മരിയഭക്തി പ്രചരിപ്പിച്ച പരിശുദ്ധ മറിയത്തിന്റെ ദാസന്മാര്‍

മരിയഭക്തി പ്രചരിപ്പിച്ച പരിശുദ്ധ മറിയത്തിന്റെ ദാസന്മാര്‍

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 17

യേശുവിന്റെ സഹനങ്ങളേയും മാതാവിന്റെ ഏഴ് ദുഖങ്ങളേയും ധ്യാനിക്കുവാനും അനുതപിക്കുന്നവര്‍ക്ക് ആത്മീയ പോഷണത്തിനുള്ള ഒരു ചെറിയ സമൂഹം എന്ന നിലയിലും ഏഴ് മഹാന്‍മാര്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് സെര്‍വിറ്റെ സഭ.

പതിമൂന്നാം നൂറ്റാണ്ടിലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയ്ക്ക് ദൈവം ഫ്‌ളോറെന്‍സിലുള്ള ഏഴ് കുലീന കുലജാതരായ വ്യക്തികളെ വിളിക്കുകയും 1233 ല്‍ അവര്‍ ഒന്നു ചേര്‍ന്ന് ഭക്തിപൂര്‍വ്വം ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാ മറിയം അവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകമായി പ്രത്യക്ഷപ്പെടുകയും വിശുദ്ധിയാല്‍ പൂര്‍ണമായൊരു ജീവിതം നയിക്കുവാന്‍ അവരോടു ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് തങ്ങളുടെ കുടുംബ മഹിമയും സമ്പത്തും പരിഗണിക്കാതെ ആഢംബര വസ്ത്രങ്ങള്‍ക്ക് പകരം ചണം കൊണ്ടുള്ള വസ്ത്രങ്ങളും ധരിച്ച് ഒരു കൊച്ചു കെട്ടിടത്തിലേക്കവര്‍ താമസം മാറി. ഈ സഭയിലെ അംഗങ്ങളുടെ കഠിനമായ എളിമയിലൂന്നിയ ജീവിത രീതികള്‍ മൂലം ഇവരുടെ നേട്ടങ്ങള്‍ അധികമായി പുറത്ത് അറിയപ്പെട്ടില്ല. എന്നിരുന്നാലും തുടര്‍ച്ചയായ ദൗത്യങ്ങള്‍ വഴി പല മഹത്തായ നേട്ടങ്ങളും കൈവരുത്തുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.

സങ്കടപ്പെടുന്നവരുടെ മാതാവായ പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കാനും ഈ സന്യസ്ഥര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പരിശുദ്ധ അമ്മ അവളുടെ വിശുദ്ധ ജീവിതം ആരംഭിച്ച സെപ്റ്റംബര്‍ എട്ടിന് തന്നെയായിരുന്നു ഈ സന്യസ്ഥ സമൂഹത്തിനും തുടക്കം കുറിച്ചത്.

അധികം താമസിയാതെ അവര്‍ ഫ്‌ളോറെന്‍സിലെ തെരുവുകള്‍ തോറും അലഞ്ഞു ഭവനങ്ങളില്‍ ഭിക്ഷയാചിക്കുന്നതായി കാണപ്പെട്ടു. 'പരിശുദ്ധ മറിയത്തിന്റെ ദാസന്‍മാര്‍' എന്ന് ആ പ്രദേശത്തെ ബാലികാ ബാലന്മാര്‍ തങ്ങളെ വിളിക്കുന്നതായി അവര്‍ കേട്ടു. ഈ കുട്ടികളില്‍ അപ്പോള്‍ അഞ്ച് മാസം മാത്രം പ്രായമുണ്ടായിരുന്ന വിശുദ്ധ ഫിലിപ്പ് ബെനീസിയുമുണ്ടായിരുന്നു.

കാലം കടന്നു പോയപ്പോള്‍ അവര്‍ മോണ്ടെ സെനാരിയോവില്‍ പ്രാര്‍ത്ഥനയും അനുതാപവും ധ്യാനവുമായി ഏകാന്ത വാസം നയിച്ചു പോന്നു. 1888 ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ഈ ഏഴ് ദൈവീക മനുഷ്യരേയും വിശുദ്ധരായി പ്രഖ്യാപിക്കുകയും ഫെബ്രുവരി 17 ന് അവരുടെ തിരുനാള്‍ ആയി അംഗീകരിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റാറ്റ്‌സ്ബര്‍ഗ് ബിഷപ്പായ എവര്‍മോഡ്

2. സലേര്‍സോയിലെ ആബട്ടായ കോണ്‍സ്റ്റാബിലിസ്

3. സര്‍ഡീനിയായില്‍ ഡോളിയായിലെ ബിഷപ്പായ ബെനഡിക്ട്

4. വെനീസിലെ ഡോണാത്തൂസും ഡെക്കുന്തിയിനും റോമൂളൂസും കൂട്ടരും (89 പേര്‍).

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.