മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ അറബിക് കലിഗ്രഫിയില്‍ തെളിയുന്നത് ദുബായ് ഭരണാധികാരിയുടെ വാക്കുകള്‍

മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ അറബിക് കലിഗ്രഫിയില്‍ തെളിയുന്നത് ദുബായ് ഭരണാധികാരിയുടെ വാക്കുകള്‍

ദുബായ്: ഭാവി, അത് സങ്കൽപ്പിക്കാനും രൂപകൽപ്പന ചെയ്യാനും നടപ്പിലാക്കാനും കഴിയുന്നവരുടേതാണ്. ഭാവിയെന്നത് നിങ്ങൾ കാത്തിരിക്കേണ്ട ഒന്നല്ല, പകരം സൃഷ്ടിക്കേണ്ടതാണ് , ഫെബ്രുവരി 22 ന് സന്ദർശകർക്ക് തുറന്നുകൊടുക്കാനിരിക്കുന്ന ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിനെ വ്യത്യസ്തമാക്കുന്നത് ആ കെട്ടിടത്തിന്‍റെ രൂപ കല്‍പനയാണ്.


അറബിക് കാലിഗ്രഫിയിലൊരുങ്ങിയ മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ തെളിയുന്ന ഈ അക്ഷരങ്ങള്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റേതാണ്.

എമിറേറ്റിന്‍റെ ഭാവി മുന്‍കൂട്ടി കാണുകയും വികസിതവും സുന്ദരവുമായ നഗരമാക്കി ദുബായിയെ മാറ്റുകയും ചെയ്ത ഭരണാധികാരി. മ്യൂസിയം ഓഫ് ഫ്യൂച്ചർ ഭാവിയെക്കുറിച്ച് ദീർഘവീക്ഷണം നൽകാനും വരും തലമുറകളെ പ്രചോദിപ്പിക്കാനുമുള്ള ഒരു ആഗോള കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.

ഷെയ്ഖ് മുഹമ്മദിന്‍റെ വാക്കുകളെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിനോട് ചേർത്ത് വച്ചത് എമിറാത്തി ആർട്ടിസ്റ്റ് മത്താർ ബിൻ ലഹേജാണ്. മ്യൂസിയം ഓഫ് ഫ്യൂച്ചർ അറബിക് കലിഗ്രഫിയിലൊരുങ്ങിയപ്പോള്‍ അത് അറബ് പാരമ്പര്യത്തെ ചേർത്ത് നിർത്തി ഭാവിയിലേക്ക് തുറക്കുന്ന വാതിലായി മാറിയെന്ന് ക്യാബിനറ്റ് അഫയേഴ്സ് മന്ത്രിയും മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ ചെയർമാനുമായ മുഹമ്മദ് അബ്ദുളള അല്‍ ഗർഗാവി പറഞ്ഞു. യുവത്വത്തിന് ഭാവി പരിശ്രമങ്ങൾ, സ്വപ്നങ്ങൾ, അഭിലാഷങ്ങൾ എന്നിവയിലേക്കുളള പ്രചോദനമായി പ്രതീക്ഷയുടെ സന്ദേശം മ്യൂസിയം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


പ്രകൃതിയെ ചേർത്ത് നിർത്തുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ
അറബിക് കലിഗ്രഫിയിലൊരുങ്ങിയ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് ശോഭ പകരുന്നത് പച്ച പരവതാനി വിരിച്ചതുപോലുളള പുല്ലുകള്‍.

ദുബായിലെ ഏറ്റവും തിരക്കേറിയ ഷെയ്ഖ് സയ്യീദ് റോഡിന് സമീപത്താണ് പുല്ലുകളലൊരുങ്ങിയ പച്ച പരവതാനിയില്‍ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ തല ഉയർത്തി നില്‍ക്കുന്നത്. നൂറിലധികം സസ്യലതാദികള്‍ ഇവിടെ കാണാം. ഗാഫ്, സിദ്ർ, ഈന്തപ്പന, അക്കേഷ്യ തുടങ്ങിയവ കൃത്യമായി പരിപാലിച്ച് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് ഹരിതാഭ പകരുന്നു.
ചരിത്രത്തിലെഴുതി ചേർക്കാന്‍ 22-02-2022

2022 ഫെബ്രുവരി 22 ന് മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ തിയതിയും കൗതുകമാവുകയാണ്. ദുബായുടെ ഗതാഗത ചരിത്രത്തില്‍ പുതുചരിത്രമെഴുതി ചേർത്ത ദുബായ് മെട്രോ ഓടിത്തുടങ്ങിയത് 09-09-2009 ലാണ്. മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ജനങ്ങളിലേക്ക് എത്തുന്നത് 22-02-2022 നും.
ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടമെന്നാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിശേഷിപ്പിച്ചത്.


ഭാവിയിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ വെർച്വൽ, ഓഗ്‌മെന്‍റഡ് റിയാലിറ്റി, ഡേറ്റ വിശകലനം, ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, ഹ്യൂമൻ മെഷീൻ ഇന്‍ററാക്ഷന്‍ എന്നിവയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു. മൂന്ന് നിലകളിലായാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഭൂമിയിലെജീവിതം, സമൂഹം-നാഗരികത, ബഹിരാകാശം തുടങ്ങിയ വിവിധ മേഖലകള്‍ മ്യൂസിയത്തിലെത്തുന്നവരുടെ മനസിലൂടെ കടന്നുപോകും.

ഇതുവരെ കാണാത്ത ബഹിരാകാശത്തെ അനുഭവരം സാങ്കേതികവിദ്യയുടെ സഹായത്തോടെ മുഖാമുഖം അനുഭവവേദ്യമാകും. സൗരയൂഥത്തില്‍ നിന്നാണ് സന്ദർശകർ യാത്ര ആരംഭിക്കുക.ബഹിരാകാശത്ത് മനുഷ്യരാശിയുടെ ഭാവി പ്രദർശിപ്പിച്ച്, പരിസ്ഥിതിയുടെ ഭാവി അത്ഭുതങ്ങളിലേക്കും, ആരോഗ്യമേഖലകളിലേക്കുമെല്ലാം യാത്ര സാധ്യമാകും.

മൂന്ന് വയസിനും 10 വയസിനും ഇടയില്‍ പ്രായമുളള കുഞ്ഞുങ്ങളുടെ ഭാവനയിലെ ബഹിരാകാശ പര്യവേക്ഷണത്തിനായി ഒരു നില പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ദുബായ് ഷെയ്ഖ് സയ്യീദ് റോഡിന് സമീപത്തായാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സ്ഥിതി ചെയ്യുന്നത്.

കലിഗ്രഫിയിലൊരുങ്ങിയ കെട്ടിടത്തിന് 77 മീറ്ററാണ് ഉയരം. 30,000 ചതുരശ്രമീറ്റർ വിസ്തീർണത്തിലൊരുങ്ങിയ കെട്ടിടം 14000 മീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു. www.motf.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ലഭ്യമാണ്.145 ആണ് ടിക്കറ്റ് നിരക്ക്. 3 വയസിന് താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്വദേശികളായ 60 വയസിന് മുകളില്‍ പ്രായമുളളവർക്കും നിശ്ചയ ദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.