പെര്‍ത്ത്: സ്വന്തം വാഹനത്തെ വ്യത്യസ്തമാക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ക്കു പകരം ഉടമയുടെ പേരും ഇഷ്ടമുള്ള വാക്കുകളും എഴുതിച്ചേര്‍ക്കുന്നവരുടെ എണ്ണം ഓസ്‌ട്രേലിയയില്‍ വര്‍ധിക്കുന്നു. വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റിന്റെ അതേ സ്ഥാനത്താണ് ഉടമയുടെ താല്‍പര്യാര്‍ഥമുള്ള ഡിസൈനുകളില്‍ പേരോ ഇഷ്ടമുള്ള വാക്കോ എഴുതിച്ചേര്‍ക്കുന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലാണ് ഇത്തരം വ്യക്തിഗത നമ്പര്‍ പ്ലേറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലുള്ളത്.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 35,000 എണ്ണം കസ്റ്റമൈസ്ഡ് നമ്പര്‍ പ്ലേറ്റുകളാണ് കാര്‍ പ്രേമികള്‍ക്ക് അനുവദിച്ചതെന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ ഗതാഗത വകുപ്പ് വക്താവ് പറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതല്‍.
ഓസ്‌ട്രേലിയയിലെ
മലയാളികള്‍ക്കും ഈ വ്യക്തിഗത നമ്പര്‍ പ്ലേറ്റുകളോട് വലിയ താല്‍പര്യമുണ്ട്. പലരും സ്വന്തം പേരും മക്കളുടെ പേരും വീട്ടുപേരുമൊക്കെ നമ്പര്‍ പ്ലേറ്റുകളായി കൊണ്ടുനടക്കുന്നു. കേരളം എന്നും സ്വന്തം ജില്ലകളുടെ പേരും നമ്പര്‍ പ്ലേറ്റായി ഉപയോഗിക്കുന്നവരുമുണ്ട്.
ഗതാഗത വകുപ്പ് ഈ സേവനം നല്‍കാന്‍ ആരംഭിച്ചതിനു ശേഷം കഴിഞ്ഞ നവംബറിലാണ് ഏറ്റവും കൂടുതല്‍ വ്യക്തിഗത നമ്പര്‍ പ്ലേറ്റുകള്‍ വിതരണം ചെയ്തത്. ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ https://plateswa.com/#/ എന്ന വെബ്‌സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ തുക ഇതിനായി ഉടമ ചെലവഴിക്കണം.
'ക്രിസ്മസിന് മുന്നോടിയായി 3,000-ലധികം കസ്റ്റമൈസ്ഡ് പ്ലേറ്റുകള്‍ വിതരണം ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു വേറിട്ട സമ്മാനമായി നല്‍കാനാണ് പലരും താല്‍പര്യപ്പെടുന്നത്.
എന്നാല്‍ വ്യക്തിഗത നമ്പര്‍ പ്ലേറ്റുകളില്‍ എഴുതാനായി അക്ഷരങ്ങളും അക്കങ്ങളും ചേര്‍ത്ത് അപകടകരമായ ചില വാക്കുകള്‍ സൃഷ്ടിക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ക്കുള്ള അപേക്ഷകള്‍ നിരസിക്കുകയാണ് പതിവ്.
ഓരോ തവണയും ഇഷ്ടാനുസൃതമായ പ്ലേറ്റുകള്‍ക്കായുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ അത് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമാണെന്നു ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതുകൂടാതെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പോലീസിന്റെയും സ്വകാര്യ സംഘടനകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി അപേക്ഷകള്‍ അവലോകനം ചെയ്യുന്നു.
വ്യക്തിഗത നമ്പര്‍ പ്ലേറ്റുകളില്‍ മതപരമായ സൂചനകള്‍, മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍, റോഡ് സുരക്ഷാ വിരുദ്ധ സന്ദേശങ്ങള്‍ അല്ലെങ്കില്‍ കുറ്റകരമായ, അപകീര്‍ത്തികരമായ, വിവേചനപരമായ ഭാഷ എന്നിവയൊന്നും ഉള്‍പ്പെടുത്താന്‍ പാടില്ല.
നേവി, ANZAC, RAAF തുടങ്ങി രാജ്യത്തെ പ്രതിരോധവുമായി ബന്ധപ്പെട്ടതും സ്റ്റേറ്റ് ബോഡികളുടെ പേരുകളും അനുവദിക്കില്ല.
കഴിഞ്ഞ വര്‍ഷം കമ്മിറ്റി തള്ളിക്കളഞ്ഞ ചില വാക്കുകള്‍
CRMNL - ക്രൈം റഫറന്‍സ്
XIXIXIXIX - വായിക്കാന്‍ ബുദ്ധിമുട്ടാണ്
ANILATR - റോഡ് സുരക്ഷ
T3QUILA - മദ്യവുമായി ബന്ധപ്പെട്ടവ
ADHD12 - മാനസികാരോഗ്യം
പെര്‍ത്തില്‍ ബാല്‍ഡിവിസ്, കാനിംഗ്‌വെയില്‍, എലെന്‍ബ്രൂക്ക്, ഓസ്‌ബോണ്‍ പാര്‍ക്ക്, ബൈഫോര്‍ഡ് എന്നിവിടങ്ങളിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഏറ്റവും പ്രചാരത്തിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26