ഈ ടൂള്‍ ഉപയോഗിച്ച് നശിപ്പിച്ച ഡേറ്റകള്‍ പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയും. സാമൂഹിക മാധ്യമങ്ങളിലൂടെ കൈമാറിയ വിവരങ്ങളും വീണ്ടെടുക്കാമെന്നുള്ളതും ഈ ടൂളിന്റെ വലിയ പ്രത്യേകതയാണ്.
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് അനൂപിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിക്കഴിഞ്ഞു. അനൂപിന്റെ ഫോണ്‍ പരിശോധനാ ഫലം ഇന്ന് ലഭ്യമായ സാഹചര്യത്തിലാണ് അടിയന്തര നോട്ടീസ്. ദിലീപിന്റെയും സുരാജിന്റെയും മൊബൈല്‍ ഫോണുകളുടെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് ലഭ്യമായാല്‍ ഇവര്‍ക്കും നോട്ടീസ് നല്‍കും.
ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ് ടൂള്‍ ഉപയോഗിച്ചാണ് ഫോണുകളിലെ ഫോറന്‍സിക് പരിശോധന നടത്തുന്നത് എന്നത് ഈ കേസിന്റെ പ്രത്യേകതയാണ്. ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ 'യുഫെഡ്' എന്ന ടൂളാണ് ഫോണ്‍ പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. ഈ ടൂള്‍ ഉപയോഗിച്ച് നശിപ്പിച്ച ഡേറ്റകള്‍ പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയും. അടുത്തിടെയാണ് ഫോറന്‍സിക് വിഭാഗത്തിന് ഇതു ലഭ്യമായത്. സാമൂഹിക മാധ്യമങ്ങളിലൂടെ കൈമാറിയ വിവരങ്ങളും വീണ്ടെടുക്കാമെന്നുള്ളതും ഈ ടൂളിന്റെ വലിയ പ്രത്യേകതയാണ്.
അത്യാധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ഈ ടൂളില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ചൈനീസ് നിര്‍മിത ചിപ്സെറ്റുകളും പരിശോധിക്കാന്‍ കഴിയും. പാസ്വേഡ് തുറക്കല്‍, ഡീകോഡിങ്, വിശകലനം, റിപ്പോര്‍ട്ടിങ്, ലൊക്കേഷന്‍ ഹാക്കിങ് തുടങ്ങിയവയും സാധ്യമാകുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിടെ ഫോണുകള്‍ ഹാജരാക്കാതിരിക്കുവാന്‍ ദിലീപും കൂട്ടാളികളും ശ്രമിച്ചിരുന്നു. മറ്റ് ഫോണുകള്‍ മുംബൈയില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നാണ് ദിലീപ് പറഞ്ഞത്. സ്വകാര്യ പരിശോധന നടത്തിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പൊലീസ് പരിശോധനയ്ക്കു മുന്‍പ്് ഡേറ്റ നശിപ്പിക്കാനുള്ള ശ്രമമാണിതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ അങ്ങനെ ചെയ്താലും ഇസ്രേലി സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നശിപ്പിക്കപ്പെട്ട ഡേറ്റ കണ്ടെത്താനാകുമെന്നുള്ളതാണ് ഏറെ പ്രതീക്ഷ നല്‍കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഈ ഹാക്കിങ് സംവിധാനം ഫോറന്‍സിക് പരിശോധനയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
ഏഴ് ഫോണുകള്‍ ദിലീപ് ഉപയോഗിച്ചതില്‍ ആറെണ്ണമേ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുള്ളൂ. ഒരു ഫോണ്‍ കേടായതിനാല്‍ അഞ്ചുമാസം മുമ്പ് മാറ്റിയെന്നാണു ദിലീപിന്റെ വാദം. എന്നാല്‍ 2017 ല്‍ ദിലീപ് ജയില്‍ മോചിതനായശേഷ, അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വരുന്നതുവരെ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
ഇതിനിടെ കേസിന്റെ തുടരന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് നടി കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കും മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും നടി കോടതിയെ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.