തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് ചാന്‍സിലര്‍ പദവി വേണ്ടെന്ന നിലപാടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. പൂഞ്ചി കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്ക്കുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങള്‍ തുടരാം. ചാന്‍സിലര്‍ പദവി ഭരണഘടനയ്ക്ക് പുറത്തുള്ള അധികാരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കാനായി യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ജസ്റ്റിസ് മദന്‍മോഹന്‍ പൂഞ്ചിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയെ നിയോഗിച്ചത്. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതിനെ സംബന്ധിച്ചുള്ള നിര്‍ണായക പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതില്‍ ഗവര്‍ണറുടെ അധികാരവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലാണ് സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്.
ഇതിനുള്ള മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ അധികാരവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത്. ഇതിന് മറുപടി തയ്യാറാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി തയ്യാറാക്കിയത്. ഗവര്‍ണറുടെ ചാന്‍സിലര്‍ പദവി തുടരേണ്ട എന്നതാണ് സര്‍ക്കാര്‍ തയ്യാറാക്കിയ മറുപടിയിലെ പ്രധാന നിര്‍ദേശം.
ഭരണഘടനാപരമായ ഗവര്‍ണറുടെ അധികാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ചാന്‍സിലര്‍ പദവി എടുത്ത് കളയണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ വിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വലിയ ഏറ്റുമുട്ടലുകള്‍ നടന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു.
സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ എം.പിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ജസ്റ്റിസ് മദന്‍മോഹന്‍ പൂഞ്ചി കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനോട് വിയോജിച്ചു. ഈ ശുപാര്‍ശ അംഗീകരിക്കണ്ട എന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നത്. രാജ്യസഭ എം.പിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംസ്ഥാനത്തിന് സാമ്പത്തിക ചിലവ് കൂട്ടുമെന്നതിനാലാണ് സര്‍ക്കാര്‍ ഇതിനോട് വിയോജിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.