മെല്‍ബണ്‍: കോവിഡിനെതുടര്‍ന്ന് അടഞ്ഞുകിടന്ന രാജ്യാന്തര അതിര്‍ത്തികള്‍ രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും തുറന്ന് ഓസ്ട്രേലിയ. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ വിസയുള്ള നൂറുകണക്കിന് വിദേശികളുമായി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ വിമാനങ്ങള്‍ എത്തിത്തുടങ്ങി.
704 ദിവസത്തെ കാത്തിരിപ്പിനു ശേഷം കാണുന്ന പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും ആലിംഗനം ചെയ്താണ് പലരും സ്വീകരിച്ചത്. ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്കാണ് വിമാനത്താവളങ്ങള്‍ സാക്ഷ്യം വഹിച്ചത്.
വിവാഹ നിശ്ചയത്തിനു ശേഷം അതിര്‍ത്തി നിയന്ത്രണം മൂലം വിവാഹം അനിശ്ചിതമായി നീണ്ടു പോയവര്‍ മുതല്‍ പേരക്കുട്ടികളെ കാണാനെത്തിയ മുത്തച്ഛന്മാരും മുത്തശ്ശിമാരും വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. കുടുംബാംഗങ്ങളെ അറിയിക്കാതെ അപ്രതീക്ഷിതമായി എത്തിയവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. കണ്ണീരും സന്തോഷവും കലര്‍ന്ന വൈകാരിക നിമിഷങ്ങള്‍ പകര്‍ത്താന്‍ മാധ്യമ സംഘങ്ങളും വിമാനത്താവളങ്ങളില്‍ പുലര്‍ച്ചെ മുതല്‍ തമ്പടിച്ചിരുന്നു. യാത്രക്കാര്‍ക്ക് പൂക്കളും ചോക്‌ലേറ്റുകളും ക്വാല പാവകളും ഉള്‍പ്പെടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കിയാണ് വിമാനത്താവള ജീവനക്കാര്‍ സ്വീകരിച്ചത്.
സിഡ്നി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ യാത്രക്കാരെ സ്വീകരിക്കുന്നു.
ലോസ് ആഞ്ചലസില്‍നിന്നുള്ള വിമാനമാണ് സിഡ്‌നി വിമാനത്താവളത്തില്‍ ആദ്യ പറന്നിറങ്ങിയത്. രാവിലെ ആറു മണിക്ക് എത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്കായി ആഘോഷപൂര്‍വുമുള്ള സ്വീകരണമാണ് ഒരുക്കിയിരുന്നത്.
വിദേശത്തുള്ള സുഹൃത്തുക്കള്‍ക്കു വരാന്‍ കഴിയാത്തതിനാല്‍ നാല് തവണ വിവാഹം മാറ്റിവച്ചതായി, ലോസ് ആഞ്ചലസില്‍നിന്നെത്തിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ജോഡി പറഞ്ഞു.
സിംഗപ്പൂരില്‍നിന്നുള്ള വിമാനമാണ് ക്വീന്‍സ് ലന്‍ഡിലെ അഡ്ലെയ്ഡ് എയര്‍പോര്‍ട്ടില്‍ ആദ്യമിറങ്ങിയത്.
വിക്ടോറിയയിലെ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ആദ്യ അന്താരാഷ്ട്ര വിമാനം രാവിലെ എട്ടു മണിക്കെത്തി.
ടൂറിസം മന്ത്രി ഡാന്‍ ടെഹാന്‍ യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ആദ്യദിവസം 54 വിമാനങ്ങളാണ് രാജ്യത്തേക്ക് എത്തുന്നത്.
കോവിഡിന് മുമ്പുള്ള സാഹചര്യത്തെ അപേക്ഷിച്ച് ഇത് വളരെ കുറവാണെങ്കിലും, വൈകാതെ സ്ഥിതി മെച്ചമാകുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതിര്‍ത്തി തുറക്കല്‍ പ്രഖ്യാപിച്ച ശേഷം വിമാനടിക്കറ്റ് ബുക്കിംഗ് അതിവേഗം വര്‍ധിക്കുന്നുണ്ടെന്ന് ക്വാണ്ടസ് സി.ഇ.ഒ അലന്‍ ജോയ്‌സ് വ്യക്തമാക്കി.
കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ചിലാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഓസ്ട്രേലിയ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
ഓസ്ട്രേലിയയിലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കും സ്ഥിര താമസക്കാര്‍ക്കും കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ മടങ്ങാന്‍ അനുമതി ലഭിച്ചിരുന്നു. ഡിസംബര്‍ മുതല്‍ സ്റ്റുഡന്റ് വിസയിലുള്ളവരെയും നിരവധി താല്‍ക്കാലിക വിസകളിലുള്ളവരെയും അനുവദിച്ചു തുടങ്ങി. എന്നാല്‍ വിനോദ സഞ്ചാരികള്‍ക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നിരുന്നു. നിയന്ത്രണങ്ങള്‍ നീക്കിയതോടെ നിരവധി വിദേശികളാണ് രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതോടെയാണ് അതിര്‍ത്തികള്‍ ഇന്നുമുതല്‍ തുറക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ലോകത്തെ ഏറ്റവും കടുപ്പമേറിയതും ദൈര്‍ഘ്യമേറിയതുമായ അതിര്‍ത്തി നിയന്ത്രണങ്ങളാണ് ഓസ്‌ട്രേലിയയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.