ഉക്രെയ്ന്‍ വിഷയത്തില്‍ മാക്രോണിന്റെ മധ്യസ്ഥ നീക്കം മുറുകുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഫ്രാന്‍സില്‍

 ഉക്രെയ്ന്‍ വിഷയത്തില്‍ മാക്രോണിന്റെ മധ്യസ്ഥ നീക്കം മുറുകുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഫ്രാന്‍സില്‍


പാരിസ്: യൂറോപ്യന്‍ മേഖലയില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കേ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഫ്രാന്‍സില്‍. ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍-യെവ്‌സ് ലെ ഡ്രിയാനുമായി 'വിശാലവും ഉല്‍പ്പാദനപരവുമായ' ചര്‍ച്ചകള്‍ നടത്തിയെന്ന് അദ്ദേഹം അറിയിച്ചു.ഉക്രെയ്ന്‍-റഷ്യാ സംഘര്‍ഷത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സാഹചര്യവും ചര്‍ച്ച ചെയ്തതായാണു സൂചന.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ജയശങ്കറിന്റെ സന്ദര്‍ശനം.2022ലെ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷമാണ് ജയശങ്കര്‍ ജര്‍മനിയില്‍ നിന്ന് ഫ്രാന്‍സിലെത്തിയത്.ഫ്രാന്‍സുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും ഇന്തോ-പസഫിക് മേഖലയില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിക്കാന്‍ തീരുമാനിച്ചതായും ജയശങ്കര്‍ പറഞ്ഞു.

ഉക്രെയ്നിനെതിരെ റഷ്യ നീങ്ങിയാല്‍ പസഫിക്കിലെ നാവിക താവളത്തില്‍ നിന്നും പ്രതിരോധിക്കാനുള്ള സന്നാഹമാണ് ഫ്രാന്‍സ് ഒരുക്കിയിട്ടുളളത്. എന്നാല്‍ നേരിട്ട് റഷ്യയെ പ്രതിരോധിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചിട്ടില്ല. പകരം പുടിനുമായി ചര്‍ച്ച നടത്തിയാണ് മാക്രോണ്‍ പ്രശ്നം തണുപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെയാണ് റഷ്യയുടെ സുഹൃത്ത് എന്ന നിലയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം.22ന് ഇന്തോ-പസഫിക്ക് സഹകരണത്തിനായുള്ള യൂറോപ്യന്‍ യൂണിയന്‍ മിനിസ്റ്റീരിയല്‍ ഫോറത്തിലും അദ്ദേഹം പങ്കെടുക്കും.

ഏഷ്യയിലെ അന്താരാഷ്ട്ര പ്രതിരോധ വാണിജ്യമേഖലയില്‍ ഇന്ത്യ നിര്‍ണ്ണായകമാണെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും പ്രസ്താവനകള്‍ നടത്തിയിരുന്നു. പസഫിക് മേഖലയിലെ റീയൂണിയന്‍ ദ്വീപ് കേന്ദ്രീകരിച്ചുള്ള ഫ്രാന്‍സിന്റെ നാവിക സേനയ്ക്ക് ഇന്ത്യയാണ് പ്രാദേശിക സഹായം നല്‍കുന്നത്. ഇന്ത്യക്ക് റഫാല്‍ യുദ്ധ വിമാനം നല്‍കിക്കൊണ്ടാണ് ഫ്രാന്‍സ് പ്രതിരോധ രംഗത്ത് ശക്തമായ പങ്കാളിത്തം ഉറപ്പിച്ചത്.

ക്വാഡ് സഖ്യത്തിന്റെ യോഗത്തിലും ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ വിദേശ പ്രതിരോധ നയത്തെ ഏറെ പ്രശംസിച്ചിരുന്നു. ഏറ്റവും വിശ്വസ്തരായ സുഹൃത്തെന്നാണ് ഓസ്ട്രേലിയ വിശേഷിപ്പിച്ചത്. അതിര്‍ത്തി വിഷയങ്ങളിലും സമുദ്ര സുരക്ഷയിലും ഏറെ നിര്‍ണ്ണായകമാണ് ഇന്ത്യയെന്ന് ക്വാഡ് രാഷ്ട്രങ്ങള്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.