സര്‍വ്വ സന്നാഹങ്ങളുമായി പഞ്ചാബില്‍ കോണ്‍ഗ്രസ് പോരാട്ടം; മുതിര്‍ന്ന നേതാക്കളെല്ലാം പ്രചരണത്തിന്

സര്‍വ്വ സന്നാഹങ്ങളുമായി പഞ്ചാബില്‍ കോണ്‍ഗ്രസ് പോരാട്ടം; മുതിര്‍ന്ന നേതാക്കളെല്ലാം പ്രചരണത്തിന്

അമൃത്സര്‍: പഞ്ചാബ് നിയസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രമുഖരെ തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറക്കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ സിംഗ് ബാഗല്‍ ഉള്‍പ്പെടെയുള്ളവരാണ് പഞ്ചാബിലെ വിവിധയിടങ്ങളില്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നത്.

ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണങ്ങള്‍ ശക്തമാക്കും. രാഹുല്‍ ഗാന്ധി ഓരോ ജില്ലകളിലും പൊതു റാലിയെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഇവിടങ്ങളിലും മറ്റ് നേതാക്കള്‍ വീടുകള്‍ തോറുമുള്ള റോഡ് ഷോകളും പൊതുയോഗങ്ങളും പത്രസമ്മേളനങ്ങളും നടത്തും.

കോണ്‍ഗ്രസ് തങ്ങളുടെ എല്ലാ ഉന്നത നേതാക്കളോടും മുഖ്യമന്ത്രിമാരോടും എംപിമാരോടും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ പ്രചരണത്തില്‍ സജീവമാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എമാര്‍ക്കും ഏതാനും എംപിമാര്‍ക്കും തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഇതിനോടകം നല്‍കിയിട്ടുണ്ട്.

ഭൂപീന്ദര്‍ ഹൂഡ, കുമാരി സെല്‍ജ, ഹരീഷ് റാവത്ത്, രാജീവ് ശുക്ല, അജയ് മാക്കന്‍, സച്ചിന്‍ പൈലറ്റ്, ദീപേന്ദര്‍ ഹൂഡ, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ പ്രമുഖരും പഞ്ചാബില്‍ പ്രചാരണത്തിനുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ശക്തമായ പ്രചരണ പരിപാടികള്‍ പാര്‍ട്ടി നടത്തുന്നതെന്ന് നേതാക്കള്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തങ്ങളുടെ സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളും കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും രാഹുല്‍ ഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും പൊതുപരിപാടികള്‍ നടക്കുമ്പോള്‍ തന്നെ അവ സോഷ്യല്‍ മീഡിയയിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. മാത്രമല്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും മുതിര്‍ന്ന നേതാക്കളുടെ ഇടപെടലുകളുമെല്ലാം തത്സമയം ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

2017 ല്‍ 77 സീറ്റ് നേടി അധികാരത്തിലേറിയ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇക്കുറി ശക്തമായ മത്സരമാണ് നേരിടുന്നത്. ആം ആദ്മി പാര്‍ട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി. 2017 ല്‍ 20 സീറ്റുകള്‍ നേടി തങ്ങളുടെ കന്നി അങ്കത്തില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച പാര്‍ട്ടി ഇത്തവണ 50 ലധികം സീറ്റുകള്‍ നേടുമെന്നാണ് ആം ആദ്മി നേതാക്കള്‍ അവകാശപ്പെടുന്നത്. അഭിപ്രായ സര്‍വ്വേകളിലും ആം ആദ്മിയുടെ മുന്നേറ്റം പ്രവചിക്കുന്നുണ്ട്.

കോണ്‍ഗ്രസിനേയും ആം ആദ്മിയേയും കൂടാതെ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ്-ബി ജെ പി സഖ്യവും ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യവും മത്സര രംഗത്തുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.