തൃശൂർ: പ്ലസ് ടൂ ക്ലാസിൽ പാഠഭാഗങ്ങൾ തീര്‍ക്കാത്ത അധ്യാപകരുടെ പേരുകൾ വിദ്യാഭ്യാസവകുപ്പ് ശേഖരിക്കുന്നു. അനൗദ്യോഗിക വിവരശേഖരണമാണ് തുടക്കത്തിലുള്ളത്. 60 ശതമാനത്തിൽ താഴെ മാത്രം പഠിപ്പിച്ചവരുടെ കണക്കാണെടുക്കുന്നത്.
തസ്തിക, പഠിപ്പിക്കുന്ന വിഷയം എന്നിവയടക്കമുള്ള വിവരങ്ങളാണ് എടുക്കേണ്ടതെന്നാണ് പ്രിൻസിപ്പൽമാർക്ക് വാട്സ്ആപ്പിൽ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ ഒരു റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, പഠിപ്പിക്കാത്തവരുടെ പട്ടിക തരണമെന്ന് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകുകയും അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.മറ്റ് ഡെപ്യൂട്ടി ഡയറക്ടർമാരും ഇതേ വഴിയിൽ വരും ദിവസങ്ങളിൽ നീങ്ങാനാണ് സാധ്യത.
പരീക്ഷാ തീയതിയിൽ മാറ്റമില്ലെന്ന് സർക്കാർ പ്രഖ്യാപിച്ച സ്ഥിതിക്ക് പാഠഭാഗങ്ങൾ വേഗത്തിലാക്കാനുള്ള നടപടിയായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. സംസ്ഥാനത്തെ മിക്ക പ്ലസ്ടു ക്ലാസുകളിലും യഥാർഥത്തിൽ 60 ശതമാനത്തോളം പാഠഭാഗങ്ങളാണ് പഠിപ്പിച്ചുതീർന്നിട്ടുള്ളത്. എന്നാൽ, വിവരശേഖരണം നടത്തിയപ്പോൾ അധ്യാപകർ നടപടി ഭയന്ന് 70 മുതൽ മേലോട്ടാണ് എഴുതിക്കൊടുത്തത്.
നവംബർ ഒന്നിന് സ്കൂളുകൾ തുറന്നതു മുതൽ കിട്ടിയ മണിക്കൂറുകളാണ് അധ്യാപകർ നിരത്തുന്നത്. നവംബർ ഒന്നു മുതൽ ഫെബ്രുവരി 28 വരെ 144 മണിക്കൂർ ക്ലാസിനുള്ള സമയമാണുള്ളതെന്നാണ് അവരുടെ വാദം. ഈ ചുരുങ്ങിയ സമയം കൊണ്ട് 70 ശതമാനത്തിനു മേൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക അസാധ്യമാണ്.
എന്നാൽ ജൂൺ ഒന്നിന് സ്കൂൾ തുറന്നപ്പോൾ മുതൽ നടന്ന ഓൺലൈൻ ക്ലാസുകളും ചേർത്താണ് സർക്കാരിന്റെ കണക്ക്. പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിക്കാനായില്ലെങ്കിൽ വിമർശം ഉണ്ടാവുമെന്ന കാഴ്ചപ്പാടിലാണ് വിവര ശേഖരണത്തിൽ കൂടുതൽ ശ്രദ്ധ സർക്കാർ പുലർത്തുന്നത്. 220 ദിവസം അഥവാ 1,000 മണിക്കൂറായിരുന്നു കോവിഡിനുമുമ്പ് ഒരു വർഷത്തെ അധ്യയനസമയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.