തെരുവുകള്‍ കുത്തിയൊലിച്ച് ഒഴുകുന്ന നദികളായി; ബ്രസീലില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 117

തെരുവുകള്‍ കുത്തിയൊലിച്ച് ഒഴുകുന്ന നദികളായി; ബ്രസീലില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 117

ബ്രസീലിയ: ബ്രസീല്‍ നഗരമായ പെട്രോപോളിസില്‍ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 117 ആയി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

റിയോ ഡീ ജനീറോ സംസ്ഥാനത്തിന്റെ മലയോരപ്രദേശത്താണ് പെട്രോപോളിസ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ പേര്‍ ഒഴുകി വന്ന മണ്ണിന്റെയും ചെളിയുടെയുമൊക്കെ അടിയില്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ബ്രസീലിയന്‍ അധികൃതര്‍ പറയുന്നത്.

പെട്രോപോളിസില്‍ വന്‍ നാശം വിതച്ചാണ് മിന്നല്‍ പ്രളയമുണ്ടായത്. ഇത് മണ്ണടിച്ചിലിനും ഇടയാക്കി. വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. തെരുവുകള്‍ കുത്തിയൊലിച്ച് ഒഴുകുന്ന നദികളായി മാറി. വാഹനങ്ങളും മരങ്ങളും ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കനത്തമഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതാണ് ദുരിതം വര്‍ധിപ്പിച്ചത്. മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിന് രക്ഷാദൗത്യം തുടരുകയാണ്. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ മൂന്ന് മണിക്കൂര്‍ കൊണ്ട് പെയ്തിറങ്ങിയതാണ് നഗരത്തെ തകര്‍ത്തെറിഞ്ഞത്. 25.8 സെന്റിമീറ്ററോളം മഴയാണ് മൂന്നുമണിക്കൂറിനിടെ പെയ്തത്.


പ്രളയത്തെതുടര്‍ന്ന് കാറുകളും മറ്റ് അവശിഷ്ടങ്ങളുമൊക്കെ കുന്നുകൂടിയതോടെ നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ പോലും തകരാറിലായി. റോഡുകളും മറ്റും സഞ്ചാരയോഗ്യമല്ലാതായി മാറി.

വീണ്ടും മഴ പെയ്യാനുള്ള സാധ്യയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.