മോസ്‌കോ: ഉക്രെയ്‌നില്‍നിന്നുള്ള ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റ് തകര്‍ന്നതായി റഷ്യയുടെ ആരോപണം. റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് 150 മീറ്റര്‍ അകലെ റോസ്തോവ് മേഖലയിലാണ് സംഭവം. റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി) ഉപയോഗിച്ചിരുന്ന സംവിധാനമാണു ഫെബ്രുവരി 21ന് രാവിലെ ആക്രമിക്കപ്പെട്ടത്. സൈനിക പോസ്റ്റ് പൂര്‍ണമായും തകര്‍ന്നതായും ആളപായമൊന്നുമുണ്ടായില്ലെന്നും റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിനെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു. എഫ്.എസ്.ബിയുടെ അതിര്‍ത്തി കാവല്‍ സേനയാണ് ഇവിടെയുള്ളത്.
എന്നാല്‍, സംഭവം നിഷേധിച്ച് ഉക്രെയ്ന്‍ അധികൃതര്‍ രംഗത്തെത്തി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് കോപ്പുകൂട്ടാനായി റഷ്യ വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുകയാണെന്ന് ഉക്രെയ്ന്‍ ആരോപിച്ചു. 'അവര്‍ വ്യത്യസ്ത പ്രകോപനങ്ങള്‍ നടത്തുകയും എല്ലാ ദിവസവും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുന്നത് തടയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പക്ഷേ, സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കില്ലെന്ന് ഉറപ്പുനല്‍കുകയാണ്'-ഉക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എഫ്.എസ്.ബി പുറത്തുവിട്ടിരുന്നു. ഒരു ഒറ്റമുറി കെട്ടിടവും ചിതറിക്കിടക്കുന്ന റഷ്യന്‍ പതാകയുടെ അവശിഷ്ടങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. ഉക്രെയ്‌ന് നേരെയുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കുന്നതിനെ ചൊല്ലി ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശത്ത് ഉക്രെയ്ന്‍ സൈന്യം ഇടയ്ക്കിടെ ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു. നിലവിലെ സംഭവവികാസങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അധിനിവേശ സാധ്യത നിലനില്‍ക്കുന്ന ഉക്രെയ്‌നില്‍നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാര്‍ തിരിച്ചുപോകണമെന്നാണ് ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.