മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സ്വാഗതമോതി ബു‍ർജ് ഖലീഫ

മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സ്വാഗതമോതി ബു‍ർജ് ഖലീഫ

ദുബായ് : സന്ദർശകരെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്ന ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സ്വാഗതമോതി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ. കലിഗ്രഫിയിലൊരുങ്ങി ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ മ്യൂസിയം ഓഫ് ദ ഫ്യൂച്ച‍‍ർ ഫെബ്രുവരി 22 നാണ് സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടമെന്നാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിശേഷിപ്പിച്ചത്. ഭാവിയിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ വെർച്വൽ, ഓഗ്‌മെന്‍റഡ് റിയാലിറ്റി, ഡേറ്റ വിശകലനം, ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, ഹ്യൂമൻ മെഷീൻ ഇന്‍ററാക്ഷന്‍ എന്നിവയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു. മൂന്ന് നിലകളിലായാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഭൂമിയിലെജീവിതം, സമൂഹം-നാഗരികത, ബഹിരാകാശം തുടങ്ങിയ വിവിധ മേഖലകള്‍ മ്യൂസിയത്തിലെത്തുന്നവരുടെ മനസിലൂടെ കടന്നുപോകും. ഇതുവരെ കാണാത്ത ബഹിരാകാശത്തെ അനുഭവം സാങ്കേതികവിദ്യയുടെ സഹായത്തോടെ മുഖാമുഖം അനുഭവവേദ്യമാകും. സൗരയൂഥത്തില്‍ നിന്നാണ് സന്ദർശകർ യാത്ര ആരംഭിക്കുക.ബഹിരാകാശത്ത് മനുഷ്യരാശിയുടെ ഭാവി പ്രദർശിപ്പിച്ച്, പരിസ്ഥിതിയുടെ ഭാവി അത്ഭുതങ്ങളിലേക്കും, ആരോഗ്യമേഖലകളിലേക്കുമെല്ലാം യാത്ര സാധ്യമാകും. മൂന്ന് വയസിനും 10 വയസിനും ഇടയില്‍ പ്രായമുളള കുഞ്ഞുങ്ങളുടെ ഭാവനയിലെ ബഹിരാകാശ പര്യവേക്ഷണത്തിനായി ഒരു നില പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ദുബായ് ഷെയ്ഖ് സയ്യീദ് റോഡിന് സമീപത്തായാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സ്ഥിതി ചെയ്യുന്നത്. കലിഗ്രഫിയിലൊരുങ്ങിയ കെട്ടിടത്തിന് 77 മീറ്ററാണ് ഉയരം. 30,000 ചതുരശ്രമീറ്റർ വിസ്തീർണത്തിലൊരുങ്ങിയ കെട്ടിടം 14000 മീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു. www.motf.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ലഭ്യമാണ്.145 ദിർഹാം ആണ് ടിക്കറ്റ് നിരക്ക്. 3 വയസിന് താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്വദേശികളായ 60 വയസിന് മുകളില്‍ പ്രായമുളളവർക്കും നിശ്ചയ ദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.