ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലും കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലും കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നായ ന്യൂ സൗത്ത് വെയില്‍സിലെ കോവിഡ് നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സൂപ്പര്‍ മാര്‍ക്കറ്റുകളിലും റീട്ടെയില്‍ സ്ഥാപനങ്ങളിലും പ്രവേശനത്തിന് ക്യൂ ആര്‍ കോഡ് ചെക്ക് ഇന്‍ നിര്‍ബന്ധമല്ല. എന്നാല്‍ നൈറ്റ് ക്ലബുകള്‍, സംഗീത നിശകള്‍, ആശുപത്രികള്‍, ഡിസെബിലിറ്റി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്യൂ ആര്‍ കോഡ് തുടരും.

ഹോസ്പിറ്റാലിറ്റി മേഖലയില്‍ അനുവദിക്കാവുന്നവരുടെ എണ്ണത്തില്‍ പരിധി ഉണ്ടാകില്ല. എല്ലാ വേദികളിലും നൃത്തവും പാട്ടും നാളെ
അര്‍ധരാത്രി മുതല്‍ അനുവദിക്കും. ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിബന്ധന പിന്‍വലിക്കും. ജീവനക്കാര്‍ ഓഫീസിലെത്തണമോ വേണ്ടയോ എന്നത് തൊഴിലുടമയ്ക്ക് തീരുമാനിക്കാം.

ഫെബ്രുവരി 25 മുതലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്. ഇന്‍ഡോര്‍ പരിപാടികളില്‍ പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ മാസ്‌ക് നിര്‍ബന്ധമല്ല. പൊതുഗതാഗതം, ആശുപത്രികള്‍, ഡിസെബിലിറ്റി കെയര്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം. അതേസമയം സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത ഇന്‍ഡോര്‍ പരിപാടികളില്‍ മാസ്‌ക് ധരിക്കാന്‍ പ്രോത്സാഹിപ്പിക്കും.

വിക്ടോറിയയില്‍ നാളെ ആറു മണി മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ഹോസ്പിറ്റാലിറ്റി, വിനോദമേഖലകളില്‍ അനുവദിക്കാവുന്നവരുടെ എണ്ണത്തില്‍ പരിധി ഉണ്ടാകില്ല. കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സ്‌കൂളുകളിലും ക്യൂ ആര്‍ കോഡ് ചെക്കിന്‍ നിര്‍ബന്ധമല്ല. കെട്ടിടങ്ങള്‍ക്കുള്ളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന അടുത്തയാഴ്ച മുതല്‍ ഉണ്ടാകില്ലെന്നും വിക്ടോറിയ ആരോഗ്യമന്ത്രി മാര്‍ട്ടിന്‍ ഫോളി അറിയിച്ചു.

കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത രാജ്യാന്തര യാത്രക്കാര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ കാലയളവ് ഫെബ്രുവരി 21 മുതല്‍ കുറച്ചു. 14 ദിവസത്തില്‍നിന്ന് ഏഴായിട്ടാണു കുറച്ചത്. ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലും ഇത് ബാധകമാണ്.

ന്യൂ സൗത്ത് വെയില്‍സില്‍ 9,995 കോവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണി വരെയുള്ള 24 മണിക്കൂറിനിടെ 14 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 1,447 പേരാണ് ആശുപത്രികളിലുള്ളത്. വിക്ടോറിയയില്‍ 8,501 പുതിയ കേസുകളും ഒമ്പതു മരണവും സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.