സാന്തിയാഗോ: ചിലിയില്‍ 93 കാരി ക്രിസ്റ്റീന കാല്‍ഡെറോണ്‍ അന്തരിച്ചത് ആഗോള ഭാഷാ ചരിത്രത്തില്‍ പുതിയ പ്രദേശിക തലക്കെട്ട് എഴുതിച്ചേര്‍ത്ത്; തെക്കേ അമേരിക്കയിലെ ഒരു തദ്ദേശീയ ഭാഷയും ഇതോടൊപ്പം മൂക ബധിരമായി. പൂര്‍വ്വിക സംസ്‌കാരത്തിന്റെ സംരക്ഷകയെന്ന് സ്വയം അവകാശപ്പെടുകയും സമൂഹം ആദരിക്കുകയും ചെയ്തിരുന്ന ക്രിസ്റ്റീന സംസാരിച്ചു പോന്ന ഈ ഭാഷ സംസാരിക്കാനോ എഴുതാനോ അറിയുന്ന ആരും ഇനിയില്ല.
യാഗന്‍ സമൂഹത്തിന്റെ യമന ഭാഷയില്‍ പ്രാവീണ്യം നേടിയ ക്രിസ്റ്റീന കാല്‍ഡെറോണ്‍ 2003-ല്‍ സഹോദരിയുടെ മരണശേഷം അത് സംസാരിക്കാന്‍ കഴിയുന്ന ലോകത്തിലെ അവസാന വ്യക്തിയായിരുന്നു. സ്പാനിഷ് ഭാഷയിലേക്കുള്ള വിവര്‍ത്തനങ്ങളോടൊപ്പം യമന ഭാഷയുടെ ഒരു നിഘണ്ടു കഠിന യത്‌നത്തിലൂടെ സൃഷ്ടിച്ചിട്ടും തന്റെ ഭാഷാജ്ഞാനം മറ്റുള്ളവരിലേക്കു പകര്‍ത്താനായില്ലെന്ന പരാതി അവര്‍ക്കുണ്ടായിരുന്നു.
'നമ്മുടെ ജനങ്ങളുടെ സാംസ്‌കാരിക സമ്പത്തിന്റെ ഒരു പ്രധാന ഭാഗം അവരോടൊപ്പം ഇല്ലാതായി,' കാല്‍ഡെറോണിന്റെ മകള്‍ ലിഡിയ ഗോണ്‍സാലസ് ട്വിറ്ററില്‍ പറഞ്ഞു. നിലവില്‍ ചിലിയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്ന പ്രതിനിധികളില്‍ ഒരാളാണ് ഗോണ്‍സാലസ്. എന്നിരുന്നാലും, നിഘണ്ടുവിന്റെ ബലത്തില്‍ ഭാഷ ഏതെങ്കിലും രൂപത്തില്‍ സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.ക്രിസ്റ്റീനയ്ക്ക് മക്കളും കൊച്ചുമക്കളുമായി വലിയ കുടുംബം തന്നെ ഉണ്ടെങ്കിലും അവര്‍ക്ക് ആര്‍ക്കും തന്നെ തങ്ങളുടെ മാതൃ ഭാഷ അറിയില്ല. അവസാന നാളുകളിലും തന്റെ മാതൃഭാഷ ആരെങ്കിലും ഏതെങ്കിലും രീതിയില്‍ സംരക്ഷിക്കുമെന്ന പ്രതീക്ഷ ബാക്കി വെച്ചാണ് ക്രിസ്റ്റീന കാല്‍ഡെറോണ്‍ മരിച്ചത്.
മനുഷ്യ കുലത്തിന്റെ മുഖ്യ ആശയവിനിമയ ഉപാധിയാണ് ഭാഷ. ഇത് മറ്റു ജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ വേറിട്ട് നിര്‍ത്തുന്നു.വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭൂമിയില്‍ 700 കോടിയിലധികം മനുഷ്യര്‍ വിവിധ ദേശങ്ങളില്‍, രൂപത്തില്‍, ഭാവത്തില്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നു.ലോകത്താകമാനം ചെറുതും വലുതുമായ 6,500 ലധികം ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ടെന്നാണ് വിവരം.എന്നാല്‍ കാലപ്പഴക്കത്താല്‍ ഭാഷകള്‍ പലതും നഷ്ടമായിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടി കാട്ടുന്നത്. കോളനിവല്‍ക്കരണവും കുടിയേറ്റവും ചെറിയ ചെറിയ രാജ്യങ്ങളെയും ഗോത്രങ്ങളെയും നിഷ്പ്രഭരാക്കിയപ്പോള്‍ അക്കൂട്ടത്തില്‍ അവരുടെ ഭാഷയും നിശബ്ദമായി. അങ്ങനെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയ ഭാഷകള്‍ ഒട്ടനവധിയാണ്. ഇതില്‍ ഒടുവിലത്തേതാണ് ക്രിസ്റ്റീന അമ്മൂമ്മയ്‌ക്കൊപ്പം നിശ്ചേതനമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.