വത്തിക്കാന്‍ സിറ്റി: മര്‍ദ്ദകനു നേരെ മറ്റേ ചെകിടു കാണിച്ചുകൊടുക്കുന്ന മഹാ സൗമ്യതയുടെ ആന്തരിക ശക്തിയെ മറികടക്കാന്‍ ആര്‍ക്കുമാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മഹാപുരോഹിതന്റെ മുമ്പാകെ അന്യായ വിചാരണ നേരിടവേ മുഖത്തേറ്റ അടിയോട് കോപരഹിതനായി ശാന്തതയോടെ യേശു പ്രതികരിച്ചതു ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച ദിവ്യബലിയിലെ വചന സന്ദേശത്തില്‍ മാര്‍പ്പാപ്പ ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
ലൂക്കായുടെ സുവിശേഷം ആറാം അദ്ധ്യായം 27-38 വരെയുമുള്ള വാക്യങ്ങളായിരുന്നു ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ടത്. തിന്മയെ നന്മകൊണ്ടു ജയിക്കുക, അന്യരെ വിധിക്കരുത്, നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും തുടങ്ങിയ സാരോപദേശങ്ങളടങ്ങിയ സുവിശേഷഭാഗം പാപ്പാ വിചിന്തന വിധേയമാക്കിയത് ജീവിതത്തിന്റെ ചില അടിസ്ഥാന നിര്‍ദ്ദേശങ്ങളാണ് ശിഷ്യന്മാര്‍ക്ക് യേശു നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്.
നമ്മുടെ ശത്രുക്കള്‍ക്കും നമ്മെ എതിര്‍ക്കുന്നവര്‍ക്കും മുന്നില്‍, ദ്രോഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ നമ്മെ എത്തിക്കുന്ന പരീക്ഷണഘട്ടം ഏറ്റവും വിഷമകരമായ സാഹചര്യങ്ങളായി മാറാം. ഇതേപ്പറ്റിയാണ് കര്‍ത്താവ് പരാമര്‍ശിക്കുന്നത്. ഈ സന്ദര്‍ഭങ്ങളിലെല്ലാം യേശുശിഷ്യര്‍ക്ക്, സഹജവാസനയ്ക്കും വിദ്വേഷത്തിനും വഴങ്ങാതെ, അവയ്ക്ക് അതീതമായി പോകാന്‍ കഴിയണം;വളരെ കൂടൂതല്‍ അപ്പുറത്തേക്കു പോകാനാണ് അവര്‍ വിളിക്കപ്പെടുന്നത്.
യേശു പറയുന്നു: 'നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുക, നിങ്ങളെ വെറുക്കുന്നവര്‍ക്ക് നന്മ ചെയ്യുക' (ലൂക്കാ 6:27). 'നിങ്ങളുടെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക'(29) എന്നത് അതിലുപരി സമൂര്‍ത്തമാണ്. ഇതു കേള്‍ക്കുമ്പോള്‍ ്, കര്‍ത്താവ് അസാദ്ധ്യമായത് ചോദിക്കുന്നതായി നമുക്ക് തോന്നാം. എന്തിനാണ് ശത്രുക്കളെ സ്‌നേഹിക്കുന്നത്? ദുശ്ശക്തികളോടു പ്രതികരിച്ചില്ലെങ്കില്‍, എല്ലാ ദുഷ്‌ചെയ്തികള്‍ക്കും പച്ചക്കൊടി കാണിക്കുകയായിരിക്കും ചെയ്യുക, ഇത് ന്യായമല്ല എന്നൊക്കെയാകാം വാദങ്ങള്‍.എന്നാല്‍ ശരിക്കും അങ്ങനെയല്ല കര്‍ത്താവു പഠിപ്പിച്ചത്. അസാദ്ധ്യവും, അതിലുപരി, അന്യായവുമായ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കര്‍ത്താവ് നമ്മോട് ആവശ്യപ്പെടുന്നില്ല.
'മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക' എന്നതില്‍ നമുക്ക് അനുഭവപ്പെടുന്ന അനീതിബോധം എന്താണെന്ന് നോക്കാം, യേശുവിന്റെ മാതൃക വഴി. പീഡാസഹനവേളയില്‍, മഹാപുരോഹിതന്റെ മുമ്പാകെയുള്ള അന്യായമായ വിചാരണയില്‍, ഒരു ഘട്ടത്തില്‍ കാവല്‍ക്കാരില്‍ ഒരുവനില്‍ നിന്ന് യേശുവിന് മുഖത്ത് അടി കിട്ടുന്നു. അപ്പോള്‍ അവിടന്ന് പ്രതികരിക്കുന്നത് എങ്ങനെയാണ്? അവന്‍ കാവല്‍ക്കാരനെ നിന്ദിക്കുന്നില്ല. മറിച്ച് അവനോട് പറയുന്നു: 'ഞാന്‍ മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍, തെറ്റ് എവിടെയാണെന്ന് എന്നെ കാണിക്കൂ. പക്ഷെ ഞാന്‍ പറഞ്ഞത് ശരിയാണെങ്കില്‍ പിന്നെ എന്തിനാണ് എന്നെ അടിക്കുന്നത്?' (യോഹന്നാന്‍ 18:23). തനിക്കേറ്റ തിന്മയുടെ കണക്ക് അവിടന്ന് ചോദിക്കുന്നു.
തെറ്റുകാരനായ സഹോദരനെ വീണ്ടെടുക്കാം
മറ്റേ ചെകിടു കാണിച്ചുകൊടുക്കുക എന്നതിന്റെ വിവക്ഷ മൗനമായി സഹിക്കുക, അനീതിക്ക് വഴങ്ങുക എന്നല്ല. തന്റെ ചോദ്യത്തിലൂടെ യേശു അനീതിയെ അപലപിക്കുന്നു. എന്നാല്‍ അവിടന്ന് അത് ചെയ്യുന്നത് കോപരഹിതനായി അക്രമം കൂടാതെ ശാന്തതയോടെയാണ്. ഒരു തര്‍ക്കത്തിന് തുടക്കമിടാനല്ല അവിടന്ന് ആഗ്രഹിക്കുന്നത്, പിന്നെയോ മാത്സര്യം ശമിപ്പിക്കാനാണ്. ഇത് സുപ്രധാനമാണ്: അതായത്, തെറ്റുകാരനായ സഹോദരനെ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ട് വിദ്വേഷവും അനീതിയും ഒരുമിച്ച് അണയ്ക്കാനാണ് ശ്രമിച്ചത്.
അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും അവിടന്ന് അതു ചെയ്തു. അപ്രകാരം ചെയ്യാന്‍ നമ്മോടും ആവശ്യപ്പെടുന്നു. മറ്റേ ചെകിടു കാണിച്ചുകൊടുക്കുക എന്നത് സാര്‍ത്ഥകമാക്കിയ യേശുവിന്റെ സൗമ്യത അവനു ലഭിച്ച അടിയെക്കാള്‍ ശക്തമായ പ്രതികരണമായി മാറി.മറ്റേ ചെകിട് കാണിച്ചുകൊടുക്കുന്നത് വലിയ ആന്തരിക ശക്തിയുള്ള, പ്രവൃത്തിയാണ് ; തിന്മയെ നന്മകൊണ്ട് ജയിക്കലാണ്. അത് ശത്രുവിന്റെ ഹൃദയത്തില്‍ വിള്ളലുണ്ടാക്കുന്നു, അവന്റെ വിദ്വേഷത്തിനടിസ്ഥാനമായ ഭോഷത്തത്തെ അനാവരണം ചെയ്യുന്നു. കണക്കുകൂട്ടലിന്റെ ഫലമല്ല, മറിച്ച് സ്‌നേഹത്താല്‍ പ്രചോദിതമാണ് ഈ 'ഇതര ചെകിട് കാണിച്ചുകൊടുക്കല്‍' മനോഭാവം.
എല്ലാ പ്രതികാരങ്ങളെയും നിരാകരിക്കുന്ന, അവിടത്തേതിനു സമാനമായ ഒരു പ്രവര്‍ത്തന ശൈലി ഹൃദയത്തില്‍ സൃഷ്ടിക്കുന്നത്, യേശുവില്‍ നിന്ന് നമുക്ക് ലഭിക്കുന്ന സൗജന്യവും അനര്‍ഹവുമായ സ്‌നേഹമാണ്. നമ്മുടെ ശീലം പ്രതികാരബുദ്ധിയില്‍ കേന്ദ്രീകൃതമാണ്.'നീ എന്നെ ഇങ്ങനെ ചെയ്തു, അതിനാല്‍ നിന്നെ ഞാന്‍ ഇങ്ങനെ ചെയ്യും' എന്ന ഭാവത്തോടെ. ഹൃദയത്തില്‍ സൂക്ഷിക്കുന്ന പക ഹാനികരമാണ്, ആളെ നശിപ്പിക്കുന്നതാണ്.
നമുക്ക് ഇതര എതിര്‍ ന്യായത്തിലേക്കു കടക്കാം: ഒരു വ്യക്തിക്ക് സ്വന്തം ശത്രുക്കളെ സ്‌നേഹിക്കാന്‍ കഴിയുമോ? അത് നമ്മളെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണെങ്കില്‍ അത് അസാദ്ധ്യമായിരിക്കും. എന്നാല്‍ കര്‍ത്താവ് എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ അത് നല്‍കാന്‍ അവിടന്ന് ആഗ്രഹിക്കുന്നു എന്നത് നാം ഓര്‍ക്കണം.ശത്രുക്കളെ സ്‌നേഹിക്കണമെന്ന് എന്നോട് പറയുമ്പോള്‍, അതിനുള്ള കഴിവ് എനിക്ക് നല്‍കാന്‍ അവിടന്ന് ആഗ്രഹിക്കുന്നു എന്നതും അറിയണം. ഈ കഴിവിന്റെ അഭാവത്തില്‍ നമുക്ക് അതു സാധിക്കില്ല. അവിടന്ന് നിന്നോട് ശത്രുവിനെ സ്‌നേഹിക്കാന്‍ ആവശ്യപ്പെടുകയും സ്‌നേഹിക്കാനുള്ള കഴിവ് പ്രദാനം ചെയ്യുകയും ചെയ്യുന്നു.
വിശുദ്ധ അഗസ്റ്റിന്റെ പ്രാര്‍ത്ഥന എത്ര മനോഹരമായിരുന്നെന്ന് ശ്രദ്ധിക്കൂ: കര്‍ത്താവേ, 'നീ ആവശ്യപ്പെടുന്നത് എനിക്ക് തരൂ, നിനക്ക് വേണ്ടത് എന്നോട് ചോദിക്കൂ' (വിശുദ്ധ അഗസ്റ്റിന്റെ ആത്മകഥ, കണ്‍ഫെഷന്‍സ് 10; 29.40). എന്തെന്നാല്‍ അത് നീ എനിക്ക് ആദ്യം തന്നു. ദൈവം നമുക്ക് സന്തോഷത്തോടെ നല്‍കുന്നത് എന്താണ്? സ്‌നേഹിക്കാനുള്ള ശക്തിയാണ്, അത് ഒരു വസ്തുവല്ല, മറിച്ച് പരിശുദ്ധാത്മാവാണ്. സ്‌നേഹിക്കാനുള്ള ശക്തി പരിശുദ്ധാരൂപിയാണ്. യേശുവിന്റെ ആത്മാവിനാല്‍ നമുക്ക് തിന്മയോട് നന്മകൊണ്ട് പ്രതികരിക്കാന്‍ സാധിക്കും. നമ്മെ ദ്രോഹിക്കുന്നവരെ സ്‌നേഹിക്കാന്‍ നമുക്കു കഴിയും. ക്രൈസ്തവര്‍ ചെയ്യുന്നത് അപ്രകാരമാണ്. ക്രിസ്ത്യാനികളെന്നതില്‍ അഭിമാനിക്കുന്ന ആളുകളും ജനതകളും മറ്റുള്ളവരെ ശത്രുക്കളായി കാണുകയും യുദ്ധം ചെയ്യാന്‍ ആലോചിക്കുകയും ചെയ്യുമ്പോള്‍ അത് എത്ര സങ്കടകരമാണ്! വളരെ ദുഃഖകരമാണ്-മാര്‍പ്പാപ്പ പറഞ്ഞു.
ദ്രോഹിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം
യേശുവേകുന്ന ക്ഷണങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ? നമ്മെ ദ്രോഹിച്ച ഒരാളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ഓരോരുത്തരും ഒരാളെക്കുറിച്ച് ഓര്‍ക്കുക. ആരിലെങ്കിലും നിന്ന് ഉപദ്രവം ഉണ്ടായിരിക്കുക സാധാരണമാണ്; അയാളെ ഓര്‍ക്കാം. ഒരുപക്ഷേ നമ്മുടെ ഉള്ളില്‍ എന്തെങ്കിലും വിദ്വേഷം ഉണ്ടായിരിക്കാം. അപ്പോള്‍, വിചാരണവേളയില്‍, പ്രഹരമേറ്റതിനു ശേഷം, ശാന്തനായി നിന്ന യേശുവിന്റെ രൂപം ഈ വിദ്വേഷത്തോടൊപ്പം ചേര്‍ത്തു വയ്ക്കാം. എന്നിട്ട് നമ്മുടെ ഹൃദയത്തില്‍ പ്രവര്‍ത്തനനിരതനാകാന്‍ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കാം. നമുക്ക് ആ വ്യക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കാം: അതായത് നമ്മെ ദ്രോഹിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം (ലൂക്കാ 6:28).
നമുക്ക് ഉപദ്രവമുണ്ടായിക്കഴിഞ്ഞാല്‍ അതു നാം മറ്റുള്ളവരോടു പറയുകയും നാം ഇരയാണെന്ന ഭാവം പുലര്‍ത്തുകയും ചെയ്യുന്നു. ഒരു നിമിഷം നില്‍ക്കുക, ആ വ്യക്തിക്കായി പ്രാര്‍ത്ഥിക്കുക. അങ്ങനെ അവനെ സഹായിക്കുക, അങ്ങനെ പ്രതികാര വാഞ്ഛയ്ക്ക് ശമനമുണ്ടാകും. നമുക്കെതിരെ തിന്മ പ്രവര്‍ത്തിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ് തിന്മയെ നന്മയാക്കി മാറ്റുന്നതിനുള്ള ആദ്യ പടി. എല്ലാവരോടും, പ്രത്യേകിച്ച് നമ്മുടെ ശത്രുക്കളോടും നമുക്ക് ഇഷ്ടമില്ലാത്തവരോടും സമാധാനത്തില്‍ വര്‍ത്തിക്കുന്നതിന് കന്യകാമറിയം നമ്മെ സഹായിക്കട്ടെ.
ആശീര്‍വ്വാദാനന്തരം പാപ്പാ, പ്രകൃതിദുരന്തങ്ങള്‍ക്കിരകളായ ജനതകളെ, പ്രത്യേകിച്ച്, മഡഗാസ്‌കറിന്റെ തെക്കുകിഴക്കെ ഭാഗത്ത് ചുഴലിക്കാറ്റുകളുടെ പ്രഹരമേറ്റവരെയും പ്രളയവും മണ്ണിടിച്ചിലും ഉണ്ടായ ബ്രസീലിലെ പത്രൊപോളിസ് പ്രദേശത്തെ ജനങ്ങളെയും അനുസ്മരിച്ചു.ഈ ദുരന്തങ്ങളില്‍ മരണമടഞ്ഞവരെ കര്‍ത്താവ് അവിടത്തെ സമാധാനത്തില്‍ സ്വീകരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തകരെ പിന്തുണയ്ക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു.
ഞായറാഴ്ച ഇറ്റലിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ദേശീയ ദിനം ആചരിക്കപ്പെട്ടതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ രോഗികളുടെ ചാരെ ആയിരിക്കുകയും അവരെ പരിചരിക്കുകയും അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുകയും അവരെ സഹായിക്കുകയും ചെയ്യുന്ന നിരവധി ഭിഷഗ്വരരെയും നഴ്സുമാരെയും സന്നദ്ധപ്രവര്‍ത്തകരെയും അനുസ്മരിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.കോവിഡ് കാലത്ത് വീരോചിതം പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ഈ സാഹസികത അനുദിനം നാം അനുഭവിച്ചറിയുന്നു.
രോഗാവസ്ഥയില്‍ നമ്മെ രക്ഷിക്കാനും സഹായിക്കാനും ഒരാള്‍ ആവശ്യമാണ് എന്ന വസ്തുത പാപ്പാ എടുത്തുകാട്ടി. കോവിഡ് സമയത്ത് മരണാസന്നനായ ഒരാള്‍ ഒരു ഭിഷഗ്വരനോട് 'ഞാന്‍ മരിക്കുകയാണ്, എനിക്ക് നിങ്ങളുടെ കരം തരൂ' എന്ന് പറഞ്ഞത് ആ ഭിഷഗ്വരന്‍ തന്നോട് വിവരിച്ചതും പാപ്പാ അനുസ്മരിച്ചു. ഭവനരഹിതരായ ആളുകളെ സഹായിക്കുന്നതിനായി റോമില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക പ്രവര്‍ത്തനം ആരംഭിച്ച 'പേടക പദ്ധതി' എന്നര്‍ത്ഥം വരുന്ന 'പ്രൊജേത്തൊ ആര്‍ക്ക' (Progetto Arca) സംഘത്തെ പാപ്പാ ആശീര്‍വദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26