കെ.എസ്.ഇ.ബി: സമരം തീര്‍ക്കാന്‍ രാഷ്ട്രീയതല ചര്‍ച്ച; വിവാദ ഉത്തരവുകള്‍ മരവിപ്പിച്ചേക്കും

 കെ.എസ്.ഇ.ബി: സമരം തീര്‍ക്കാന്‍ രാഷ്ട്രീയതല ചര്‍ച്ച; വിവാദ ഉത്തരവുകള്‍ മരവിപ്പിച്ചേക്കും

തിരുവനന്തപുരം: ഇടത് ട്രേഡ് യൂണിയനുകള്‍ തുടരുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാവി ഇന്നറിയാം. വൈദ്യുതി ഭവനു മുന്നില്‍ നടത്തുന്ന സമരം സംബന്ധിച്ച് മുന്നണിയുടേയും യൂണിയനുകളുടേയും നേതൃത്വവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് ഉച്ചതിരിഞ്ഞ് ചര്‍ച്ച നടത്തും. കെസ്ഇബിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പരിഷ്‌കാരങ്ങളില്‍ നിന്ന് ചെയര്‍മാന്‍ പിന്‍മാറിയാല്‍ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് സമര സമിതി വ്യക്തമാക്കി.

കെഎസ്ഇബി ചെയര്‍മാന്റെ അധികാര ദുര്‍വിനിയോഗത്തിനും സാമ്പത്തിക ദുര്‍വ്യയത്തിനുമെതിര ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കെ എസ് ഇ ബി ചെയര്‍മാനെതിരെ ഇടത് ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഡോ.ബി അശോക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ മറുപടി നല്‍കിയിരുന്നു. ഇത് സമര സമിതിക്കും മുന്നണിക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിലെ ക്രമക്കേടുകള്‍ക്ക് രേഖാ മൂലമുള്ള തെളിവുകള്‍ കൂടി പുറത്തു വന്നതോടെ പ്രതിപക്ഷവും കടുപ്പിച്ചു തന്നെയാണ്. മുന്നണിയുടേയും സര്‍ക്കാരിന്റെയും കെട്ടുറപ്പിനെ ബാധിക്കുന്ന പ്രക്ഷോഭം അവസാനിപ്പിക്കാനാണ് നേതൃത്വം ഇടപെട്ടിരിക്കുന്നത്. മുന്നണി കണ്‍വീനര്‍ വിജയരാഘവനും, കെഎസ്ഇബിയിലെ ട്രേഡ് യൂണിയനുകളെ നയിക്കുന്ന നേതാക്കളായ എളമരം കരീമും, കാനം രാജേന്ദ്രനും വൈദ്യുതി മന്ത്രിയുമായി ഇന്നു ഉച്ചതിരിഞ്ഞ് ചര്‍ച്ച നടത്തും.

കെ എസ് ഇ ബി ചെയര്‍മാനെ ഈ ഘട്ടത്തില്‍ നീക്കുന്നത് വലിയ വിവാദത്തിന് വഴിവക്കുമെന്നതിനാല്‍, ബി.അശോകിനെ തുടരാന്‍ അനുവദിച്ചേക്കും. വിവാദ ഉത്തരവുകള്‍ മരവിപ്പിച്ച് തല്‍കാലം തടിതപ്പാന്‍ ചര്‍ച്ചയിലൂടെ വഴിയൊരുക്കാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.