍മാര്‍ അടക്കമുള്ള പ്രതിഷേധക്കാര്‍. അതേസമയം, നിയമവിരുദ്ധമായി തമ്പടിച്ചിട്ടുള്ള പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസിന് ഉള്‍പ്പെടെ കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപനം സഹായിക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിശ്വസിക്കുന്നത്. പ്രതിഷേധം അവസാനിപ്പിക്കാന്‍ സൈന്യത്തെ ഉപയോഗിക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തലസ്ഥാന നഗരമായ ഒട്ടാവയിലെ കനേഡിയന്‍ പാര്‍ലമെന്റിനു മുന്നില്‍ അടക്കം പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ നഗരത്തില്‍ സ്ഥിതി രൂക്ഷമാണ്. തങ്ങള്‍ പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ട്രക്ക് ഡ്രൈവര്‍മാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

കാനഡയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് യുദ്ധകാലത്തല്ലാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി യു.എസില്‍ നിന്ന് കാനഡയിലേക്കു പ്രവേശിക്കുന്ന അതിര്‍ത്തി മുതല്‍ തലസ്ഥാന നഗരമായ ഒട്ടാവ വരെ ട്രക്കുകള്‍ നിരന്നിരിക്കുകയാണ്. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പിന്തുണയുമായി വാക്‌സിന്‍ വിരുദ്ധ നിലപാടുമായി നിരവധി പേരുണ്ട്. ഫ്രീഡം കോണ്‍വോയ് എന്ന പേരിലുള്ള പ്രതിഷേധം അവസാനിപ്പിക്കാന്‍ കഴിയാതെ വന്‍ വിമര്‍ശനം നേരിട്ട ഒട്ടാവ പോലീസ് മേധാവി പീറ്റര്‍ സ്ലോലി ചൊവ്വാഴ്ച രാജി വെക്കുകയും ചെയ്തിരുന്നു.

അതിര്‍ത്തി റോഡുകള്‍ അടുത്തിടെ പ്രതിഷേധക്കാര്‍ തടഞ്ഞത് വ്യാപാര പ്രതിസന്ധിയ്ക്കും കാരണമായിരുന്നു. തലസ്ഥാനമായ ഒട്ടാവയില്‍ കഴിഞ്ഞ ദിവസം കനത്ത ശൈത്യത്തെ വകവയ്ക്കാതെ 4000ത്തോളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വ്യാപാര പ്രതിസന്ധിക്ക് ഇടയാക്കിയ കോവിഡ് വാക്‌സിന്‍ വിരുദ്ധ സമരം ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.