കല്‍പ്പറ്റ: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ കൂട്ട ജപ്തി ഭീഷണിയില്‍ വയനാട്ടിലെ കര്‍ഷകര്‍. എടുത്ത വായ്പയുടെ പല മടങ്ങ് തുക അധികമായി തിരിച്ചടച്ചില്ലെങ്കില്‍ വീട് ഉള്‍പ്പടെ ജപ്തി ചെയ്യുമെന്നാണ് ബാങ്കുകളുടെ മുന്നറിയിപ്പ്. രണ്ടു പ്രളയങ്ങളും കോവിഡും കാരണം കൃഷിയും ജീവിത സാഹചര്യവും തകര്‍ന്ന ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ് ജപ്തി നോട്ടിസ് ലഭിച്ചത്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടില്‍ താമസിക്കുന്ന ജോസഫ് പുഞ്ചക്കര വീടുള്‍പ്പെടെ ഈടുവച്ച് 20 ലക്ഷം രൂപയാണ് ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. പശു ഫാം ആരംഭിക്കുകയും കുരുമുളക്, ഇഞ്ചി ഉള്‍പ്പെടെയുള്ള പരമ്പരാഗത കൃഷി വിപുലപ്പെടുത്തുകയും ചെയ്തു. പക്ഷെ 2018ലെ പ്രളയത്തില്‍ തുടങ്ങിയ പ്രതിസന്ധി കോവിഡ് വരെ എത്തിയപ്പോഴേക്കും കൃഷിയേയും ഒപ്പം കര്‍ഷകനെയും തകര്‍ക്കുകയായിരുന്നു.
പ്രതിസന്ധികള്‍ക്കിടയിലും അഞ്ചു ലക്ഷത്തോളം രൂപ തിരിച്ചടച്ചു. ബാങ്കില്‍ നിന്നും ലഭിച്ച അറിയിപ്പു പ്രകാരം 40 ലക്ഷത്തോളം രൂപയാണ് ജോസഫ് ഇനി തിരിച്ചടയ്‌ക്കേണ്ടത്. ജപ്തിക്കായി പൊലീസ് സാന്നിധ്യത്തില്‍ സ്ഥലമളന്നു തിട്ടപ്പെടുത്തുക വരെ ചെയ്തിരിക്കുകയാണ് കാര്‍ഷിക ഗ്രാമവികസന ബാങ്ക്.
വയനാട്ടിലെ പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ മാത്രം രണ്ടായിരത്തോളം കര്‍ഷകര്‍ക്കാണ് ജപ്തി നോട്ടീസ് ലഭിച്ചത്. സര്‍ഫാസി നിയമപ്രകാരമാണ് നടപടികള്‍ എന്നതിനാല്‍ കിടപ്പാടം പോകുന്ന അവസ്ഥയാണ് ഇവര്‍ക്ക് മുന്നിലുള്ളത്.
പതിനായിരത്തോളം കര്‍ഷകര്‍ ജപ്തി ഭീഷണിയിലാണെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുന്നു. വെറും പതിനായിരം രൂപ മാത്രം വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ കര്‍ഷകര്‍ക്ക് പോലും ജപ്തിനോട്ടിസ് ലഭിച്ചിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.