വരും ദിവസങ്ങളില്‍ ഉക്രെയ്‌നില്‍ റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് ബൈഡന്‍; ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ

വരും ദിവസങ്ങളില്‍ ഉക്രെയ്‌നില്‍ റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് ബൈഡന്‍; ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ

വാഷിങ്ടണ്‍: വരും ദിവസങ്ങളിലോ അടുത്ത ആഴ്ചയോ റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റ് പുടിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ ഉക്രെയ്‌നെ ആക്രമിക്കാന്‍ തീരുമാനിച്ചത് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാധ്യമങ്ങളോടു പ്രതികരിക്കവേ ബൈഡന്‍ പറഞ്ഞു. മികച്ച നയതന്ത്രത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ഇനിയും സമയമുണ്ട്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് നയതന്ത്രത്തിന്റെ മാര്‍ഗം സ്വീകരിക്കുമെന്ന് കരുതുന്നില്ല. ആക്രമണം ന്യായീകരിക്കാന്‍ റഷ്യ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ഏകദേശം 149,000 റഷ്യന്‍ സൈനികരുണ്ടെന്നാണ് അമേരിക്കയുടെ വാദം. ആണവ ശേഷിയുള്ള മിസൈലുകള്‍ റഷ്യ പരീക്ഷിക്കുമെന്നുള്ള ആശങ്കയും അമേരിക്കയ്ക്കുണ്ട്.

അതിനിടെ, റഷ്യന്‍ സേനയുടെ തന്ത്ര പ്രധാന സൈനിക അഭ്യാസം പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് നേരിട്ട് വീക്ഷിക്കും. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ആണവായുധങ്ങളും എത്രത്തോളം സജ്ജമാണെന്ന പരിശോധനയാകും നടക്കുക. പതിവ് പരിശോധന മാത്രമാണെന്നും ഉക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. കിഴക്കന്‍ ഉക്രെയ്‌നില്‍നിന്ന് ആളുകളെ റഷ്യയിലേക്ക് ഒഴിപ്പിക്കുമെന്ന് വിമത നേതാക്കള്‍ പ്രഖ്യാപിച്ചു. രണ്ടു ബസുകളിലായി ആളുകള്‍ പോകുന്ന ദൃശ്യങ്ങള്‍ വിമതര്‍ പുറത്തുവിട്ടെങ്കിലും ഇത് ഒഴിപ്പിക്കലാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ഉക്രെയ്‌നിലെ റഷ്യന്‍ പിന്തുണയുള്ള വിമതരുടെ കേന്ദ്രങ്ങളില്‍ നടന്ന ഷെല്ലാക്രമണത്തിന് പിന്നില്‍ റഷ്യന്‍ സൈന്യം തന്നെയാണെന്ന് അമേരിക്ക ആവര്‍ത്തിക്കുകയാണ്. യുദ്ധമുണ്ടാക്കാന്‍ ഒരു കാരണം റഷ്യ മനഃപൂര്‍വം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം. റഷ്യന്‍ അനുകൂലികളെ ആരെങ്കിലും ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. ഏഴായിരം അധിക സൈനികരെ റഷ്യ കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ എത്തിച്ചെന്നും ഉപഗ്രഹ ചിത്രങ്ങള്‍ ഇതിനു തെളിവാണെന്നും നാറ്റോ കുറ്റപ്പെടുത്തുന്നു.

ഉക്രെയ്‌നെ അക്രമിക്കില്ലെന്ന് റഷ്യ യുഎന്നില്‍ ഉറപ്പു നല്‍കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഒരു മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ റഷ്യ പുറത്താക്കിയതോടെ സമവായ സാധ്യത കൂടുതല്‍ മങ്ങി. നാറ്റോ സഖ്യത്തില്‍ ചേരാനുള്ള ശ്രമവുമായി മുന്നോട്ടുപോകുകയാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചു.

ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ

ഉക്രെയ്ന്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചു നില്‍ക്കെ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. ഉക്രെയ്‌നെ ആക്രമിക്കുകയാണെങ്കില്‍ ഇന്ത്യ തങ്ങള്‍ക്കൊപ്പം അണിനിരക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പിന്തുണച്ച് റഷ്യ രംഗത്തെത്തിയത്.

പ്രശ്നത്തില്‍ ചര്‍ച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരമാണു വേണ്ടതെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ വ്യക്തമാക്കി. 2015-ല്‍ ഉക്രെയ്‌നും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ സമാധാന ഉടമ്പടി പാലിക്കപ്പെടണമെന്നും യു.എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ 28 പ്രതിരോധ കരാറുകളാണ് ഒപ്പിട്ടത്. പ്രതിരോധ മേഖലയില്‍ അമേരിക്കയുമായും റഷ്യയുമായും നിര്‍ണായക ബന്ധങ്ങളുള്ള ഇന്ത്യയ്ക്ക്, തിടുക്കത്തില്‍ പക്ഷം ചേരാനാവാത്ത സാഹചര്യമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.